10 രൂപയ്ക്ക് അരിയും പാലും, 15 രൂപയ്ക്ക് പഞ്ചസാര; മൂന്ന് രൂപയ്ക്ക് മുട്ട; ഫ്രീ വൈഫൈയും; എല്ലാവര്‍ക്കുംവീട്…  

 

 

കിഴക്കമ്പലം : ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇവിടെയാണെന്ന് പറയാം. കാരണം ഇവിടെ എല്ലാവര്‍ക്കും വീട്, 10 രൂപയ്ക്ക് അരിയും പാലും, 15 രൂപയ്ക്ക് പഞ്ചസാര, പിന്നെ ഫ്രീ വൈഫൈയും, മൂന്ന് രൂപയ്ക്ക് മുട്ടയും. പതിവ് രാഷ്ട്രീയ സങ്കല്‍പങ്ങളെ മാറ്റി എഴുതുകയാണ് കൊച്ചി കിഴക്കമ്പലത്തെ ട്വന്റി20 കൂട്ടായ്മ. പഞ്ചായത്തിലെ താമസക്കാര്‍ക്കാണ് ഇത്തരത്തിലൊരു സൗകര്യം. ട്വന്റി20 ഭരണസമിതിയുടെ പുതിയ പദ്ധതി കണ്ട് വണ്ടറടിക്കുകയാണ് അയല്‍നാട്ടുകാരും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും. പഞ്ചായത്തില്‍ സ്വന്തമായി വീടില്ലാത്ത എല്ലാവര്‍ക്കും വീടുവച്ചു കൊടുക്കുന്ന സ്വപ്ന പദ്ധതി. ചെറുതെങ്കിലും പ്ലാനിലും ഡിസൈനിലുമെല്ലാം മികച്ചു നില്‍ക്കുന്ന നല്ല ഒന്നാന്തരം വീടുകള്‍. സൗജന്യ ആരോഗ്യ പദ്ധതി, പഞ്ചായത്തില്‍ സൗജന്യ വൈ- ഫൈ, ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം തുടങ്ങിയ പദ്ധതികളും 36,000 പേരുള്ള കിഴക്കമ്പലം പഞ്ചായത്തിലെ മാത്രം പ്രത്യേകതകളാണ്. പഞ്ചായത്തിലെ ജവങ്ങളെ നാലു വിഭാഗമായി തിരിച്ച് കാര്‍ഡ് നല്‍കിയാണ് പഞ്ചായത്ത് ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നത്. ചുവപ്പു കാര്‍ഡുള്ളവര്‍ക്ക് എല്ലാം സൗജന്യമാണ്. അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും 10 രൂപയ്ക്ക് അര ലിറ്റര്‍ പാലും മൂന്നു രൂപയ്ക്കു മുട്ടയും 90 രൂപയ്ക്ക് ഒരു കിലോ വെളിച്ചെണ്ണയും 15 രൂപയ്ക്ക് പഞ്ചസാരയും വാങ്ങുന്ന കിഴക്കമ്പലം സ്വദേശികള്‍ക്ക് ട്വന്റി20 അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.  കഴിഞ്ഞ ആഴ്ച കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞെട്ടിയത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളാണ്.കിഴക്കമ്പലം പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് കേന്ദ്ര മന്ത്രി എത്തിയത്. വിലക്കുറവിന്റെ പഞ്ചായത്തിലുള്ളവര്‍ക്ക് വിപണി വിലയുടെ പകുതിക്ക് ഭക്ഷ്യസാധനങ്ങള്‍ നല്‍കുന്ന ചന്തയാണ് മന്ത്രി തുറന്നു കൊടുത്തത്. രണ്ടു വര്‍ഷം മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 69 ശതമാനം വോട്ടു നേടിയാണ് ടി20 കിഴക്കമ്പലത്തിന്റെ അധികാരം പിടിച്ചെടുത്തത്. ദിവസം 12 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചു പൂട്ടിയതും ജനങ്ങളുടെ സമാധാന ജീവിതം മാത്രം ലക്ഷ്യമിട്ടായിരുന്നു. അഞ്ചു കോടി രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള പഞ്ചായത്തിലേക്ക് പണം നല്‍കുന്നത് കിറ്റെക്‌സാണ്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതി പ്രകാരം പഞ്ചായത്തിനെ കിറ്റെക്‌സ് ഏറ്റെടുത്തിരിക്കുകയാണ്. 2020 ആകുമ്പോഴത്തേക്ക് രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്ത് ആവുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ് പറയുന്നു. പഞ്ചായത്തിലെ പേരുകേട്ട കുടിയന്‍മാരെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചേര്‍ത്തു നേര്‍വഴിക്കു നയിച്ചു. ഇതിനിടയില്‍ ട്വന്റി20 യെ എതിര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു. പക്ഷേ ജനങ്ങള്‍ തങ്ങളോടൊപ്പമുണ്ടെന്നാണ് ജേക്കബ് അവകാശപ്പെടുന്നത്.

Top