കെ.എം.ഷാജയെ അറസ്റ്റിലേക്ക് !വീട്ടിൽ നിന്ന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട 72 രേഖകളും വിദേശ കറൻസികളും കണ്ടെത്തി.

കൊച്ചി:മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന്റെ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. പരിശോധനയിൽ കണ്ടെത്തിയ വിദേശ കറൻസികൾ മക്കളുടെ ശേഖരമെന്ന് വിശദീകരണം. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോർട്ട് രേഖകളും വിജിലൻസ് ശേഖരിച്ചു. 400 ഗ്രാം സ്വർണം പിടിച്ചെടുത്തു.

പുലർച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. അനധികൃത പണം കണ്ടെത്തിയതോടെ ഷാജിയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. പണത്തിന് കൃത്യമായ സോഴ്‌സ് കാണിക്കാൻ സാധിച്ചില്ലെങ്കിൽ ഷാജിയെ അറസ്റ്റ് ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്ത വിദേശ കറന്‍സിയില്‍ വിശദീകരണവുമായി കെഎം ഷാജി എംഎല്‍എ. പിടിച്ചെടുത്ത വിദേശ കറന്‍സി തന്റെ കുട്ടികളുടെ ശേഖരമാണെന്നാണ് കെഎം ഷാജി പറഞ്ഞത്. ഇക്കാര്യം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സ് മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം, എത്ര രൂപ മൂല്യമുള്ള വിദേശ കറന്‍സിയാണ് പിടിച്ചതെന്ന് വിജിലന്‍സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

വിദേശ കറന്‍സിയ്‌ക്കൊപ്പം 39,000 രൂപയും 50 പവന്‍ സ്വര്‍ണവും 72 ഡോക്യുമെന്റ്‌സുകളും വിദേശ യാത്രയുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എംഎല്‍എയായ ശേഷം 28 തവണയാണ് ഷാജി വിദേശയാത്ര നടത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കണ്ടെത്തി.

ഇന്നലെയാണ് കെഎം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടന്നത്. രണ്ടു വീടുകളിലും ഒരേ സമയമായിരുന്നു പരിശോധന. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷാജിയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം. റെയ്ഡ് വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇന്ന് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ അരകോടി രൂപയാണ് പിടിച്ചെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. വീടിന്റെ മൂന്നാംനില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നാണ് കെഎം ഷാജി പ്രതികരിച്ചത്. വിജിലന്‍സിനെ ഉപയോഗിച്ച് പിണറായി വിജയന്‍ പകപോക്കുകയാണെന്നു ആരോപിച്ച എംഎല്‍എ രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം അനുവദിക്കണമെന്നും വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് കരുതിയാണ് വിജിലന്‍സുകാര്‍ പണം എടുത്തത്. ഇത് തനിക്ക് തിരിച്ച് നല്‍കേണ്ടി വരുമെന്നും ഉറപ്പാണ്. എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടിയപ്പോഴും റെയ്ഡ് നടത്തിയപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണം ഏജന്‍സിക്കു മുന്‍പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. വിജിലന്‍സ് തന്നെ പിന്തുടരുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ രേഖകള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് അന്വേഷിക്കുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങനെയെങ്കിലും കുടുക്കാനുള്ള ശ്രമമമാണ് നടത്തുന്നത്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും കെഎം ഷാജി പറഞ്ഞു.

കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. 2011 മുതല്‍ 2020 വരെയുള്ള വരുമാനത്തിലാണ് വരവില്‍ കൂടുതല്‍ വരവുള്ളത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍, 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ കാലത്തുണ്ടായെന്നാണ് കണ്ടെത്തല്‍. ഇത് വരവിനേക്കാള്‍ 116 ശതമാനം അധികമാണ്. പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസും നിലനില്‍ക്കുന്നുണ്ട്.

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കള്ളപ്പണം കണ്ടെത്തിയ സംഭവം അതീവ ഗുരുതരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പറഞ്ഞു. ഷാജിയുടെ വന്‍ കള്ളപ്പണ ഇടപാടുകളുടെ ഒരംശം മാത്രമാണിത്. ചുരുങ്ങിയ കാലം കൊണ്ട് കോടിക്കണക്കിന് രൂപയുടെ സ്വത്താണ് ഷാജി സമ്പാദിച്ചത്. നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുമ്പോള്‍ മുതല്‍ ഇതുവരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഷാജി തന്നെ നല്‍കിയ സ്വത്തുവിവരങ്ങള്‍ പരിശോധിച്ചാല്‍ അഴിമതിയുടെ ആഴം മനസിലാകുമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

ഈ വിഷയം ഡിവൈഎഫ്‌ഐ മുമ്പും ഉന്നയിച്ചിരുന്നു. ആ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് അരക്കോടിയുടെ കള്ളപ്പണം കണ്ടെത്തിയ സംഭവം. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒട്ടനവധി അനധികൃത ഇടപാടുകള്‍ ഷാജി നടത്തിയിട്ടുള്ളതായി ഇതിനകംതന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. തന്റെ സാമ്പത്തിക ഇടപാടുകള്‍ക്കും കള്ളപ്പണ സമ്പാദനത്തിനുമുള്ള മറയായാണ് അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തെ ഉപയോഗിക്കുന്നത്. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി അദ്ദേഹം മാറിക്കഴിഞ്ഞെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

ഷാജിയുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ചോ ബിനാമി ഇടപാടുകളെക്കുറിച്ചോ ഒരക്ഷരം പ്രതികരിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ഇതുവരെ തയാറായിട്ടില്ല. ഇത്തരം കള്ളപ്പണ ഇടപാടുകളെ തിരുത്താന്‍ സാധിക്കാന്‍ കഴിയാത്തവിധം മുസ്ലിംലീഗ് രാഷ്ട്രീയമായും ദുര്‍ബലമായിക്കഴിഞ്ഞു. ലീഗ് നേതൃത്വത്തിലെ പലര്‍ക്കും ഷാജിയെ ഭയമാണ്. തങ്ങളുടെ നിയമവിരുദ്ധ സമ്പാദ്യങ്ങളെക്കുറിച്ച് ഷാജി വിളിച്ചുപറയുമെന്ന ഭയമാണവര്‍ക്ക്. വീട്ടില്‍നിന്നുതന്നെ അരക്കോടി പിടിച്ചെടുത്ത സംഭവത്തിലെങ്കിലും മുസ്ലിലീഗ് പ്രതികരിക്കാന്‍ തയാറാകണം. ഈ സംഭവത്തില്‍ കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തി ശക്തമായ നിയനടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Top