കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനെതിരെയുള്ള പോലീസിന്റെ ക്രൂരത വീണ്ടും. ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗക്കാരെ പോലീസ് തല്ലിചതച്ചു. പോലീസ് തല്ലിയ പാടുകളോടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.
കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപം അക്രമത്തിന് ഇരയായ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് ജയിലില്‍ അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട മറ്റുള്ളവര്‍ക്ക് നേരെ പൊലീസ് അക്രമണം നടത്തിയിരിക്കുന്നത്.
പെരുമ്പാവൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് അവകാശപ്പെട്ട് താമസിക്കുന്നവര്‍ക്കെതിരെ കൊച്ചിയിലെ ട്രാന്‍സ്ജന്‍ഡര്‍ കൂട്ടായ്മയില്‍ ഉള്ളവര്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പ്രതികാരമായാണ് കൊച്ചിയിലെ പ്രവര്‍ത്തകരെ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് ആക്രമിച്ചത്. അക്രമികള്‍ക്കെതിരെ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പതിനൊന്നോളം പേര്‍ക്കെതിരെ എസ്ഐ സ്വമേധയാ കേസെടുക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.
പൊതു സ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കിയതിന് ഇരുകൂട്ടര്‍ക്കും എതിരെ കേസെടുക്കുകയും പരാതി നല്‍കാന്‍ എത്തിയവരെ സെക്ഷന്‍ 394, 395 വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. പരാതി പറായാനെത്തിയവരുടെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ട്രാന്‍സ്ജെന്‍ഡറും ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.