ജാവ: ഇന്തോനേഷ്യയിലെ ജാവയിലുള്ള പതിനാലുകാരന്റെ ഹോബിയായിരുന്നു പാമ്പുകളെ ഓമനിച്ച് വളര്‍ത്തുന്നത്. ചെറുപ്പം മുതലേ അറില്‍ എന്ന പതിനാലുകാരന്‍ പാമ്പുകളെ വളര്‍ത്താറുണ്ട്. എന്നാല്‍ പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തുന്നവയാണ് പാമ്പെന്ന ചൊല്ല് അറിലിന്റെ ജീവിതത്തിലും സംഭവിച്ചു. ഈ അടുത്തിടയ്ക്കാണ് അറില്‍ ഒരു രാജവെമ്പാലയെ ഓമനിച്ചുവളര്‍ത്തിയത്. കഴിഞ്ഞ ദിവസം അറില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. രാജവെമ്പാലയ്‌ക്കൊപ്പം കളിക്കുന്നതായിരുന്നു അത്. ഇതിനൊരു അടിക്കുറിപ്പും നല്‍കി. ഈ രാജവെമ്പാല ചിരിക്കാത്തത് എന്തേ? എന്നായിരുന്നു വരികള്‍. എന്നാല്‍ പിന്നീട് നാല് മിനുട്ടിന് ശേഷം അറില്‍ മറ്റൊരു ഫോട്ടോ ഇട്ടു. മരണത്തിനും ജീവിതത്തിനുമിടയില്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു ആ ചിത്രം. അറിലിന്റെ കൈയില്‍ പാമ്പ് കടിച്ചതിന്റെ പാടുള്ള ചിത്രമായിരുന്നു അത്. ഈ സമയം അറിലിന്റെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. അറിലിന്റെ ചിത്രങ്ങളെല്ലാം കാണുന്ന സുഹൃത്തുക്കള്‍ ഇതെല്ലാം തമാശയാണെന്ന് കരുതി ചിരിച്ച് തള്ളി. എന്നാല്‍ അറില്‍ അവസാനം ഒരു ചിത്രമിട്ടു. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. ആരെങ്കിലും എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളാണെങ്കില്‍ എന്നെ രക്ഷിക്കൂ എന്ന്. ഇത് കണ്ട സുഹൃത്തുക്കള്‍ ഉടന്‍ തന്നെ അറിലിന്റെ വീട്ടിലെത്തി. എന്നാല്‍ ഇതിനോടകം തന്നെ അറില്‍ ക്ഷീണിതനായിരുന്നു. സുഹൃത്തുക്കള്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അറില്‍ മരണത്തിന് കീഴടങ്ങി.