ദിലീപിന്റെ പ്രതികാര നടപടിയില്‍ ആദ്യ ഇര ഭാഗ്യലക്ഷ്മി; പ്രതകരിച്ചവര്‍ ഭയപ്പാടില്‍…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഒരാളായിരുന്നു ഭാഗ്യലക്ഷ്മി. എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ച്ച വരുത്താത്ത ഭാഗ്യലക്ഷ്മിയെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സിനിമകളില്‍ നിന്ന് വിലക്കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. സംഘടനയുടെ ഔദ്യോഗിക വാട്ട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് ഭാഗ്യലക്ഷ്മിയെ സിനിമയുമായി സഹകരിപ്പിക്കരുതെന്ന സന്ദേശം കൈമാറിയിരിക്കുന്നതെന്നാണ് വരുന്ന വാര്‍ത്തകള്‍.

ദിലീപിനെതിരേ സംസാരിച്ചവര്‍ക്കെതിരേ പ്രതികാര നടപടികള്‍ക്ക് നീക്കം നടക്കുന്നതായി സിനിമ മേഖലയില്‍ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ഗണേഷ്‌കുമാര്‍ നടന്‍ പൃഥ്വിരാജിനെതിരേ രംഗത്തുവന്നതെന്നാണ് സൂചന. മാത്രമല്ല, ദിലീപിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് സിനിമക്കാര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രവഹിക്കുകയാണ്. ഫെഫ്കയിലും ഭാഗ്യലക്ഷ്മിക്കെതിരെ പടയൊരുക്കം ആരംഭിച്ചതായാണ് സൂചന.

ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ദിലീപിന് പരസ്യ പിന്തുണ നല്‍കുമ്പോള്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഭാഗ്യലക്ഷ്മി ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താന്‍ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഫെഫ്കയുടെ ഔദ്യോഗിക തീരുമാനം എന്ന പേരില്‍ ബി. ഉണ്ണികൃഷ്ണന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചതിനെയും പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനെയും ഭാഗ്യലക്ഷ്മി പരസ്യമായി ചോദ്യം ചെയ്തതോടെ ഭാഗ്യലക്ഷ്മിയെ സിനിമയില്‍ നിന്ന് വിലക്കുവാനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തെ ഫെഫ്കയും മൗനമായി പിന്തുണക്കുവാനാണ് സാധ്യത. സിനിമാ സംഘടനകളുടെയെല്ലാം നിയന്ത്രണം തിരിച്ചുപിടിക്കുവാന്‍ ഉദ്ദേശിക്കുന്ന ദിലീപ് താരസംഘടനയായ അമ്മയിലേക്ക് ഉടന്‍ മടങ്ങി വരില്ലെന്നാണ് സൂചന. ദിലീപിന്റെ മടങ്ങിവരവിനെ യുവതാരങ്ങള്‍ എതിര്‍ക്കുന്നതാണ് ഇതിനുകാരണം. എന്തായാലും സിനിമരംഗം കൂടുതല്‍ കലുഷിതമാകുമെന്നു തന്നെയാണ് പുറത്തുവരുന്ന വിവരം.

Top