13കാരിയെ പീഡിപ്പിച്ച പ്രതിയെ സൗദിയിലെത്തി കസ്റ്റഡിയിലെടുത്ത് മെറിന്‍ ജോസഫ് ഐപിഎസ്; ഇന്റര്‍പോളിന്റെ സഹായത്താലാണ് പ്രതിയെ പിടികൂടിയത്

റിയാദ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയെ സൗദിയിലെത്തി കേരളാ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതി സുനില്‍കുമാര്‍ ഭദ്രനെയാണ് റിയാദിലെത്തി മെറിന്‍ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും അര്‍ധരാത്രി 12 മണിയോടെ കേരളത്തിലെത്തിക്കുമെന്നും മെറിന്‍ ജോസഫ് പറഞ്ഞു.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പൊലീസ് ഓഫിസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. 2010ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ സൗദി സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടായത്. എന്നാല്‍ ഇങ്ങനെയൊരു സംഘം ആദ്യമായാണ് സൗദിയിലെത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാഷനല്‍ സെന്‍ട്രല്‍ ബ്യൂറോ ഇന്ത്യയുടെ ആവശ്യപ്രകാരം സൗദി ഇന്റര്‍പോള്‍ മൂന്നാഴ്ച മുമ്പേ സുനില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. സൗദിയിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇന്ന് സൗദി ഇന്റര്‍പോള്‍ പ്രതിയെ പൊലീസ് സംഘത്തിന് കൈമാറും. കൊല്ലം ഡിസ്ട്രിക്ട് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ എം. അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രകാശ് എന്നിവരാണ് സംഘത്തിലുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍.

ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ സുനില്‍ കുമാര്‍ 2017 ല്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. ഇളയച്ഛന്‍ വഴിയാണ് പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുന്നത്. അന്ന് 13 വയസുണ്ടായിരുന്ന കുട്ടിയെ ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് വിവരം സഹപാഠികള്‍ വഴി സ്‌കൂളിലെ അധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈനിന് വിവരം കൈമാറുകയും ചെയ്തു.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായി. ഇതോടെ കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവിടെ വച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കുകയാണ് ഉണ്ടായത്.

ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ തന്നെ പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയിരുന്നു. റിയാദില്‍ കഴിയുന്ന സുനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ സ്വാഭാവിക നടപടിക്രമങ്ങളിലൂടെ ഒന്നര വര്‍ഷമായി നടന്നുവന്ന ശ്രമങ്ങള്‍ വിജയം കാണാതായപ്പോഴാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ സൗദി ഇന്റര്‍പോള്‍ പ്രതിയെ പിടികൂടി വിവരം സി ബി ഐ ക്ക് കൈമാറി. പരമാവധി 45 ദിവസമാണ് സൗദി പോലീസിന് പ്രതിയെ കസ്റ്റഡിയില്‍ വെക്കാനാകുക. ഈ സമയം അവസാനിക്കും മുമ്പേ പൊലീസ് പ്രതിയുമായി കേരളത്തിലെത്തും.

Top