കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാറ്റഗറി ഏഴാക്കി കുറച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും മലബാര്‍ മേഖലയിലുള്ളവരാണ്. മലബാര്‍ മേഖലയുടെ വികസനത്തില്‍ വലിയ പങ്കാണ് കരിപ്പൂര്‍ വിമാനത്താവളം വഹിച്ചത്. ഇതില്ലാതാക്കാനുളള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്’ കോടിയേരി കുറ്റപ്പെടുത്തി.
നേരത്തെ കാറ്റഗറി ഒന്‍പതായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തിന്റെത്. പിന്നീടിത് അറ്റകുറ്റപ്പണികള്‍ നടക്കവെ എട്ടാക്കി ചുരുക്കിയിരുന്നു. പിന്നീട് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വിമാനത്താവളത്തിന്റെ കാറ്റഗറി ഏഴാക്കി മാറ്റി. ഇതോടെ 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങള്‍ മാത്രമേ ഇനി കരിപ്പൂരില്‍ പറന്നിറങ്ങൂ എന്ന നിലയായി.
വിമാനത്താവളത്തോട് കേന്ദ്രസര്‍ക്കാര്‍ തുടരുന്ന വൈരാഗ്യബുദ്ധി അവസാനിപ്പിക്കണമെന്ന് പറഞ്ഞ കോടിയേരി, കാറ്റഗറി പഴയപടി ഒന്‍പതാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണമെന്നും കോടിയേരി പറഞ്ഞു.