ഞാന്‍ കാണുമ്പോഴും ദിലീപ് തലകറക്കം വന്നു കിടയ്ക്കുകയായിരുന്നു; പ്രത്യേക പരിഗണനയെന്നത് പച്ചക്കള്ളം

കൊച്ചി :നടന്‍ ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനയെന്നത് ആരോപണമാണെന്നും ദീലീപ് ശാരീരികമായി തകര്‍ന്നിരിക്കയാെണന്നും നിര്‍മാതാവ് ജി സുരേഷ്‌കുമാര്‍. ജയിലില്‍ കഴിയുന്ന ദിലീപിനെ കഴിഞ്ഞ ദിവസമാണ് സുരേഷ്‌കുമാര്‍ സന്ദര്‍ശിച്ചത്. ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് സുരേഷ് പറഞ്ഞു.ദിലീപിന്റെ ശാരീരിക സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഒന്നര ആഴ്ച മുന്‍പാണ് നടന്‍ ദിലീപ് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും എണീക്കാനാവാതെ കിടന്നത്. തലചുറ്റലും ഇടക്കിടെയുള്ള ചര്‍ദ്ദിയുമായിരുന്നു ലക്ഷണം. വാര്‍ഡന്മാര്‍ പാരസെറ്റമോളും തലകറക്കത്തിന് ഗുളികയും നല്‍കിയെങ്കിലും അസുഖം ഭേദമായില്ല. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു ദിലീപ്. അന്ന് വൈകിട്ട് മിന്നല്‍ പരിശോധനയ്ക്ക് ആലുവ ജയിലില്‍ എത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖയാണ് ദിലീപിന്റെ അവസ്ഥ കണ്ട് ഡോക്ടറെ വിളിക്കാന്‍ സുപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയത്.

സുരേഷ് കുമാറിന്റെ വാക്കുകള്‍:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”ചേട്ടാ സത്യം എന്റെ കൂടെയാണ്. അത് എന്നായാലും ജയിക്കും. എനിക്കിപ്പോള്‍ മോശം സമയമാണ്. ചെയ്യാത്ത കുറ്റത്തിനാണ് അകത്ത് കിടക്കുന്നത്. സത്യം തെളിയിക്കപ്പെടും. എനിക്കൊരു മകളുള്ളതാണ്. ഒരിക്കലും ഇങ്ങനെയൊരു കാര്യം ഞാന്‍ ചെയ്യില്ല.” ഇങ്ങനെയാണ് ദിലീപ് എന്നോടു പറഞ്ഞത്. ഡി ജി പിയില്‍ നിന്ന് അനുമതി വാങ്ങിയാണ് ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. എനിക്ക് ഏറ്റവുമടുത്ത, അനിയനെ പോലെ കരുതുന്ന ഒരാള്‍ ജയിലില്‍ കിടക്കുമ്പോള്‍ പോയി കാണണ്ടേ. അതാണ് ഞാനും ചെയ്തത്. തീര്‍ത്തും വ്യക്തിപരമായ കൂടിക്കാഴ്ച.

ചെവിക്കുള്ളിലെ ഫ്‌ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിന്. അദ്ദേഹത്തിന് തുടര്‍ച്ചയായ തലകറക്കം അനുഭവപ്പെട്ടിരുന്നു. ഞാന്‍ കാണുമ്പോഴും ദിലീപ് തലകറക്കം വന്നു കിടയ്ക്കുകയായിരുന്നു. അതിനു ചികിത്സ നല്‍കിയതിനാണ് ഒരു ചാനല്‍ ദിലീപിന് സ്‌പെഷല്‍ ട്രീറ്റ്‌മെന്റ് നല്‍കിയെന്ന വാര്‍ത്ത നല്‍കിയത്. ഏതൊരു സാധാരണ തടവുകാരനേയും പോലെ നാലു പേര്‍ക്കൊപ്പമാണ് സെല്ലില്‍ കഴിയുന്നത്. അല്ലെങ്കില്‍ തന്നെ എങ്ങനെയാണ് ഇത്രയും ജനശ്രദ്ധ ആകര്‍ഷിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ആളിന് പ്രത്യേക പരിഗണന നല്‍കാനാകുന്നത്. ഞാന്‍ അദ്ദേഹത്തെ ചെന്നു കണ്ടു. കുറച്ചു നേരം സംസാരിച്ചു പോന്നു. മറ്റേതൊരാളേയും സന്ദര്‍ശിക്കുന്ന പോലെ വളരെ കുറച്ചു സമയം മാത്രമേ ഞങ്ങള്‍ക്കും കിട്ടിയുള്ളൂ.

ദിലീപിന്റെ കുടുംബത്തെക്കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയന്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു, കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും വെറും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല. അവരുടെയൊക്കെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായൊരു അമ്മയാണ്. മകള്‍ സിനിമയില്‍ അഭിനയിച്ചു താരമായി എന്നു കരുതി എന്തൊക്കെയാണ് അവര്‍ കേള്‍ക്കേണ്ടത്.

മീനാക്ഷി സ്‌കൂളില്‍ പോകുന്നുണ്ട്. ആ സ്‌കൂള്‍ അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണു നല്‍കുന്നത്. ആ കുട്ടിയ്ക്ക് എന്തെങ്കിലും തരത്തിലുളള ശല്യമുണ്ടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും തടയിടണം എന്നാണ് അവരുടെ നിര്‍ദ്ദേശം.

ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും കരച്ചിലാണവര്‍. എന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു കണ്ടപ്പോള്‍. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്.

ദിലീപിന്റെ അനിയന്‍ ദിലീപിനേക്കാള്‍ താത്വികനാണ്. ഭീഷണിപ്പെടുത്താന്‍ പോയിട്ട് അയാള്‍ക്ക് നന്നായി സംസാരിക്കാന്‍ തന്നെയറിയില്ല. എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ തന്നെ അന്നേരത്തെ അവസ്ഥയില്‍ പറഞ്ഞതാണ്. എല്ലാവരും നിര്‍ത്തട്ടെ എന്നിട്ടു ഞങ്ങള്‍ സത്യം പറയാം എന്നേ ഉദ്ദേശിച്ചു കാണുകയുളളൂ. എനിക്കിപ്പോഴും മനസിലാകുന്നില്ല ഒരു വ്യക്തിയെ ഇത്രമേല്‍ ആക്രമിച്ചിട്ട് ചാനലുകാര്‍ക്കും യുട്യൂബില്‍ വീഡിയോ ചെയ്യുന്നവര്‍ക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്ന്.

ചാനലുകള്‍ എന്തിനാണ് ദിലീപിനെതിരെ ഇത്രയ്ക്കു വലിയ കടന്നാക്രമണം നടത്തുന്നതെന്നു മനസിലാകുന്നില്ല. അവര്‍ സത്യത്തിന്റെ കൂടെയാണ് നില്‍ക്കേണ്ടത്. അത് അവര്‍ ചെയ്യുന്നില്ല. റേറ്റിങ് കൂട്ടാന്‍ വേണ്ടിയുള്ള മത്സരമാണ് നടക്കുന്നത്. ഒരു സ്ത്രീ ചാനലില്‍ വിളിച്ച് പറഞ്ഞില്ലേ ഞങ്ങള്‍ക്ക് ഇനി ദിലീപിന്റെ ന്യൂസ് വേണ്ടന്ന്. അത്രമേല്‍ ആയിരുന്നു ആക്രമണം. എന്തിനു വേണ്ടിയാണിത്. സിനിമാക്കാരെ മൊത്തം മോശക്കാരാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് എല്ലായിടത്തും നടന്നത്.

എല്ലാവരും സത്യത്തില്‍ ഭയന്നിരിക്കുകയാണ്. ഞാന്‍ അടക്കം ആരും ഒന്നും അധികം സംസാരിക്കാത്തത് ഒരു കൊടുങ്കാറ്റ് വന്നിട്ട് പോകട്ടെ എന്നു വിചാരിച്ചിട്ടാണ്. കൊടുങ്കാറ്റാണ് ഈ അടിച്ചത്. എല്ലാ ചാനലുകാരും രാവിലെ മുതല്‍ തുടങ്ങുകയായിരുന്നില്ലേ ദിലീപിനെ കുറിച്ച്. എത്രയോ പേര്‍ പനി വന്നു മരിച്ചു…വേറെന്തൊക്കെ കാര്യങ്ങളുണ്ടായി. വിന്‍സന്റ് എന്നൊരു എംഎല്‍എ സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായില്ലേ? രാഷ്ട്രീയക്കാരെല്ലാം അന്നേരം വായ മൂടിയിരുന്നത് എങ്ങനെയാണ്? എല്ലാ പാര്‍ട്ടിക്കാരും ഇക്കാര്യത്തില്‍ ഒരുപോലെയായിരുന്നല്ലോ ?എല്ലാവര്‍ക്കും അറിയേണ്ടത് ദിലീപ് എന്തൊക്കെ ചെയ്തുവെന്ന് മാത്രമായിരുന്നു…

Top