
കൊല്ലം: ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കൊല്ലം ജില്ലയില്‍ രണ്ട് ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ അണി നിരക്കും. കൊല്ലം ജില്ലയിലെ കടമ്പാട്ടുകോണം മുതല്‍ ഓച്ചിറവരെയുള്ള ദൈര്‍ഘ്യത്തില്‍ രണ്ടു ലക്ഷം അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാരുടെ യോഗത്തില്‍ തീരുമാനമായി. കൊട്ടിയം ക്രിസ്തുജ്യോതി അനിമേഷന്‍ സെന്ററില്‍ നടന്ന യോഗം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
ഇതിനായി ജില്ലയിലെ 24,328 അയല്‍കൂട്ടങ്ങളുടെയും 1,419 എ.ഡി.എസുകളുടെയും 74 സി.ഡി.എസുകളുടെയും പ്രത്യേക യോഗങ്ങള്‍ ഡിസംബര്‍ 27നകം സംഘടിപ്പിക്കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും കുടുംബ യോഗങ്ങളും വനിതാ മതിലിന്റെ വിജയത്തിനായിനടത്തും.
വനിതാ മതിലിലൂടെ സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ ചരിത്രമാണ് കേരളം കുറിക്കുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി സ്ത്രീ സമൂഹം ഉയര്‍ന്നുവരുന്ന കാഴ്ച്ചയാണ് കേരളം കാണുന്നത്. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളുടെയും അസമത്വങ്ങളുടെയും ഫലമായി ഏറ്റവും കൂടുതല്‍ ദുരനുഭവങ്ങള്‍ നേരിട്ടത് സ്ത്രീകളാണ്. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ ജില്ലയിലെ തയ്യാറെടുപ്പുകളുടെ പുരോഗതി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. നിയോജക മണ്ഡലതലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി വിലയിരുത്തി.
ഇന്നും നാളെയും ഗ്രാമപഞ്ചായത്ത് തലത്തിലെ യോഗങ്ങള്‍ പൂര്‍ത്തിയാക്കണം. 25, 26 തീയതികളില്‍ വാര്‍ഡ് സമിതികള്‍ രൂപീകരിക്കുകയും 27 മുതല്‍ ഭവനസന്ദര്‍ശനം നടത്തി പരമാവധി വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുകയുംവേണമെന്നും മന്ത്രി നിര്‍ദേശിച്ചു. എല്ലാ വാര്‍ഡുകളിലും വിവിധ ഘട്ടങ്ങളിലായി യോഗങ്ങള്‍ ചേരുകയും എല്ലാ കുടുംബങ്ങളിലും സന്ദര്‍ശനം നടത്തുകയും വേണം. മതിലില്‍ പങ്കുചേരുന്നവരുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി കൃത്യമായ രൂപരേഖയോടെ വാര്‍ഡ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം.
ദേശീയപാതയ്ക്ക് സമീപമുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മതിലില്‍ പങ്കെടുക്കുന്ന സ്ഥലങ്ങളിലേക്ക് പ്രകടനമായി എത്തണം. പരിപാടിയുടെ സംഘാടനത്തിനും സ്ത്രീകളെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും വാര്‍ഡുതല കമ്മിറ്റികള്‍ ചുമതല നിര്‍വഹിക്കണം. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ ഡിസംബര്‍ 24ന് മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേരാന്‍ യോഗം തീരുമാനിച്ചു.