തിരുവനന്തപുരം : അനാരോഗ്യത്തെ തുടർന്ന് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറുന്നു.എംവി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറി.അസുഖം മൂലം വിശ്രമിക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വീട്ടിൽ സന്ദർശിച്ചിരുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എം എ ബേബി എന്നിവര്‍ കോടിയേരിയെ എകെജി സെന്ററിന് മുന്നിലെ വീട്ടിലെത്തി കണ്ടു. സെക്രട്ടേറിയേറ്റില്‍ എടുത്ത തീരുമാനം കോടിയേരിയെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം.
അനാരോഗ്യം മൂലമാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്. നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക് പോകും.
പാർട്ടി തലപ്പത്തുനിന്നും കോടിയേരിയെ മാറ്റുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി പാർട്ടി അടിയന്തര നേതൃയോഗം വിളിച്ചു ചേർത്തിരുന്നു. ഇന്നും നാളെയുമായിട്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ നടക്കുക. യോഗങ്ങളിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിർന്ന പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സയും വിശ്രമവും ആവശ്യമായതിനാൽ പകരം ക്രമീകരണമേർപ്പെടുത്തണമെന്ന നിർദ്ദേശം പാർട്ടിയിൽ കഴിഞ്ഞ കുറച്ച് ദിവസമായി ഉയരുന്നുണ്ട്. ക്ഷീണിതനെങ്കിലും പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ കോടിയേരി ഇന്നലെയും നിർവഹിച്ചിരുന്നു. എന്നാൽ തുടർ ചികിത്സയ്ക്കും മറ്റുമായി സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ കോടിയേരി താത്പര്യം പ്രകടിപ്പിച്ചിരുന്നു.
തുടർ ചികിത്സയ്ക്കായി അദ്ദേഹം ചെന്നൈയിലേക്ക് ഉടൻ തിരിക്കും. കൊച്ചി സംസ്ഥാന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായ കോടിയേരിക്ക് രണ്ടര വർഷംകൂടി കാലാവധിയുണ്ട്. പാർട്ടിയുടെ തീരുമാനം ഇന്ന് രാവിലെ കോടിയേരിയെ കണ്ട് മുതിർന്ന നേതാക്കൾ അറിയിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അംഗം എം എ ബേബി എന്നിവരാണ് കോടിയേരിയെ നേരിൽ കണ്ടത്.
കോടിയേരി നേതൃസ്ഥാനത്ത് നിന്നും മാറുമെന്ന് ഉറപ്പായതോടെ സംസ്ഥാന സെക്രട്ടറി കസേരയിലേക്ക് ആരെത്തും എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ കോടിയേരിയുടെ അഭിപ്രായത്തിനും പാർട്ടി പ്രാധാന്യം നൽകും. മുമ്പ് ആരോഗ്യപ്രശ്നങ്ങളാൽ കോടിയേരിക്ക് ഒരു വർഷത്തിലേറെ അവധി നൽകിയപ്പോൾ അന്ന് എൽ.ഡി.എഫ് കൺവീനറായിരുന്ന എ. വിജയരാഘവന് താത്ക്കാലിക ചുമതല നൽകിയിരുന്നു. എന്നാൽ നിലവിൽ പോളിറ്റ്ബ്യൂറോ അംഗമായ വിജയരാഘവനും കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജനും എ.കെ. ബാലനും പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. താൽക്കാലികമായി ഒരാൾക്കോ, ഒന്നിലധികം സെക്രട്ടേറിയറ്റംഗങ്ങൾക്കോ ചുമതല നൽകാനാണ് ആലോചന.
പാർട്ടി സെക്രട്ടറിയെ മാറ്റുന്നതിന് പുറമേ സമീപകാലത്തെ സർക്കാരിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. ഇതിൽ പ്രധാനം ഗവർണറുമായുള്ള തർക്കങ്ങളാണ്. സംസ്ഥാനചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത തരത്തിൽ സർക്കാരുമായി ഗവർണർ ഏറ്റുമുട്ടുന്ന അസാധാരണ സാഹചര്യമാണ്. ദേശീയതലത്തിൽത്തന്നെ ഗൗരവമുള്ള വിഷയമാണിതെന്ന് സി.പി.എം കരുതുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം സൃഷ്ടിക്കുന്ന പ്രതിസന്ധിയും ചർച്ചയായേക്കും.