കെട്ടിടം പണിയില്‍ നിന്നും ഐപിഎസ്സിലേയ്ക്ക്; ഏവര്‍ക്കും പ്രചോദനമാകുന്ന ഐതിഹാസിക ജീവിതത്തെ അറിയാം

കഠിനാദ്ധ്വാനികളുടെ ജീവിത വജയം മറ്റുള്ളവര്‍ക്കെന്നും ഒരു പാഠമാണ്. അത്തരത്തില്‍ പ്രചോദിപ്പിക്കുന്ന ഒരു വ്യക്തി ജീവിതമാണ് പി. വിജയന്‍ ഐപിഎസിന്റെത്. പഠിക്കുന്ന കാലത്തു തന്നെ വിജയന്‍ കെട്ടിടം പണിക്കു പോയിരുന്നു. കൂട്ടുകാര്‍ പത്താം ക്ലാസ് പരീക്ഷയെഴുതുമ്പോള്‍ വിജയന്‍ പത്തില്‍ പഠിപ്പു നിര്‍ത്തി കോഴിക്കോട്ടെ പുത്തൂര്‍മഠമെന്ന ഗ്രാമത്തില്‍ കല്ലുചെത്തി ചുമരു കെട്ടുകയായിരുന്നു. കുറേനാളുകള്‍ക്കു ശേഷം നാട്ടില്‍ എസ്എസ്എല്‍സിക്കു രാത്രികാല ക്ലാസ് തുടങ്ങിയെന്നറിഞ്ഞപ്പോള്‍ പരീക്ഷ ഒരിക്കല്‍ കൂടി എഴുതാന്‍ ഒരു മോഹം മനസിലുദിച്ചു. ജോലി കഴിഞ്ഞു രാത്രി എട്ടു മുതല്‍ പത്തു മണി വരെ ക്ലാസ്.

രണ്ടു മാസം മാത്രം ക്ലാസിലിരുന്ന വിജയന്‍ നന്നായി പഠിച്ചുതന്നെ പരീക്ഷയെഴുതി. ശരാശരി മാര്‍ക്കോടെ ജയം. പ്രീഡിഗ്രിക്കു ചേര്‍ന്നപ്പോഴും കോളജില്‍ പോയില്ല, കൂലിപ്പണി ചെയ്തു. രണ്ടു വിഷയത്തിനു ട്യൂഷനു പോയി. നല്ല മാര്‍ക്കോടെ വിജയിച്ചു. ബിഎ ഇക്കണോമിക്‌സ് പഠിക്കാന്‍ കോളജില്‍ ചേര്‍ന്നപ്പോള്‍ കെട്ടിടനിര്‍മാണം അവസാനിപ്പിക്കേണ്ടിവന്നു. പകരം, ബന്ധുവിനൊപ്പം സോപ്പ് നിര്‍മാണവും കിടക്ക നിര്‍മാണവും ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്കാലത്താണു പുസ്തവായന വിജയന്റെ ശീലമായത്. ആദ്യം ഒന്നും തലയില്‍ കയറിയില്ല. പക്ഷേ, വായന നിര്‍ത്തിയില്ല. പതിയെ വലിയൊരു ലോകം വിജയനു മുന്നില്‍ തുറന്നു. പരീക്ഷ കഴിഞ്ഞപ്പോഴേക്കും സോപ്പു കമ്പനി എട്ടുനിലയില്‍ പൊട്ടി, വിജയന്‍ നല്ലനിലയില്‍ പാസായി. തുടര്‍ന്ന് എംഎയും തുടര്‍ന്നു യുജിസി പരീക്ഷയും വിജയിച്ചു. കഷ്ടപ്പാടുകളില്‍ നിന്നു പഠിച്ച് ഐഎഎസ് ആയ ഡോ.വി.പി. ജോയിയുടെ ജീവിതകഥ വായിച്ചതാണു ജീവിതത്തില്‍ വഴിത്തിരിവായത്.

തുടര്‍ന്ന് സിവില്‍ സര്‍വീസിലേക്ക്. ആദ്യത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഐഎഎസും ഐപിഎസുമൊന്നും ലഭിച്ചില്ല. കേന്ദ്ര സര്‍വീസില്‍ ചെറിയൊരു ജോലി. നിരാശനാകാതെ വീണ്ടും പരീക്ഷയെഴുതി. അത്തവണ ആര്‍പിഎഫില്‍ കിട്ടി. അതിനിടയില്‍ കോളജ് അധ്യാപകനായും ഒരു കൈ നോക്കി. പക്ഷേ, അപ്പോഴേക്കും താന്‍ ഏതു പരീക്ഷയിലും വിജയിക്കുമെന്ന അഹങ്കാരം വിജയന്റെ തലയ്ക്കു പിടിച്ചിരുന്നു. ആ ലഹരിയുമായി അടുത്ത തവണ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയെങ്കിലും എല്ലാ അഹങ്കാരവും ശമിപ്പിക്കുന്നവിധം തീരെ താഴ്ന്ന മാര്‍ക്ക് ആയിരുന്നു നേട്ടം.

ഇതു വിജയനെ ഇരുത്തി ചിന്തിപ്പിച്ചു. ഒടുവില്‍ തിരിച്ചറിഞ്ഞു ‘എന്റെ പരാജയം കൊണ്ട് ഈ ലോകത്തിന് ഒന്നും സംഭവിക്കില്ല. അവസാനിക്കുന്നത് നമ്മള്‍ മാത്രമായിരിക്കും’. കൂടുതല്‍ കരുത്തോടെ സ്വപ്‌നം കണ്ട വിജയന്‍ അടുത്തതവണ പരീക്ഷയെഴുതി ഐപിഎസ് നേടി. പൊലീസുകാരെ പേടിയോടെ നോക്കിയിരുന്ന കുട്ടികളെ പൊല!ീസുകാരുടെ ചങ്ങാതിയാക്കിയ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചത് പി.വിജയന്‍ ആണ്.

താന്‍ വളര്‍ന്ന ചുറ്റുപാട് മറ്റുള്ളവരുടെ കണ്ണില്‍ ദാരിദ്ര്യമായിരുന്നെങ്കിലും തന്റെ കാഴ്ചപ്പാടില്‍ അതു മറ്റൊന്നായിരുന്നെന്നു പി.വിജയന്‍ പറയാറുണ്ട്. ‘എന്റെ അച്ഛന്റെ പോക്കറ്റിലെ പണം നോക്കിയാല്‍ ഞങ്ങള്‍ ദരിദ്രരാണ്. പക്ഷേ, ഭക്ഷണത്തിന്റെ കാര്യത്തിലും ജീവിതത്തിന്റെ കാര്യത്തിലും സമ്പന്നര്‍ തന്നെയായിരുന്നു. ഞങ്ങള്‍ക്കു കൃഷിയുണ്ടായിരുന്നു.

പശുവിനെയും വളര്‍ത്തിയിരുന്നു. ഞങ്ങള്‍ വളരെ ദരിദ്രരായതുകൊണ്ടു രാവിലെ പാലാണു കുടിച്ചിരുന്നതെന്നു മക്കളോടു പറയാറുണ്ട്. പാലിന് അന്നു വലിയ വിലയില്ല. തേയില വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടാണു പാല്‍ കുടിച്ചത്. കൃഷിയുള്ളതുകൊണ്ട് ചോറ് ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ല.

പക്ഷേ, ഹോട്ടലില്‍ പോയി പൊറോട്ടയും ചിക്കനും കഴിക്കാന്‍ പൈസയില്ലായിരുന്നു. ഇതിനെ ദാരിദ്ര്യം എന്നു വിളിക്കാനാവുമോ? നിങ്ങള്‍ ഏതു പശ്ചാത്തലത്തില്‍ ജനിച്ചു എന്നുള്ളതല്ല, അനുകൂലമല്ലാത്ത സാഹചര്യത്തെ അനുകൂലമാക്കി മാറ്റുന്നതിലാണു വിജയിക്കുന്നത്’ ഇതാണു വിജയന്റെ വിജയരഹസ്യം.

Top