
കൊച്ചി:ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം റാണി തന്നെയാണ് മന്ത്രി കെ കെ ശൈലജയെന്ന് കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ സ്‌റ്റാഫ് നേഴ്‌സുമായ കെ പി ഷീന പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്‌താവന കേട്ടപ്പോൾ വേദന തോന്നി. നിപാ കാലത്തും ഇപ്പോഴും ആ നേതൃപാടവം പകരുന്ന ഊർജം നേരിട്ടറിഞ്ഞതാണ്. ടീം വർക്ക് വിജയിക്കുന്നത് നയിക്കുന്നയാൾ എത്രത്തോളം മറ്റുള്ളവരോട് ചേർന്നുനിൽക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.
നിപാ കാലത്ത് ഏതു രീതിയിൽ പ്രതിരോധിക്കണം, മറ്റു ജീവനക്കാർക്ക് എങ്ങനെ പരിശീലനം നൽകണം എന്നതടക്കമുള്ള ഒരു മുന്നറിവും ഇല്ലായിരുന്നു. വലിയ മാനസിക സമ്മർദത്തിൽ ജോലിയെടുക്കുമ്പോൾ കെ കെ ശൈലജ എന്ന ടീം ലീഡർ തന്ന പ്രചോദനമാണ് ഞങ്ങളെ മുന്നോട്ടു നയിച്ചത്. ഏകോപനം മാത്രമല്ല, രോഗം അതിജീവിച്ചവരെ അംഗീകരിക്കാനും സമൂഹത്തോട് പറഞ്ഞു. ഭയമില്ലാതെ അവരെ നേരിൽ കാണാനുമെത്തി. കോവിഡ് കാലത്തും വിശ്രമമില്ലാതെ മുന്നിൽ നിന്ന് നയിക്കുകയാണ് അവർ.