കൊച്ചി: കേരളത്തിലെ കോൺഗ്രസിൽ അടികലശത്തിന് തുടക്കം .കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പരോക്ഷ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. പിന്നോക്കക്കാരനായതുകൊണ്ടും കണ്ണൂര്‍ മോഡല്‍ ആക്രമണോത്സുക ശൈലിയല്ലാത്തതും കൊണ്ടാണ് തനിക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ പോയതെന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭമുഖത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രമം നടത്തിയതുമുതല്‍ ജാതിപറഞ്ഞ് ക്രൂരമായ സൈബര്‍ ആക്രമമാണ് തനിക്കും തന്റെ കുടുംബത്തിനുമെതിരെ നടന്നത്. ഇതിന് പിന്നില്‍ പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു. വിദേശത്ത് ശക്തമായി സൈബര്‍ സംവിധാനങ്ങളുള്ള കെ സുധാകരന്റെ ആളുകളാണ് ഇതിന് പിന്നിലെന്നതും കൊടിക്കുന്നിലിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അദ്ധ്യക്ഷനായ കാലഘട്ടംമുതല്‍ തന്നെ കെ സുധാകരന്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ നടത്തിയിരുന്നതായും, സോഷ്യല്‍ മീഡിയക്ക് ഇത്രയ്ക്ക് കരുത്തുണ്ടെന്ന് താനറിഞ്ഞില്ലയെന്നും ഭീമമായ തുകകൊടുത്ത് പി ആര്‍ വര്‍ക്ക് ചെയ്യാനുള്ള സാമ്പത്തികം തന്റെ പക്കല്‍ ഇല്ലായെന്നും കൊടിക്കുന്നില്‍ സുരേഷ് തുറന്നടിച്ചു. താഴെത്തട്ടിലുള്ള സാധാരണ ജനങ്ങളുമായി ഇടപഴകി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണ് താന്‍ അല്ലാതെ കണ്ണൂര്‍ മോഡല്‍ അക്രമോത്സുക ശൈലിയല്ല തന്റെത്. ജനങ്ങളുടെ കൂടെ നില്‍ക്കുന്നതുകൊണ്ടാണ് ഏഴു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായമാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരന് അനുകൂല ഘടകമായി മാറിയത്. 74 കാരനായ കെ സുധാകരന് ഇനിയൊരു അവസരം ഉണ്ടാവില്ലെന്ന്് ഹൈക്കമാന്റ് വ്യത്തങ്ങള്‍ കണക്കുകൂട്ടി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കേരളത്തിലെ എ കെ ആന്റണിയേയും രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും കെ. സി. വേണുഗോപാലിനേയും പോലെയുള്ള നേതാക്കളുടെ സംഭാവനകളെപ്പോലും മറന്നുകൊണ്ടാണ് ചിലരുടെ ഫാന്‍സ് ക്ലബ്ബുകാര്‍ സോഷ്യല്‍ മീഡില്‍ പെരുമാറുന്നത്. തിരഞ്ഞെടുപ്പിലേറ്റ പരാജത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന നേത്യത്വം വരണമെന്ന് ഹൈക്കമാന്റ് കരുതിയിട്ടുണ്ടാവണം. അതിനര്‍ത്ഥം കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയം ഇല്ലാതായി എന്ന് പറയാനാകില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ജാതി പറഞ്ഞ് എന്റെ കുടുംബത്തെപ്പോലും അധിക്ഷേപിച്ചു എന്നും കൊടിക്കുന്നിൽ ആരോപിച്ചു . വിദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആക്രമണം ഉണ്ടായത് എന്നും പറഞ്ഞു .വിദേശ കോൺഗ്രസിനെ നിയന്ത്രിക്കുന്നതും കെ എസ് ബ്രിഗേഡ് നയിക്കുന്നതും സുധാകരന്റെ മരുമകൻ എന്നത് കൊടിക്കുന്നലിന്റെ ആരോപണം വരും ദിവസങ്ങളിൽ വലിയ വിവാദത്തിലേക്ക് എത്തും എന്നുറപ്പ് .കെ എസ് ബ്രിഗേഡിനെ നയിക്കുന്നതും പിന്നിൽ പ്രവർത്തിക്കുന്നതും പി ആർ വർക്ക് നടത്തുന്നതും കെ സുധാകരന്റെ മരുമകൻ ആയിരുന്നു .മുരളീധരന് എതിരെ കടുത്ത നീക്കം മനടത്തിയതും ഇതേ കെ എസ് ബ്രിഗേഡിലൂടെ ആയിരുന്നു .അത് മുൻപ് വലിയ വിവാദവും വാർത്തകളും ആയിരുന്നു .