മുന്നണി വിടാന്‍ ഉദ്ദേശിക്കുന്നില്ല; ബാര്‍ കോഴയില്‍ ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ അറിയാമെന്ന് കെഎം മാണി

Mani

കോട്ടയം: ബാര്‍ കോഴയില്‍ ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ കൃത്യമായി അറിയാമെന്ന് കെഎം മാണി. അത് പുറത്ത് പറഞ്ഞാല്‍ മുന്നണി ബന്ധത്തെ ശിഥിലമാക്കുമെന്നും കെഎം മാണി പറഞ്ഞു. മുന്നണി വിടാന്‍ തല്‍ക്കാലം ഉദ്ദേശിച്ചിട്ടില്ലെന്നും കെഎം മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ഒരു സ്വേച്ഛാധിപത്യ പാര്‍ട്ടിയല്ലെന്നും ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും കെ എം മാണി പറഞ്ഞു. നേരത്തെ നടന്ന സ്റ്റിയറിങ് കമ്മിറ്റിയില്‍ കേരള കോണ്‍ഗ്രസ് മുന്നണി വിടണമെന്ന പൊതുവികാരം ഉയര്ന്നിരുന്നു. കോണ്‍ഗ്രസുകാര്‍ വഞ്ചകരാണെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തി. ബാര്‍കോഴ കേസില്‍ കെഎം മാണിയെ ഒറ്റപ്പെടുത്തിയതിനെതിരായ വികാരമാണ് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്. അതേസമയം, ബാര്‍കോഴകേസിലെ ഗൂഡാലോചന പുറത്ത് പറയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി യോഗത്തില്‍ അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗൂഡാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ അത് മുന്നണിക്ക് വിഷമമാകുമെന്ന് കെ എം മാണി പറഞ്ഞു. പാര്‍ട്ടിക്ക് സത്യാവസ്ഥ മനസിലാകുന്നതിന് വേണ്ടിയാണ് അന്വേഷണം നടത്തിയതെന്നും ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് യുഡിഎഫിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും മാണി ചൂണ്ടിക്കാട്ടി. ബാര്‍കോഴ കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നും കെ എം മാണി പറഞ്ഞു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനും എന്നും യുഡിഎഫില്‍ തളച്ചിടാനും കെട്ടിച്ചമച്ചതാണ് ബാര്‍കോഴ ആരോപണം എന്ന് നേരത്തെ കെ എം മാണി ആരോപിച്ചിരുന്നു.

ബാര്‍കോഴ കേസില്‍ മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഈ മാസം 12 ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പരാതിക്കാര്‍ പുതിയ തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണം ആകാമെന്നും എന്നാല്‍ ഇപ്പോള്‍ അത്തരം സാഹചര്യം ഇല്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി അടുത്ത മാസം 12 ലേക്ക് മാറ്റിയിരിക്കുകയാണ്.

Top