കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിൽ മമ്മൂട്ടിയേയും ,ജോൺ ബ്രിട്ടാസി നേയും, ഇന്നസെന്റിനേയും ചൂണ്ടി സി പി ഐ എമ്മിനെ കടന്നാക്രമിച്ച് കെ എം ഷാജഹാൻ. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജഹാൻ മമ്മൂട്ടി ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.17 കൊല്ലമായി സി പി എമ്മിന്റെ പ്രധാന സാമ്പത്തിക സ്രോ തസായ കൈരളി ചാനലിന്റെ ചെയർമാനാണ് മമ്മൂട്ടി എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. നടീ-നടൻമാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് സി പി എമ്മിന്റെ എം പിയാണ്. മമ്മൂട്ടിക്കും ഇന്നസെൻറിനും വേണ്ടപ്പെട്ടയാളാണ് പ്രമുഖ നടൻ. പിന്നെങ്ങിനെ അയാൾ ശിക്ഷിക്കപ്പെടുമെന്ന് ഷാജഹാൻ ചോദിക്കുന്നു. നടി അക്രമിക്കപ്പെട്ടതിൽ ഒരു ഗൂഢാലോചനയുമില്ലെന്ന് തുറന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടുന്നതെങ്ങിനെ എന്ന ചോദ്യത്തോടെയാണ് കെ എം ഷാജഹാൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മ ഹിജ തിരുവനന്തപുരത്ത് നടത്തിയ സമരത്തിനിടെ അറസ്റ്റിലായ ഷാജഹാൻ ജയിൽ വാസവും അനുഭവിച്ചിരുന്നു. മമ്മൂട്ടിയുടേയും, ഇന്നസെന്റിന്റേയും പേര് പറഞ്ഞ് ഇത് പോലൊരു ആരോപണം സംഭവത്തിന് ശേഷം ആദ്യമാണെന്നതും ശ്രദ്ധേയമാണ്.
ഷാജഹാന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് താഴെ….
നീണ്ട 17 വർഷങ്ങളായി, സി പി എമ്മിന്റെ ഏറ്റവും പ്രധാന സാമ്പത്തിക സ്രോതസ്സായ കൈരളി ചാനലിന്റെ ചെയർമാനാണ് സൂപ്പർ സ്റ്റാറായ മമ്മൂട്ടി .സിനിമാ നടി – നടന്മാരുടെ ഏറ്റവും വലിയ സ്വാധീനമുള്ള സംഘടനയായ ‘അമ്മ’യുടെ സുപ്രധാന ഭാരവാഹിയാണ് സി പി എം സ്വതന്ത്രനും എംപിയുമായ ഇന്നസൻറ്.
മറ്റൊരു പ്രധാന സിനിമാ നടൻ മുകേഷ് സി പി എം സ്വതന്ത്രനായ എം എൽ എയാണ്.
എല്ലാ വർഷവും പ്രമുഖ സിനിമാ നടീനടന്മാരെ ഉൾപ്പെടുത്തി ഗൾഫിലും കേരളത്തിലും വൻ മെഗാഷോകൾ നടത്തി കോടികൾ കൊയ്ത് കൊണ്ടിരിക്കുകയാണ് കൈരളി ചാനൽ.
മമ്മൂട്ടിക്കും, ഇന്നസന്റിനും ഏറ്റവും വേണ്ടപ്പെട്ട നടനാണ് ആരോപണ വിധേയൻ.
ഇതിലൊക്കെ ഉപരി, പ്രമുഖ നടി ആക്രമിക്കപ്പെട്ട അവസരത്തിൽ തന്നെ ഇതിന് പിന്നിൽ യാതൊരു ഗൂഢാലോചനയുമില്ല എന്ന് അസന്നിഗ്ദ്ധമായി പറഞ്ഞയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ.ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്നിരിക്കെ, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതിൽ വല്ല അർത്ഥവുമുണ്ടോ?