ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിവന്നിരുന്ന സമരത്തിന് പിന്തുണയറിയിച്ച കന്യാസ്ത്രീയ്ക്കെതിരെ സഭ നടപടികള്‍ സ്വീകരിച്ചത് അവകാശ ലംഘനമെന്ന് കെകെ രമ. തെറ്റ് ചെയ്ത ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് സഭ സ്വീകരിക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ, നീതിയ്ക്ക് വേണ്ടി പോരാടിയ സിസ്റ്റര്‍മാര്‍ക്കെതിരെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്ന സഭയ്‌ക്കെതിരെ ജനങ്ങള്‍ ഒരുമിച്ച് പ്രതിഷേധിക്കണമെന്നും കെകെ രമ പറയുന്നു.
ബിഷപ്പിനെതിരെ സമരം ചെയ്ത സിസ്റ്റര്‍മാരെ മാനസികമായി പീഡിപ്പിക്കുന്നത് അവരോടുള്ള ദേഷ്യം തീര്‍ക്കലാണെന്നും സഭ വേണ്ട നടപടി എടുത്താത്തതിനാലാണ് സിസ്റ്റര്‍മാര്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നതെന്നും രമ പറയുന്നു.
മാനന്തവാടി രൂപതാംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെയാണ് കാത്തോലിക്കാ സഭ നടപടികള്‍ കൈക്കൊണ്ടത്. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടന്നുവന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തെന്നും മാധ്യമങ്ങളിലൂടെ സഭയെ വിമര്‍ശിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
വേദപാഠം പഠിപ്പിക്കുക, വിശുദ്ധ കുര്‍ബാന നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിസിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം എടുക്കാതെയാണ് നടപടി. എറണാകുളത്തുനിന്ന് തിരിച്ചെത്തിയയുടന്‍ വിവരമറിയിക്കുകയായിരുന്നെന്നും എന്തു കാരണം കൊണ്ടാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.
താന്‍ പത്താം ക്ലാസ്സില്‍ വേദപാഠം പഠിപ്പിച്ചിരുന്നതാണെന്നും ലിറ്റര്‍ജി പഠിപ്പിക്കുന്നതും വിശുദ്ധകുര്‍ബാന നല്‍കുന്നതിലും നിന്ന് വിലക്കിയിട്ടുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു. തന്റെ നിലപാടുകളില്‍ ഇടവകാംഗങ്ങളില്‍ നിന്നടുക്കം പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് എന്തുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെന്ന് മനസിലാകുന്നില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. നടപടി വാക്കാല്‍ തന്നെ അറിയിക്കുകയായിരുന്നെന്നും രേഖാമൂലം ഇതേക്കുറിച്ച് വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.