കൊച്ചി: മനുഷ്യൻ ഇത്രയും ക്രൂരനാകാമോ ?അതിനും ഉദാഹരണം മലയാളി തന്നെ . ജമ്മു കശ്മീരിലെ കത്തുവയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ ക്രൂരമായി അപമാനിച്ച മലയാളിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കൊടക് മഹീന്ദ്ര ബാങ്കില്‍ അസിസ്റ്റന്‍റ് മാനേജരായി ജോലി ചെയ്യുന്ന വിഷ്ണു നന്ദകുമാറാണ് കശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഇട്ടത്. സമൂഹമാധ്യമങ്ങളിൽ ബാങ്കിനു നേരേയും സൈബർ പ്രതിഷേധം നടന്ന സാഹചര്യത്തിലാണ് തീരുമാനം.
വിഷ്ണു നന്ദകുമാറിനെ ബാങ്കിൽ നിന്ന് പുറത്താക്കിയതായി ബാങ്ക് അധികൃതർ അറിയിച്ചത്. വിഷ്ണുവിന്റെ കമന്റിനെ അപലപിക്കുന്നതായും അധികൃതർ അറിയിച്ചു.
‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി…. അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്കെതിരെ തന്നെ ബോംബായി വന്നേനേ..’ എന്നായിരുന്നു ഇയാള്‍ കമന്റിട്ടത്. ഇതോടെ രൂക്ഷവിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്തെത്തി. ഫെയ്സ്ബുക്ക് ഗ്രൂപ്പിലായിരുന്നു ഇയാളുടെ മനഃസാക്ഷിയില്ലാത്ത കമന്റ്. സംഭവം കൈവിട്ടതോടെ ഇയാൾ ഫെയ്സ്ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്ത് മുങ്ങി.