കോടിയേരി ബാലകൃഷ്ണണനും ,ഇ.പി.ജയരാജനും എതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ്

ന്യുഡല്‍ഹി : സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് .സെപ്റ്റംബര്‍ 3 ന് ദേശാഭിമാനിയില്‍  ‘ഒറ്റപ്പെടുത്താം വെറുപ്പിന്റെ രാഷ്ട്രീയത്തെ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പിന്‍വലിച്ച് മാപ്പ് ‘ആപേഷിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് നോട്ടീസില്‍ പറയുന്നത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജോജോ ജോസാണ് നോട്ടീസ് അയച്ചിരിക്കുന്നത്.കോടിയേരി ബാലകൃഷ്ണനു പുറമെ ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്റര്‍ വി.വി.ദക്ഷിണമൂര്‍ത്തി ,പ്രിന്റര്‍ & പബ്ളിസ്ഷിങ് ചാര്‍ജുള്ള സി.പി.ഐ.എം നേതാവ് ഇ.പി.ജയരാജന്‍ എന്നിവരും രണ്ടും ,മൂന്നും കഷികളായിട്ടാണ് നോട്ടീസ് .IMG-20151028-WA0001
ഈ ലേഖനത്തില്‍ ബ്രിജ് ഭുഷന്‍ എം .പി.ക്ക് മാനനഷ്ടം ഉണ്ടാകുന്ന പരാമര്‍ശം ഉള്ളതിനാല്‍ അതു പിന്‍വലിച്ചു മാപ്പ് പറയണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

‘ ഭീകരവാദത്തെ സംബന്ധിച്ചാണ് സംഘപരിവാര്‍ നടത്തുന്ന മറ്റൊരു പ്രചാരണം. ഇതിന്റെ യാഥാര്‍ഥ്യവും മനസ്സിലാക്കേണ്ടതുണ്ട്. ന്യൂനപക്ഷ ജനവിഭാഗങ്ങളെ വേട്ടയാടുന്ന സംഘപരിവാര്‍ നേതാക്കള്‍ അഡ്നാന്‍ ഖഷോഗിയെപ്പോലുള്ള ആയുധകടത്തുകാരും ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള അധോലോക മാഫിയാശക്തികളുമായി നല്ല ബന്ധം പൊതുവില്‍ പുലര്‍ത്തുന്നവരാണ്. മുംബൈ സ്ഫോടനശേഷം ദാവൂദ് സംഘത്തിന് അഭയം നല്‍കിയത് ബ്രിജ്ഭൂഷന്‍ ശരണ്‍ദാസ് എന്ന യുപിയില്‍നിന്നുള്ള ബിജെപി എംപിയാണ് എന്ന കാര്യവും ഓര്‍ക്കണം.നമ്മുടെ നാടിന്റെ സംസ്കാരം രൂപപ്പെട്ട് വന്നത് വിവിധ സംസ്കാരങ്ങളെ ഉള്‍ക്കൊണ്ടാണ് .’ഈ പരാമര്‍ശം ആണ് മാനനഷ്ടക്കേസിന് ആധാരം .

കോടിയേരിയുടെ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

IMG-20151028-WA0002കേരളത്തില്‍ ഇന്നേവരെ ഒരു നിയമസഭാ സീറ്റിലോ പാര്‍ലമെന്റ് സീറ്റിലോ ബിജെപി വിജയിച്ചിട്ടില്ല. എന്നാല്‍, ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ യുഡിഎഫും ബിജെപിയും കൂട്ടുചേര്‍ന്ന വടകര-ബേപ്പൂര്‍ മോഡല്‍ സഖ്യം നമുക്ക് മറക്കാനാവുന്നതല്ല. ഇടതുപക്ഷം നടത്തിയ ശക്തമായ രാഷ്ട്രീയ ഇടപെടലാണ് ബിജെപിയുടെ മോഹം തകര്‍ത്തത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ അജന്‍ഡയ്ക്ക് എല്ലാ സഹായവും നല്‍കുന്ന സമീപനമാണ് യുഡിഎഫില്‍നിന്ന് ഉണ്ടായിട്ടുള്ളത്. കേരളം ആര്‍ജിച്ച മതനിരപേക്ഷതയുടെ സംസ്കാരത്തെ തകര്‍ക്കുംവിധമുള്ള പ്രചാരവേലകള്‍ ഇവര്‍ ശക്തിപ്പെടുത്തുകയാണ്. കഴിഞ്ഞ മാസം ബിജെപി സംസ്ഥാന ഭാരവാഹി യോഗം അംഗീകരിച്ച് പ്രസിദ്ധീകരിച്ച പ്രമേയം ഇതിന്റെ സാക്ഷ്യപത്രമാണ്. എസ്എന്‍ഡിപി നേതൃത്വത്തെ വശത്താക്കി അവരുമായി ചേര്‍ന്ന് മത്സരിക്കാനുള്ള ഒരു പരീക്ഷണംകൂടി നടത്താനാണ് ഇപ്പോള്‍ ശ്രമം.

ന്യൂനപക്ഷ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉന്നയിച്ച് വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് നേട്ടം കൊയ്യാനാകുമോ എന്ന ശ്രമമാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ അവര്‍ നടത്തുന്ന പ്രചാരവേലയെ സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്. ഏതൊരു സമൂഹത്തിലും ഭൂരിപക്ഷംവരുന്ന ജനവിഭാഗത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് സ്വാഭാവികമായും ഒരു മേല്‍ക്കൈ ഉണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സവിശേഷതകളെ പ്രത്യേക പ്രാധാന്യത്തോടെ കണ്ട് ഇടപെടേണ്ടതുണ്ട്. അതിലൂടെ സമൂഹത്തിന്റെ ഭാഗമാണ് തങ്ങളും എന്ന തിരിച്ചറിവ് ഇത്തരം വിഭാഗങ്ങളില്‍ ശക്തിപ്പെടും. അത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രധാനമാണുതാനും. IMG-20151028-WA0003

അതത് സമൂഹത്തിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നത് പരിഷ്കൃതസമൂഹത്തിന്റെ കാഴ്ചപ്പാടാണ്. ഇതിന്റെ ഭാഗമായാണ് ഏത് സമൂഹത്തിലെയും ന്യൂനപക്ഷസംരക്ഷണം എന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന അജന്‍ഡയാകുന്നത്. വര്‍ഗീയകക്ഷികളാകട്ടെ, ഓരോ രാജ്യത്തെയും ന്യൂനപക്ഷത്തെ എന്നതല്ല മറിച്ച്, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നെന്ന് അവകാശപ്പെടുന്ന വിഭാഗങ്ങളെ ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വര്‍ഗീയമായി കണ്ട് പിന്തുണയ്ക്കുന്ന അജന്‍ഡ സ്വീകരിക്കുന്നു. നമ്മുടെ രാജ്യത്ത് മതപരമായ ന്യൂനപക്ഷങ്ങള്‍ മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവരാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്കളാണ് ന്യൂനപക്ഷം. ഇന്ത്യയിലെ ഭൂരിപക്ഷത്തിന് കീഴ്പെട്ട് ന്യൂനപക്ഷങ്ങള്‍ ജീവിക്കണമെന്നു പറയുന്ന ബിജെപി ബംഗ്ലാദേശിലെ ഹിന്ദുമത വിശ്വാസികള്‍ എങ്ങനെ ജീവിക്കണമെന്നുകൂടി വ്യക്തമാക്കണം.

ഇന്ത്യയില്‍ ബാബറി മസ്ജിദ് പൊളിക്കാനും ഗുജറാത്തില്‍ വംശഹത്യ നടത്താനും നേതൃത്വം നല്‍കിയ നരേന്ദ്ര മോഡി യുഎഇയില്‍ പോയി ഹിന്ദുക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ക്ഷേത്രത്തിന് സ്ഥലം അനുവദിക്കാമെന്ന് പ്രഖ്യാപിച്ച മുസ്ലിം രാജ്യത്തിലെ ഭരണാധികാരി മതേതര രാജ്യത്തെ പ്രധാനമന്ത്രിയെ മതേതരത്വം എന്തെന്ന് പഠിപ്പിച്ചതും നാം കണ്ടു.IMG-20151028-WA0004

പോപ്പുലര്‍ ഫ്രണ്ടും ജമാ-അത്തെ ഇസ്ലാമിയും ഒക്കെ ആര്‍എസ്എസിനെപ്പോലെതന്നെ മതരാഷ്ട്ര സങ്കല്‍പ്പമാണ് മുന്നോട്ടുവയ്ക്കുന്നത്. ന്യൂനപക്ഷ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായാണ് നിലകൊള്ളുന്നതെന്നു പറഞ്ഞ് അവരുടെ അജന്‍ഡകളെ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യസീദികളെപ്പോലുള്ള വിവിധ ന്യൂനപക്ഷവിഭാഗങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ അത് തുറന്നുകാട്ടി രംഗത്തുവരാത്തത് ഇത്തരം കാഴ്ചപ്പാടുകളുടെ ഫലമാണ്.

സിപിഐ എമ്മിന്റെ നിലപാട് വളരെ വ്യക്തമാണ്. ഏത് രാജ്യത്തെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒക്കെ ഉള്‍പ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ അത്തരം വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. മതനിരപേക്ഷതയുടെ അടിത്തറയാണ് ന്യൂനപക്ഷ പരിരക്ഷ. ഇക്കാര്യത്തില്‍ സിപിഐ എം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എന്നാല്‍, ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും വര്‍ഗീയതയ്ക്കെതിരെ പാര്‍ടി വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്യും.

കച്ചവടരംഗത്തും ന്യൂനപക്ഷങ്ങള്‍ വളരുന്നു എന്നാണ് സംഘപരിവാറിന്റെ പ്രചാരണം. കേരളത്തിന്റെ ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. കേരളചരിത്രത്തെക്കുറിച്ചുള്ള പഠനത്തില്‍ ഇ എം എസ് സൂചിപ്പിച്ചതുപോലെ കേരളത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം, ജൂത വിഭാഗങ്ങളാണ് പൊതുവില്‍ കച്ചവടത്തിലും വ്യവസായത്തിലും ആദ്യഘട്ടങ്ങളില്‍ ഇടപെട്ടത്.

ന്യൂനപക്ഷവിഭാഗങ്ങളില്‍ ഒരു ചെറുവിഭാഗം സമ്പന്നരായി മാറിയിട്ടുണ്ട്. എന്നാല്‍, ബഹുഭൂരിപക്ഷവും പാവപ്പെട്ടവരാണ്. കേരളത്തിലെ കടലോരമേഖല പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുസ്ലിം ഭൂരിപക്ഷജില്ലയായ മലപ്പുറമാണ് കേരളത്തില്‍ ആളോഹരിവരുമാനത്തില്‍ 14-ാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന ചെറുസമ്പന്നവിഭാഗത്തെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷമാകെ സമ്പന്നരാണെന്ന് പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ഗൂഢതന്ത്രങ്ങളാണ് ഇത്തരം പ്രചാരവേലയ്ക്കു പിന്നില്‍. ഭൂസ്വത്തുക്കള്‍ പരമ്പരാഗതമായി കൈവശംവച്ചവരില്‍നിന്ന് മറ്റ് വിഭാഗങ്ങളിലേക്ക് കൈമാറ്റംചെയ്യപ്പെടുന്നു എന്ന ചര്‍ച്ചയും ഉയര്‍ത്തുന്നുണ്ട്. ഇതില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു എന്നാണ് സംഘപരിവാറിന്റെ പരിദേവനം.

കേരളത്തിന്റെ ഭൂസ്വത്തുക്കളില്‍ ബഹുഭൂരിപക്ഷവും ഒരു കാലത്ത് ചില വിഭാഗങ്ങളുടെ കൈവശമായിരുന്നു. 1957ലെ ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണം, ചരിത്രപരമായ കാരണങ്ങളാല്‍ ഭൂമി ഇല്ലാത്തവര്‍ക്ക് അത് ലഭിക്കുന്നതിന് നടത്തിയ ഇടപെടലായിരുന്നു. 1967ലെ സര്‍ക്കാരും ഇതിന്റെ തുടര്‍ച്ചയാണ് നടത്തിയത്. ഭൂകേന്ദ്രീകരണം അവസാനിപ്പിച്ച്, അതില്ലാത്ത വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് സാമൂഹ്യവികാസത്തിന്റെ ഭാഗമായാണ് കാണേണ്ടത്. ചാതുര്‍വര്‍ണ്യവ്യവസ്ഥ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള സാമൂഹ്യവളര്‍ച്ചയെ ഉള്‍ക്കൊള്ളാനാകില്ല. ഇപ്പോള്‍ നടക്കുന്ന സംഘപരിവാര്‍ പ്രചരണത്തിനു പിന്നിലുള്ള ഈ ചാതുര്‍വര്‍ണ്യരാഷ്ട്രീയം തിരിച്ചറിയപ്പെടണം.ജനസംഖ്യയുമായി ബന്ധപ്പെട്ട കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് ഹിന്ദു ജനവിഭാഗങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കേരളത്തില്‍ 54.49 ശതമാനമാണ്. മുസ്ലിങ്ങള്‍ 26.56 ശതമാനവും ക്രിസ്ത്യാനികള്‍ 18.38 ശതമാനവും. മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്നവരാകട്ടെ 0.57 ശതമാനവും. ഇന്ത്യയൊട്ടാകെ പരിശോധിച്ചാല്‍ ഹിന്ദുമത വിശ്വാസികളുടെ എണ്ണം 80 ശതമാനത്തോളം വരും.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുസ്ലിം-ക്രിസ്ത്യന്‍ ജനസംഖ്യ താരതമ്യേന നേരത്തെതന്നെ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിംപള്ളിയും ക്രിസ്ത്യന്‍പള്ളിയും കേരളത്തിലാണെന്നോര്‍ക്കണം. മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ എണ്ണത്തിന്റെ കണക്ക് തെറ്റായി പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍. വിദ്യാസമ്പന്നരായ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ജനസംഖ്യ വളര്‍ച്ചാനിരക്ക് പൊതുവില്‍ കുറവായിരിക്കും. നിരക്ഷരരിലും ദരിദ്രരിലുമാണ് ഇത് പൊതുവില്‍ വര്‍ധിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. ജനങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ തെറ്റായ കണക്ക് പ്രചരിപ്പിക്കുന്നവര്‍, രാജ്യത്തെ 77 ശതമാനംവരുന്ന ജനതയ്ക്ക് 20 രൂപ മാത്രമാണ് പ്രതിദിനം വരുമാനം എന്ന കാര്യം പ്രചരിപ്പിക്കാന്‍ തയ്യാറാകുന്നില്ല. കേരളത്തിലെ താഴെത്തട്ടിലെ 30 ശതമാനം ജനതയുടെ വരുമാനം താരതമ്യേന കുറഞ്ഞുവരുന്ന പ്രശ്നവും ഇവരെ അലട്ടുന്നില്ല. പാപ്പരാകുന്ന ജനങ്ങളില്‍ എല്ലാ മതവിഭാഗത്തില്‍പെട്ടവരുമുണ്ട്. പാവപ്പെട്ട ഹിന്ദുമതവിശ്വാസികളായ ജനതയുടെ പ്രശ്നം സംഘപരിവാര്‍ അജന്‍ഡയില്‍ ഇല്ലല്ലോ. വിശക്കുന്നവന് വേദാന്തമല്ല ഭക്ഷണമാണ് വേണ്ടതെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഇവിടെ പ്രസക്തം.അമ്പലങ്ങളുടെ വരുമാനം സര്‍ക്കാരിനും മുസ്ലിംപള്ളികളുടെ വരുമാനം പള്ളി കമ്മിറ്റികള്‍ക്കുമാണ് എന്ന പ്രചാരവേലയും നടക്കുന്നു. ക്ഷേത്രങ്ങള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്ന വസ്തുതയെ മറച്ചുവച്ചാണ് ഇത്തരം പ്രചാരവേല. വരുമാനമുള്ള ക്ഷേത്രങ്ങളുടെ പണം ദേവസ്വംബോര്‍ഡിലേക്ക് പോകുന്നു. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ ഈ പണംകൊണ്ട് സഹായിക്കുകയും ചെയ്യുന്നു. ക്ഷേത്രവരുമാനത്തില്‍നിന്നുള്ള ഒരു തുകയും സര്‍ക്കാര്‍ ട്രഷറിയില്‍ എത്തുന്നില്ല. മാത്രമല്ല, ക്ഷേത്രകാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ പണംനല്‍കുന്നു എന്ന കാര്യം നിയമസഭയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്.

മലബാര്‍ ദേവസ്വത്തിലെ ശാന്തിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം നല്‍കാന്‍ 2014ല്‍ 22 കോടിയോളം രൂപയാണ് പൊതുഖജനാവില്‍നിന്ന് നല്‍കിയത്. 1970കള്‍ മുതല്‍തന്നെ പത്മനാഭസ്വാമിക്ഷേത്രത്തിനുമാത്രം നിത്യനിദാനചെലവുകള്‍ക്കായി പ്രതിവര്‍ഷം ആറുലക്ഷം രൂപയെങ്കിലും സര്‍ക്കാര്‍ കൊടുത്തുവരുന്നുണ്ട്. 80 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് നല്‍കുന്നുമുണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തിന് 250 കോടി രൂപ നല്‍കുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം വന്നതും അടുത്ത ദിവസമാണ്. ഹിന്ദുക്കള്‍ സ്വന്തം പണംകൊണ്ട്് തീര്‍ഥാടനത്തിന് പോകുമ്പോള്‍ മുസ്ലിങ്ങള്‍ സര്‍ക്കാര്‍ പണംകൊണ്ട് ഹജ്ജിന് പോകുന്നു എന്നാണ് ഇവര്‍ പറയുന്നത്. ഹജ്ജ് തീര്‍ഥാടനത്തിന് എയര്‍ഇന്ത്യവഴി പോകുന്ന തീര്‍ഥാടകര്‍ക്ക് യാത്രച്ചെലവിന് സബ്സിഡി നല്‍കുന്നുണ്ട്. അത് തീര്‍ഥാടകര്‍ക്കല്ല വിമാനക്കമ്പനികള്‍ക്കാണ് നല്‍കുന്നത്. ഇന്ത്യക്കു പുറത്തുള്ള മാനസസരോവര്‍പോലുള്ള ഇടങ്ങളിലേക്ക് തീര്‍ഥാടനത്തിന് പോകുന്നതിന് ഹിന്ദുമത വിശ്വാസികള്‍ക്കും ഇത്തരം സഹായങ്ങളുണ്ടെന്ന യാഥാര്‍ഥ്യം മറച്ചുവച്ചാണ് സംഘപരിവാര്‍ വര്‍ഗീയവിഷം ചുരത്തുന്നത്.

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കുന്നു, ന്യൂനപക്ഷമതസ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്ന പ്രചാരവേലയുമുണ്ട്. ഹിന്ദുമതത്തിലെ പട്ടികജാതി-വര്‍ഗക്കാര്‍, പിന്നോക്ക ജാതിക്കാര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം വിദ്യാഭ്യാസ ആനുകൂല്യങ്ങളും സംവരണാവകാശങ്ങളും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ ചോദ്യംചെയ്യുന്ന സംഘപരിവാര്‍ ഹിന്ദുസമുദായത്തിലെ ഭൂരിപക്ഷമായ പിന്നോക്ക, ദളിത് സമൂഹങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികാസത്തിന് ഉതകുന്ന സംവരണത്തെ എതിര്‍ക്കുന്നവരാണ്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഭരണ-ഉദ്യോഗസ്ഥ രംഗങ്ങളില്‍ ചരിത്രപരമായ കാരണങ്ങളാല്‍ മുസ്ലിം പ്രാതിനിധ്യം കുറവാണ് എന്ന വസ്തുതയും ഇവര്‍ മറച്ചുവയ്ക്കുന്നു.

ഭീകരവാദത്തെ സംബന്ധിച്ചാണ് സംഘപരിവാര്‍ നടത്തുന്ന മറ്റൊരു പ്രചാരണം. ഇതിന്റെ യാഥാര്‍ഥ്യവും മനസ്സിലാക്കേണ്ടതുണ്ട്. ന്യൂനപക്ഷ ജനവിഭാഗങ്ങളെ വേട്ടയാടുന്ന സംഘപരിവാര്‍ നേതാക്കള്‍ അഡ്നാന്‍ ഖഷോഗിയെപ്പോലുള്ള ആയുധകടത്തുകാരും ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള അധോലോക മാഫിയാശക്തികളുമായി നല്ല ബന്ധം പൊതുവില്‍ പുലര്‍ത്തുന്നവരാണ്. മുംബൈ സ്ഫോടനശേഷം ദാവൂദ് സംഘത്തിന് അഭയം നല്‍കിയത് ബ്രിജ്ഭൂഷന്‍ ശരണ്‍ദാസ് എന്ന യുപിയില്‍നിന്നുള്ള ബിജെപി എംപിയാണ് എന്ന കാര്യവും ഓര്‍ക്കണം.നമ്മുടെ നാടിന്റെ സംസ്കാരം രൂപപ്പെട്ട് വന്നത് വിവിധ സംസ്കാരങ്ങളെ ഉള്‍ക്കൊണ്ടാണ്. വിദേശരാജ്യങ്ങളുമായി പ്രാചീനകാലത്തുതന്നെ കേരളത്തിന് ബന്ധമുണ്ടായിരുന്നു. അത്തരം സംസ്കാരങ്ങളെ തുറന്നമനസ്സോടെ സ്വീകരിക്കുക എന്ന വിശാല കാഴ്ചപ്പാടാണ് ഇവിടെ നിലനിന്നത്. കേരളീയന്റെ ഭാഷ, സംസ്കാരം, ഭക്ഷണം, വസ്ത്രം, കലകള്‍ ഇവയിലെല്ലാം ഇത്തരമൊരു കൂടിച്ചേരലിന്റെ ബാക്കിപത്രങ്ങള്‍ കാണാം. പുതിയ കാഴ്ചകളെ ഉള്‍ക്കൊണ്ട് അവ വളരുകയുമാണ്. ഇങ്ങനെ വിവിധ ജനവിഭാഗങ്ങള്‍ പരസ്പരം ഇടപെടുന്നതിന്റെ ഭാഗമായി വളര്‍ന്നുവന്ന നമ്മുടെ സംസ്കാരത്തെ ഇഴപിരിച്ചെടുത്ത് തകര്‍ക്കാനാണ് വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നത്. സ്വത്വരാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഇതിനായി പ്രചരിപ്പിക്കുകയാണ്. എല്ലാ വിഭാഗങ്ങളും കൂടിച്ചേരുന്ന പൊതുമണ്ഡലങ്ങളെ സംരക്ഷിച്ച് നിര്‍ത്തുക എന്നത് കേരളത്തിന്റെ മതേതര സംസ്കാരം സംരക്ഷിക്കുന്നതിനും കൂടുതല്‍ വികസിപ്പിക്കുന്നതിനും അനിവാര്യമാണ്. അതേ അവസരത്തില്‍ത്തന്നെ ഓരോ മതവിശ്വാസിക്കും അവരുടെ വിശ്വാസം വച്ചുപുലര്‍ത്താനും വിശ്വാസം ഇല്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനുമുള്ള ജനാധിപത്യപരമായ അവകാശം ഉറപ്പുവരുത്താനും കഴിയേണ്ടതുണ്ട്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പൊരുതിയാണ് നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഇവിടെ വളര്‍ന്നത്. ഇത്തരം മുന്നേറ്റത്തിന് നേതൃത്വംകൊടുത്ത ശ്രീനാരായണഗുരുവും തന്റെ ജീവിതത്തില്‍ ഈ ഇടപെടലുകള്‍ നടത്തി എന്നു കാണാം. എസ്എന്‍ഡിപി രൂപീകൃതമായതിന്റെ അടുത്തവര്‍ഷം ആചാരപരിഷ്കാരങ്ങള്‍ക്കും ശ്രീനാരായണഗുരു ആഹ്വാനംചെയ്യുകയുണ്ടായി. താലികെട്ട് കല്യാണം, തിരണ്ട് കുളി, പുളികുടി മുതലായ അശാസ്ത്രീയവും അനാവശ്യവുമായ ആചാരങ്ങള്‍ നിര്‍ത്തല്‍ചെയ്യാനും വിവാഹരീതി പരിഷ്കരിക്കാനും ഗുരു പറയുകയുണ്ടായി. സവര്‍ണവിഭാഗങ്ങള്‍ക്കിടയിലും നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമായി സംഘടിപ്പിച്ചു. ഇത്തരത്തില്‍ സമൂഹം പുറംതള്ളിയ ആചാരങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ അവകാശികളെന്നു പ്രഖ്യാപിക്കുന്നവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 1920ല്‍ ശ്രീനാരായണഗുരു പുറപ്പെടുവിച്ച സന്ദേശത്തില്‍ “”മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്” എന്ന ആശയമാണ് പ്രചരിപ്പിച്ചത് എന്ന കാര്യവും നാം ഇവിടെ ഓര്‍ക്കണം.

കേരളം നേടിയ നേട്ടങ്ങളെ തകര്‍ത്ത് ജാതീയവും മതപരവുമായ വിഭജനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരളജനത ജാഗരൂകരാകേണ്ടതുണ്ട്. അതോടൊപ്പം, കേരളജനത നേടിയെടുത്ത നേട്ടങ്ങളെ തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടവും ശക്തിപ്പെടുത്തണം. ജനകീയപ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റിയെടുത്ത് കോര്‍പറേറ്റുകളുടെ നയങ്ങള്‍ക്ക് പരവതാനി ഒരുക്കാനുള്ള വര്‍ഗീയശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനമാണ് വര്‍ത്തമാനകേരളം ആവശ്യപ്പെടുന്നത്

Top