ലോക്ഡൗൺ ലംഘിച്ച് ആദ്യകുർബാന :പള്ളിവികാരി പൊലീസ് പിടിയിൽ ;ചടങ്ങിൽ പങ്കെടുത്ത 25ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആദ്യകുർബാന നടത്തിയ പള്ളി വികാരി പൊലീസ് പിടിയിൽ. ആദ്യകുർബാനയ്ക്ക് നേതൃത്വം നൽകിയ ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് പാലമറ്റത്താണ് പൊലീസ് പിടിയിലായത്.

ഇന്ന് രാവിലെയാണ് ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് പള്ളിയിൽ ചടങ്ങ് നടത്തിയത്. കുട്ടികളും മാതാപിതാക്കളും പള്ളി വികാരി സഹവികാരി എന്നിവരെയടക്കം 25 പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഫാ. ജോർജ് പാലമറ്റത്തെ ജാമ്യത്തിൽ വിട്ടു. എപിഡെമിക് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചടങ്ങ് നടത്തുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് ലംഘിച്ചാണ് പള്ളിവികാരിയുടെ നേതൃത്വത്തിൽ ചടങ്ങ് നടത്തിയത്.പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.

Top