തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് കാത്തു നില്‍ക്കില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രാഷ്ട്രീയ വിവാദമുയര്‍ത്തി ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ഘാടനത്തിന് വിളിക്കാത്തതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന വിമര്‍ശനം ഉന്നയിച്ചാണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. കേന്ദ്രത്തിനും പങ്കാളിത്തമുള്ള പദ്ധതി പ്രധാനമന്ത്രിയെ വിളിക്കുമെന്ന് നേരത്തെ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജും വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ഈ മാസം 30ന് പ്രധാനമന്ത്രിയെ കാത്തു നില്‍ക്കാതെ മെട്രോയുടെ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയതോടെയാണ് ഇതേ ചൊല്ലി വിവാദം ഉടലെടുത്തത്.
എന്നാല്‍, പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചതെന്നാണ് ബിജെപി ഉയര്‍ത്തുന്ന ആരോപണം. മേയ് 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കുമെന്നു നേരത്തെ അറിയിച്ചതാണ്. ഒന്നരമാസം മുന്‍പ് നിശ്ചയിച്ചതാണ് ഈ പര്യടനം. ജര്‍മനി, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനുശേഷം ജൂണ്‍ 7, 8 തീയതികളില്‍ നടക്കുന്ന ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ കസഖ്സ്ഥാനിലേക്കു പോകും. അതിനുശേഷം യുഎസ്, ഇസ്രയേല്‍ സന്ദര്‍ശനവും നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന്റെ തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല.
അതേസമയം, മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് കത്തയച്ചിരുന്നെങ്കിലും ഇതിന് ഇനിയും മറുപടി ലഭിച്ചിട്ടില്ലെന്നാണു വിവരം. അതിനിടെ, സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ഈ മാസം 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉയരുകയും ചെയ്തു.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മേയ് 30ന് നിശ്ചയിച്ചിരിക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി എത്തില്ലെന്നു വ്യക്തമാണ്. അതില്‍നാല്‍ത്തന്നെ, കേരളത്തിന്റെ അഭിമാന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്നു പ്രധാനമന്ത്രിയെ മനഃപൂര്‍വം ഒഴിവാക്കാനുള്ള ആസൂത്രിതമായ ശ്രമമാണു നടക്കുന്നതെന്ന തരത്തിലാണ് ബിജെപി നേതാക്കളുടെ പ്രതികരണം. അവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും ഈ സാഹചര്യത്തിലാണ്. പ്രധാനമന്ത്രിയുടെ സമയം ലഭിക്കാതെ ഉദ്ഘാടനം നിശ്ചയിച്ചതു ശരിയായില്ലെന്ന് ബിജെപി സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന് അഹങ്കാരവും അസഹിഷ്ണുതയുമാണെന്നും അവര്‍ ആരോപിക്കുന്നു.
പ്രധാനമന്ത്രി നടത്തുന്ന വിദേശപര്യടനത്തിന്റെ തീയതി ഏപ്രില്‍ 19 നുതന്നെ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടതാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. മേയ് 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി ഇന്ത്യയില്‍ ഇല്ലെന്നറിഞ്ഞുകൊണ്ടാണു സംസ്ഥാന സര്‍ക്കാര്‍ മെട്രോയുടെ ഉദ്ഘാടനം തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തികഞ്ഞ അല്‍പത്വമാണ് കേരള സര്‍ക്കാര്‍ കാണിക്കുന്നത്. പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തിയ നീക്കമാണിത്. ഇതുകൊണ്ടു കേരളത്തിനു ഗുണമൊന്നും ഉണ്ടാവില്ലെന്നു മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂ. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ആരും കളിക്കരുത്. ടീം ഇന്ത്യ എന്ന സ്പിരിറ്റിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് – സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തില്‍ അന്തിമ സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയായി കൊച്ചി മെട്രോ സര്‍വീസിനു സജ്ജമായി കഴിഞ്ഞു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ആദ്യഘട്ട സര്‍വീസിന് ഒന്‍പതു ട്രെയിനുകളാണ് എത്തിയിരിക്കുന്നത്. ഏഴു റേക്കുകളാണു പ്രതിദിന സര്‍വീസിനു വേണ്ടത്. രാജ്യത്ത്, ഏറ്റവും കുറഞ്ഞ സമയം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന മെട്രോ എന്ന പേരുകൂടി കൊച്ചി മെട്രോയ്ക്കു സ്വന്തമാകുകയാണ്.