ഗാംഗുലി ഇനി കോഹ്ലിക്കു പിന്നില്‍

ചെന്നൈ: സെഞ്ചുറികളുടെ എണ്ണത്തില്‍ വിരാട് കൊഹ്‌ലി സൗരവ് ഗാംഗുലിയെ മറികടന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചുറിയോടെ ഗാംഗുലിയുടെ 22 സെഞ്ചുറികളെന്ന റെക്കോര്‍ഡാണ് കൊഹ്‌ലി മറികടന്നത്. സെഞ്ചുറിയില്ലാത്ത പതിമൂന്ന് ഏകദിനങ്ങള്‍ക്കുശേഷമാണ് കൊഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നക്കം കടന്നത്.

ഗാംഗുലിക്കു പുറമെ 22 സെഞ്ചുറികളുണ്ടായിരുന്ന ക്രിസ് ഗെയ്ല്‍, തിലകരത്‌നെ ദില്‍ഷന്‍ എന്നിവരെയും കൊഹ്‌ലി പിന്നിലാക്കി. 165ാം മത്സരത്തിലാണു കൊഹ്‌ലി 23 സെഞ്ചുറിയെന്ന നേട്ടം കൈവരിച്ചതെങ്കില്‍ ഗാംഗുലി 311 മത്സരങ്ങളില്‍നിന്നാണ് 22 സെഞ്ചുറി കുറിച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ മാത്രമെ സെഞ്ചുറികളുടെ എണ്ണത്തില്‍ ഇനി കൊഹ്‌ലിക്ക് മുന്നിലുള്ളു. 49 സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സച്ചിനു പുറമെ രാജ്യാന്തര ക്രിക്കറ്റില്‍ റിക്കി പോണ്ടിംഗ് (30), സനത് ജയസൂര്യ(28), കുമാര്‍ സംഗക്കാര(25) എന്നിവരാണു കൊഹ്‌ലിക്കു മുന്നിലുള്ള മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. നിലവില്‍ കളിക്കുന്നവരില്‍ 21 സെഞ്ചുറികളുമായി ഹാഷിം ആംലയും എ.ബി. ഡിവില്ലിയേഴ്‌സുമാണു കൊഹ്‌ലിക്കടുത്തുള്ളത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിന സെഞ്ചുറിയാണ് കൊഹ്‌ലി ചെപ്പോക്കില്‍ അടിച്ചെടുത്തത്. 18 മത്സരങ്ങളാണു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോഹ്‌ലി കളിച്ചത്. ഇതോടെ ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചുറിയെന്ന നേട്ടവും കൊഹ്‌ലിക്ക് സ്വന്തമായി.

Top