കൊച്ചി: ബാര്‍ കോഴ കേസിനു പിന്നാലെ കോഴി കേസും മാണിയെ കുടുക്കാനെത്തി. കോഴി ഇടപാടിലും കെഎം മാണി കോഴ വാങ്ങിയെന്നാണ് പറയുന്നത്. കെ എം മാണിക്കെതിരേ ത്വരിതപരിശോധന നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു കോഴി കൊണ്ടുവന്നു വില്‍ക്കുന്നവര്‍ക്കും ആയുര്‍വേദ കമ്പനിക്കു സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനും നികുതി ഇളവു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നുള്ള പരാതിയിലാണു നടപടി. കെ എം മാണി ധനമന്ത്രിയായിരിക്കേ വിവിധ വിഭാഗങ്ങള്‍ക്കു ബജറ്റിനു മുന്നോടിയായി നികുതിയിളവു പ്രഖ്യാപിക്കുകയും ചിലര്‍ക്ക് അധിക നികുതി ചുമത്തുകയും ചെയ്തിരുന്നു. ഇതു കോഴയിടപാടിന്റെ ഫലമാണെന്നായിരുന്നു ആരോപണം.
ഇതെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ നടപടികള്‍. ഈ ആരോപണങ്ങള്‍ ഉന്നയിച്ച അഡ്വ. നോബിള്‍ മാത്യുവിന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇതരസംസ്ഥാനത്തുനിന്നു കേരളത്തിലേക്ക് ഇറച്ചിക്കോഴി കൊണ്ടുവരുന്ന തോംസണ്‍ ഗ്രൂപ്പ് എന്ന കമ്പനിക്ക് 64 ലക്ഷം രൂപയുടെ പിഴ ഒഴിവാക്കി നല്‍കിയതായും പരാതിയിലുണ്ട്. തൊടുപുഴയിലെ ആയുര്‍വേദ മരുന്നു കമ്പനിക്കാണു സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാന്‍ നികുതിയിളവു നല്‍കിയത്.