ആചാരവെടിക്കെട്ട് നടത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനുമതി നേടി; സഹകരണമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഇടപെടലില്‍

kollam-temple-fire

തിരുവനന്തപുരം: കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വെടിക്കെട്ടിന് കൊല്ലം കലക്ടറും കമ്മിഷണറും അനുമതി നിഷേധിച്ചപ്പോള്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഇടപ്പെട്ടെന്നാണ് പുതിയ വിവരം. ഇയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ച് അനുമതി നേടിയെടുക്കുകയായിരുന്നു.

ലോക്കല്‍ പോലീസില്‍ നിന്നാണ് അനുമതി നേടിയതെന്നും പറയുന്നു. ഇതോടെ സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി തലത്തില്‍ അന്വേഷണമാരംഭിച്ചു. മത്സര കമ്പമായതിനാലും ടണ്‍ കണക്കിനു സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാവുന്നതിനാലും അനുമതി നല്‍കാനാവില്ലെന്നു കലക്ടര്‍ എ. ഷൈനാമോളും കമ്മിഷണര്‍ പി. പ്രകാശും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആചാരവെടിക്കെട്ടുമാത്രമേ നടത്തുന്നുള്ളൂവെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഇടപെടല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും (എ.ഡി.എം), ചാത്തന്നൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറു(എ.സി.പി)മാണ് നിയമപ്രകാരം വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. മത്സര കമ്പമായതിനാല്‍ എ.ഡി.എം. നേരത്തെതന്നെ അനുമതി നിഷേധിച്ചു. തുടര്‍ന്ന് സംഘാടകസമിതിയുടെ നേതൃത്വം ഏറ്റെടുത്ത് പേഴ്സണല്‍ സ്റ്റാഫ് അംഗം കമ്മിഷണര്‍ പ്രകാശിനെ സമീപിക്കുകയായിരുന്നു.

അനുമതി നല്‍കാന്‍ ചുമതലയുള്ള എ.സി.പിയുടെ ശുപാര്‍ശയില്ലാതെ ഇക്കാര്യത്തിലൊന്നും തനിക്ക് ചെയ്യാനാവില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. മത്സര കമ്പം നടത്തിയാല്‍ ജയിലില്‍ പോകേണ്ടിവരുമെന്നും കമ്മിഷണര്‍ മുന്നറിയിപ്പു നല്‍കി. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ എ.സി.പി, മുകളില്‍ നിന്നു നിര്‍ദേശം ലഭിച്ചാല്‍ അനുമതി നല്‍കാമെന്ന് അറിയിച്ചു.

പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പേഴ്സണല്‍ സ്റ്റാഫ് അംഗം, വെടിക്കെട്ടിന് അനുമതി നല്‍കിയില്ലെങ്കില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്കു തെരഞ്ഞെടുപ്പില്‍ വോട്ടു കിട്ടില്ലെന്നു ധരിപ്പിച്ചു. എന്നാല്‍, ആഭ്യന്തര വകുപ്പ് ഇടപെട്ടാല്‍ മാത്രമേ പ്രശ്നത്തിനു പരിഹാരം കാണാനാവൂവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനോടു പറഞ്ഞു. പിന്നീട് ലോക്കല്‍ പോലീസിലെ ചിലരുമായി നടത്തിയ രഹസ്യ ചര്‍ച്ചകളുടെ ഭാഗമായി ആചാരപ്രകാരമുള്ള വെടികെട്ട് നടത്താന്‍ അനുമതി നേടിയെടുക്കുകയായിരുന്നു.

Top