കൊച്ചി: ഗുണ്ടാ ആക്രമണക്കേസില്‍ ആരോപണവിധേയനായ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയുംപറ്റി തെറ്റിദ്ധാരണകള്‍ പരത്താന്‍ പ്രചാരണങ്ങള്‍ നടക്കുന്നതായും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കി പോലീസ് കേസെടുത്തിരിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും കോടിയേരി ആരോപിക്കുന്നു. വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സക്കീര്‍ ഹുസൈന് എതിരായ ആരോപണം സംബന്ധിച്ച് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറയുന്നത്.
സക്കീര്‍ ഹുസൈനെതിരെ 14 ക്രിമിനല്‍ കേസുകളുണ്ടെന്നും ഇയാള്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പ്രചാരണം നടത്തുന്നത് സിപിഎമ്മിനെ വികൃതമാക്കുന്നതിനുവേണ്ടിയാണെന്ന് കോടിയേരി ലേഖനത്തില്‍ പറയുന്നു. സക്കീര്‍ ഹുസൈന്‍ ഗുണ്ടയാണെന്ന് ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇതിനു വിരുദ്ധമായ നിലപാടുമായി സംസ്ഥാന സെക്രട്ടറി ദേശാഭിമാനിയില്‍ ലേഖനം എഴുതിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതി ലഭിച്ചപ്പോള്‍ ആരോപണവിധേയര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. അതുപ്രകാരം പോലീസ് നടപടി സ്വീകരിച്ച് എറണാകുളത്ത് ഒരു തട്ടിപ്പുസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഈ ക്രിമിനല്‍ കുറ്റക്കാര്‍ ആരും പാര്‍ട്ടി അംഗങ്ങളല്ല. അതില്‍ സിദ്ദിഖ് എന്നയാള്‍ പാര്‍ട്ടി നേതാവാണെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചെങ്കിലും അത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല- കോടിയേരി പറഞ്ഞു.