പിണറായി സർക്കാരിൽ കൂടുതലും പുതുമുഖങ്ങൾ: മന്ത്രിസഭയിലും വൻ അഴിച്ചു പണിയ്ക്കു സാധ്യത; ഷൈജലടീച്ചറും പിണറായിയും മാത്രം തുടരും

തിരുവനന്തപുരം: എം.എൽ.എമാരുടെ കാര്യത്തിൽ കൊണ്ടു വന്ന കടുംപിടുത്തം മുറുക്കി രണ്ടാം പിണറായി സർക്കാർ. മന്ത്രിമാരിൽ കൂടുതലും പുതുമുഖങ്ങളെ രംഗത്ത് കൊണ്ടു വരാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. പിണറായി വിജയനും ഇതു തന്നെയാണ് ഇപ്പോൾ ആഗ്രഹിക്കുന്നതും മുന്നോട്ടു വയ്ക്കുന്നതും.

രണ്ടാം പിണറായി മന്ത്രിസഭയിൽ കൂടുതലും പുതുമുഖങ്ങളെന്ന സൂചനയാണ് പുറത്തു വരുന്നത്. ഇത്തവണ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ രണ്ട് ടേം വ്യവസ്ഥ നടപ്പാക്കിയ സിപിഎം മന്ത്രിസഭയിലും പരീക്ഷണത്തിനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെ.കെ.ശൈലജയും എ.സി മൊയ്തീനും ഒഴികെ ആരും കഴിഞ്ഞ മന്ത്രിസഭയിൽ നിന്നുണ്ടാകില്ലെന്നാണ് സൂചനകൾ.


മന്ത്രിസഭയിലേക്ക് പുതുനിര വരുമ്പോൾ കേന്ദ്രകമ്മിറ്റിയംഗവും സെക്രട്ടറിയറ്റ് അംഗവുമായ എം.വി ഗോവിന്ദൻ മാസ്റ്റർ, സെക്രട്ടറിയറ്റ് അംഗം പി.രാജീവ്, മുൻ സ്പീക്കറും മുൻമന്ത്രിയും കൂടിയായ കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ എന്നിവർ ഉറപ്പായും പിണറായി മന്ത്രിസഭയിലുണ്ടാകും.

സജി ചെറിയാൻ, പി.പി ചിത്തരഞ്ജൻ, വി.ശിവൻകുട്ടി വി.എൻ വാസവൻ, വീണ ജോർജ്ജ്, ആർ. ബിന്ദു, എം.ബി രാജേഷ്, കാനത്തിൽ ജമീല, എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വനിതകളിൽ ഇവരിൽ ഒരാളെയാകും പരിഗണിക്കുകയെന്നറിയുന്നു.

പൂർണമായും പുതുനിരയെ അണിനിരത്തിയ മന്ത്രിസഭക്കാണ് പിണറായി വിജയൻ ഒരുങ്ങുന്നതെന്നാണ് സൂചന. കെ.കെ.ശൈലജക്കും എ.സി മൊയ്തീനും മാത്രമായിരിക്കും ഇക്കാര്യത്തിൽ ഇളവ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നുണ്ട്. സെക്രട്ടറിയറ്റിന് ശേഷമായിരിക്കും തീരുമാനം.

ഇങ്ങനെ വരുമ്പോൾ കടകംപള്ളി സുരേന്ദ്രൻ, ടി.പി രാമകൃഷ്ണൻ, എം.എം.മണി എന്നിവർ മന്ത്രിസഭയിലുണ്ടാകില്ല. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന ഇ.പി ജയരാജൻ, തോമസ് ഐസക്ക്, ജി.സുധാകരൻ, രവീന്ദ്രനാഥ് എന്നിവർ ഇക്കുറി മത്സരിച്ചിരുന്നില്ല.

Top