കോട്ടയം: വിവാദങ്ങളിലും അഴിമതി കേസിലും മങ്ങിക്കുളിച്ച് യുഡിഎഫ് വിട്ട കെഎം മാണിക്ക് ഇപ്പോഴും കേരള രാഷ്ട്രീയത്തില്‍ ഡിമാന്‍ഡ് തന്നെ. സിപിഎമ്മിനും ബിജെപിക്കും മാണിയെ വേണമെന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ഇടതിനൊപ്പം പോകരുതെന്ന് ബിജെപി ഉപദേശിക്കുമ്പോള്‍ ബിജെപിക്കൊപ്പം പോകരുതെന്ന് ഇടത് പറയുന്നു. എങ്ങോട്ടേക്കും ഇല്ലെന്ന നിലപാട് മാണി പറയുമ്പോള്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.
ഇടതുമുന്നണിയിലേക്കു പോയാല്‍ കെ.എം.മാണിക്ക് എടുക്കാത്ത ഓട്ടക്കാലണയുടെ വിലയേ ഉണ്ടാകൂ എന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറയുന്നു. അതിനിടെ യു.ഡി.എഫ് വിട്ട് സമദൂര നിലപാടുമായി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ വശത്താക്കാന്‍ ഇടതു പക്ഷത്തിന്റെയും എന്‍.ഡി.എയുടെയും ഇടനിലക്കാരിറങ്ങി. ഇടതുമുന്നണിയിലേക്കു പോയ ഫ്രാന്‍സിസ് ജോര്‍ജിനും ബാലകൃഷ്ണപിള്ളയ്ക്കും ഓട്ടക്കാലണയുടെ വിലപോലും ഇപ്പോഴില്ല. ഇതുപോലെതന്നെയാകും മാണിയുടെയും അവസ്ഥ. വോട്ടിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളാണു കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണു കോടിയേരി ഇപ്പോള്‍ മാണിയോടു മൃദുസമീപനം കാണിക്കുന്നതെന്നും ബിജെപി പറയുന്നു.
എന്നാല്‍ യുഡിഎഫ് വിട്ട കെ.എം.മാണിക്കു പ്രതീക്ഷ നല്‍കി സമാധാനിപ്പിച്ചു നിര്‍ത്താന്‍ സിപിഐ(എം) തീരുമാനം. അവരെ സ്വാഭാവിക മരണത്തിനു വിട്ടാല്‍ മതിയെന്ന സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രതികരണമാണു പാര്‍ട്ടി നയം ഇന്നലെത്തന്നെ വ്യക്തമാക്കുന്നതിനു പ്രേരണയായത്. ഇടതുപക്ഷത്തിനായി സ്‌കറിയാ തോമസാണ് മാണിയുമായി ചര്‍ച്ച നടത്തുന്നത്. ഇടതു മുന്നണിയോടൊപ്പമുള്ള കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്‌കറിയാ തോമസ് ഒരു വശത്തും എന്‍.ഡി.എയിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗം ചെയര്‍മാന്‍ പി.സി. തോമസ് മറുവശത്തുമായാണ് കരുനീക്കം തുടങ്ങിയത്. മാണി ഗ്രൂപ്പിന് ഇനി യു.ഡി.എഫിലേക്ക് ഒരു തിരിച്ചുപോക്ക് ആത്മഹത്യാപരമായിരിക്കും. അണികളെ വിശ്വസിപ്പിക്കാനാവില്ല. എന്‍.ഡി.എയിലേക്കു പോയാല്‍ പാര്‍ട്ടി പിളരും.
ഈ സാഹചര്യത്തില്‍ ഇടതുമുന്നണിയാണ് ശരണം. മുന്നണിയിലെ ഘടകകക്ഷിയെന്ന നിലയില്‍ ഇതിന് മുന്‍കൈയെടുക്കുമെന്നും പ്രാരംഭ ചര്‍ച്ച നടത്തിയതായും’ സ്‌കറിയാ തോമസ് പറഞ്ഞു. യു.ഡി.എഫ് വിടാനുള്ള തീരുമാനം ചരല്‍ക്കുന്ന് ക്യാമ്പില്‍ എടുക്കും മുമ്പേ മാണി ഗ്രൂപ്പിലെ ഒരുന്നത നേതാവ് താനുമായി ആശയവിനിമയം നടത്തിയിരുന്നതായി സ്‌കറിയാ തോമസ് വ്യക്തമാക്കി.
ബിജെപിക്ക് വേണ്ടി കരുക്കള്‍ നീക്കുന്നത് പിസി തോമസാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു തന്നെ എന്‍.ഡി.എ നേതാക്കളുമായി മാണി ഗ്രൂപ്പ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി അറിയാം. ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മാണി ഗ്രൂപ്പിനെ എന്‍.ഡി.എയിലെത്തിക്കാന്‍ ആവശ്യമെങ്കില്‍ തന്നാല്‍ കഴിയുന്നത് ചെയ്യു’മെന്ന് പി.സി. തോമസ് അറിയിച്ചു. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായി മാണി ഗ്രൂപ്പ് നേതാവ് ചര്‍ച്ച നടത്തിയത് ആരും നിഷേധിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരില്‍ അര്‍ഹമായ പ്രാതിനിദ്ധ്യം മാണി ഗ്രൂപ്പിനു കിട്ടുമെന്നതിനാല്‍ എന്‍.ഡി.എ പ്രവേശനം അടഞ്ഞ അദ്ധ്യായമായി കാണുന്നില്ല. കത്തോലിക്കാ ബിഷപ്പുമാര്‍ക്ക് ബിജെപിയോട് ഇപ്പോള്‍ അങ്ങനെ അയിത്തമൊന്നുമില്ല. മാണി ഗ്രൂപ്പിനോടും ബിഷപ്പുമാര്‍ക്ക് വലിയ പ്രതിപത്തിയില്ല. ഈ സാഹചര്യത്തില്‍ മാണി ഗ്രൂപ്പിന്റെ എന്‍.ഡി.എ പ്രവേശനത്തിന് ഏറെ സാദ്ധ്യതയാണ് കാണുന്നതെന്നും പി.സി. തോമസ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ കേരളാ കോണ്‍ഗ്രസി (എം) നും കെ.എം. മാണിക്കും പ്രതീക്ഷനല്‍കി സിപിഎമ്മിന്റെ പുതിയ സമീപനവും ചര്‍ച്ചയാവുകയാണ്.. യു.ഡി.എഫ്. വിട്ട മാണി ബിജെപി പാളയത്തിലേക്ക് നീങ്ങുന്നത് തടയുകയെന്നതാണ് ഈ മൃദുസമീപനത്തിന് പിന്നില്‍.കെ.എം. മാണിയുമായി പൊതുപ്രശ്നങ്ങളില്‍ സഹകരിക്കാമെന്ന സിപിഐ(എം). സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം ഈ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് സൂചന. എന്നാല്‍ മാണിയെ ഇടതുമുന്നണിയിലേക്ക് തുറന്ന് സ്വാഗതം ചെയ്യാന്‍ കോടിയേരി തയ്യാറായിട്ടില്ല. പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് കേരളാ കോണ്‍ഗ്രസ് (എം) കര്‍ഷകരുടെ പ്രശ്നമുയര്‍ത്തി സമരത്തിനിറങ്ങുമെന്നും അതുവഴി സഹകരണം വളര്‍ത്താമെന്നും സിപിഐ(എം). കണക്കുകൂട്ടുന്നുണ്ട്. ഇതിന് കെ.എം. മാണി തയ്യാറായില്ലെങ്കില്‍ കര്‍ഷകപ്രശ്നമുയര്‍ത്തി കേന്ദ്രവിരുദ്ധസമരവുമായി ഇടതുമുന്നണി തന്നെ രംഗത്ത് വരാനുമിടയുണ്ട്. ഇതിലേക്ക് കേരളാ കോണ്‍ഗ്രസിന്റെ അണികളെ ആകര്‍ഷിക്കാമെന്നും സിപിഐ(എം). കണക്കു കൂട്ടുന്നുണ്ട്.
എന്നാല്‍ മാണിയുമായുള്ള സഹകരണം ഇടത് നേതൃത്വത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ പ്രസക്തി അംഗീകരിച്ചുകൊണ്ടാണ് കോടിയേരി അവരുമായി സഹകരണ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. പക്ഷേ, ആ പാര്‍ട്ടിക്ക് ഇനി പ്രസക്തിയില്ലെന്ന നിലപാടാണ് സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ‘മാതൃഭൂമി’ യിലെഴുതിയ ലേഖനത്തിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്.ഇതുസംബന്ധിച്ച സിപിഐ. നിലപാടും പ്രധാനമാണ്. മാണിയുമായുള്ള സഹകരണത്തെ സിപിഐ. അംഗീകരിക്കില്ലെന്ന് വ്യക്തമാണ്. എന്നാല്‍ പൊതുവായ പ്രശ്നങ്ങളിലും കേന്ദ്രവിരുദ്ധ സമരങ്ങളിലും കെ.എം.മാണിയുടെ പാര്‍ട്ടിക്കു വേണമെങ്കില്‍ എല്‍ഡിഎഫിനോടു സഹകരിക്കാമെന്നു കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. സെപ്റ്റംബര്‍ രണ്ടിനു ട്രേഡ് യൂണിയനുകളുടെ കേന്ദ്രവിരുദ്ധ സമരത്തില്‍ അവര്‍ക്കു വേണമെങ്കില്‍ അണിചേരാം. എന്നാല്‍ മാണിയെ എല്‍ഡിഎഫിലെടുക്കുക എന്ന അജന്‍ഡ മുന്നില്‍ ഇല്ല. ഇപ്പോള്‍ ഞങ്ങള്‍ക്കു 91 എംഎല്‍എമാരുണ്ട്. മാണിയുടെ ആറുപേരെ ആശ്രയിക്കേണ്ട കാര്യമില്ല. അതുകൊണ്ടു മാണിയെ എല്‍ഡിഎഫിലെടുക്കാന്‍ ആലോചിക്കുന്നുവെന്ന് എഴുതേണ്ടതില്ല. അക്കാര്യം ആലോചിക്കുന്നതേയില്ലെന്നും പറയുന്നു.
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. കേസ് വിജിലന്‍സ് സ്വതന്ത്രമായി അന്വേഷിക്കും. യുഡിഎഫ് വിട്ടത് ആ അന്വേഷണത്തെ ബാധിക്കില്ല. മാണിയും പി.ജെ. ജോസഫും നേരത്തെ എല്‍ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരും വിട്ടുപോയവരുമാണ്. യുഡിഎഫില്‍ അവര്‍ക്കു കയ്പാണ് ഉണ്ടായിരിക്കുന്നത്. യുഡിഎഫിന്റെ ജീര്‍ണതയുടെ ഭാഗമായിരുന്നവരാണ് അവര്‍. ആ ജീര്‍ണതയില്‍ നിന്നു മോചനം നേടാന്‍ കൂടിയാണു പുറത്തുവന്നിരിക്കുന്നത്. ഇനി അവരുടെ നിലപാടുകളാണു പ്രധാനം. എന്‍ഡിഎയിലേക്കു പോകാനാണു പരിപാടിയെങ്കില്‍ മാണിയും മകനും മാത്രമേ കാണൂ-കോടിയേരി പറയുന്നു. യുഡിഎഫിന്റെ തകര്‍ച്ച മുതലെടുക്കാന്‍ ബിജെപി ശ്രമിക്കും. അതിന് അവസരം നല്‍കാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കും. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് ആലോചിച്ചിട്ടില്ല. ഉപജാപത്തിലൂടെ യുഡിഎഫിനെ താഴെയിറക്കി അധികാരത്തിലേറാനില്ലെന്നാണു കഴിഞ്ഞ സര്‍ക്കാരിന്റെ തുടക്കം മുതല്‍ സ്വീകരിച്ച സമീപനമെന്നു കോടിയേരി പറഞ്ഞു.