ആണും പെണ്ണും ഇടകലര്‍ന്നിരിക്കുന്നത് അച്ചടക്കരാഹിത്യം: സമൂഹമാധ്യമങ്ങളെയും പഴിചാരി മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി

കോഴിക്കോട്: ഫാറൂഖ് കോളജുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും പഴിചാരി മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഒരു ക്ലാസ് മുറിക്കകത്തെ മിനിമം അച്ചടക്കവുമായി മാത്രം ബന്ധപ്പെട്ട ഈ വിഷയം മാത്രമാണ് ഫാറൂഖ് കോളജിലേതെന്നാണ് അദ്ദേഹം പറയുന്നത്. നിജസ്ഥിതി ബോധ്യപ്പെടാതെയാണ് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഫാറൂഖ് കോളജ് വിഷയം ഇത്രയേറെ വിവാദമാക്കിയത്. കാടന്‍ സംസ്‌കാരം നിറഞ്ഞുനില്‍ക്കുന്ന ക്യാമ്പസാണ് ഫാറൂഖ് കോളജ് എന്ന തോന്നല്‍ സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ചന്ദ്രിക പത്രത്തിലെ ലേഖനത്തിലാണ് ഈ വിഷയത്തില്‍ കെ.എം ഷാജി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. dinu-farooq-collegeഅച്ചടക്ക നടപടിയുടെ പേരില്‍ കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ ഇതിനെ ചോദ്യം ചെയ്ത നടപടിയെയും കെ.എം ഷാജി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ക്ലാസ് മുറിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നത് കണ്ട അധ്യാപകന്‍ അവരോട് മാറിയിരിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇത് അനുസരിക്കാതെ ധിക്കാരപൂര്‍വ്വം ഇറങ്ങിപ്പോയതാണെന്നാണ് കെ.എം ഷാജി പറയുന്നത്. ഇത്തരം ഒരു സംഭവമുണ്ടായാല്‍ പ്രിന്‍സിപ്പലിനാണ് പരാതി നല്‍കേണ്ടതെന്നു പറയുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ ‘ഒരു പരാതി കൊടുത്തു എന്നു പറയാന്‍ വേണ്ടി മാത്രം ഒരു പരാതി ‘ എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. കൂടാതെ വിഷയം വിദ്യാര്‍ഥികള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിലുള്ള വിരോധനവും കെ.എം ഷാജി ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘ഇത്തരത്തില്‍ ഒരു സംഭവം ക്യാമ്പസില്‍ ഉണ്ടായാല്‍ ഇവര്‍ പരാതി നല്‍കേണ്ടതു പ്രിന്‍സിപ്പലിനാണ്. എന്നാല്‍ അത്തരത്തില്‍ ഒരു പരാതി കൊടുത്തു എന്നു പറയാന്‍ വേണ്ടി മാത്രം ഒരു പരാതി നല്‍കിയ സംഘം, പ്രസ്തുത ക്ലാസ് കഴിഞ്ഞു അധ്യാപകന്‍ പുറത്തുവരുന്ന സമയത്തിന് പോലും കാത്തു നില്‍ക്കാതെ വിഷയം മീഡിയകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ക്ലാസ് പരിസരത്തുനിന്ന് ഇവര്‍ പുറത്തു പോകുമ്പോഴേക്കും ഗേറ്റിനടുത്തു ഇതു റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ റെഡിയായി ഇരിപ്പുണ്ടായിരുന്നു’. മിനിറ്റുകള്‍ക്കകം മാധ്യമപ്പട കുതിച്ചെത്താന്‍ ഫാറൂഖ് കോളജ് കോഴിക്കോട് നഗര മധ്യത്തില്‍ ഒന്നുമല്ല.’ കെ.എം ഷാജി പറയുന്നു.

യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട യു.ജി.സി മാനദണ്ഡം ഉദ്ധരിച്ചുകൊണ്ട് ക്ലാസ് മുറികളില്‍ മാത്രമല്ല ഡൈനിങ് ഹാളില്‍ പോലും പ്രത്യേകം ഇരിപ്പിട സൗകര്യം വേണമെന്നാണ് യു.ജി.സി പറയുന്നതെന്ന തരത്തില്‍ കെ.എം ഷാജി ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നുണ്ട് ഈ ലേഖനത്തില്‍. കെ.എം ഷാജി ഉദ്ധരിച്ച ഭാഗം ‘a multi purpose complex / an auditorium and facilities for sports, canteen, health care, seperate common rooms and seperate hostels for boys and girls as per the local requirements as decided by the universtiy (calicut universtiy statute page 301) UGC regulation.’ ഇതാണ്. ഇതില്‍ മുറികളും, ഹോസ്റ്റലുകളും പ്രത്യേകം പ്രത്യേകം വേണുമെന്നുമാത്രമാണ് പറഞ്ഞിട്ടുണ്ട്. അതാണ് ഡൈനിങ് ഹാളില്‍ പോലും പ്രത്യേകം പ്രത്യേകം ഇരിപ്പിടം വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട് എന്ന തരത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ഫാറൂഖ് കോളജിലെ ‘അച്ചടക്ക’ സമീപനങ്ങളോട് എതിര്‍പ്പുളളവര്‍ ലിംഗവിവേചനത്തിന്റെ അതിരുകള്‍ പൊട്ടിച്ചെറിയുന്ന സ്ഥാപനങ്ങള്‍ സ്വന്തം ചിലവില്‍ തുടങ്ങുകയാണ് വേണ്ടതെന്നാണ് കെ.എം ഷാജി ലേഖനത്തിന്റെ അവസാന ഭാഗത്ത് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top