ആന്ധ്രാപ്രദേശിൽ കൂടത്തായി മോഡൽ കൊലപാതകം.സ്വർണ്ണവും പണവും തട്ടാൻ അയൽവാസികൾക്കും ബന്ധുക്കൾക്കും സയനൈഡ് നൽകി.

സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് എന്ന യുവതി നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ് കൂടത്തായി കൂട്ടക്കൊല എന്നറിയപ്പെടുന്നത്.അതേപോലെ ആന്ധ്രാപ്രദേശിൽ കൊലപാതകം. ഗുണ്ടൂർ ജില്ലയിലെ തെനാലിയിൽ ആണ് സംഭവം സ്വർണ്ണവും പണവും തട്ടാനാണ് അയൽവാസികളെയും ബന്ധുക്കളെയും സയനൈഡ് നൽകി കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെനാലി സ്വദേശികളായ മുനഗപ്പ രജനി, മുടിയാല വെങ്കിടേശ്വരി, ഗോണ്ടു രമണമ്മ എന്നിവരാണ് അറസ്റ്റിലായത്.

വൈനിൽ സയനൈഡ് ചേർത്ത് നൽകിയായിരുന്നു കൊലപാതകം നടത്തിയത്. മൂന്നുപേരും കൂടി ആസൂത്രണം ചെയ്താണ് കൊലപാതകങ്ങൾ നടത്തിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൂന്ന് കൊലപാതകമാണ് മൂവരും ചേർന്ന് നടത്തിയത്. രണ്ടര വർഷം മുൻപാണ് ഇവർ കൊലപാതകങ്ങൾ നടത്താൻ പദ്ധതിയിട്ടത്. ഇവരുടെ കൂടെയുള്ള മറ്റൊരു ബന്ധുവിന് തോന്നിയ സംശയത്തിന് പിന്നാലെയാണ് കൊലപാതകങ്ങൾ ചുരുളഴിഞ്ഞത്. തുടർന്ന് പൊലീസിന് പരാതിയായി നൽകുകയായിരുന്നു. പിന്നാലെ മൂന്നു മാസം രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് മൂവരുടെയും പങ്ക് കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ആദ്യം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിൽ കഴിഞ്ഞ മൂന്നാമത്തെയാൾ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മൂന്ന് പേരെയും കൊലപ്പെടുത്താൻ ഒരേ രീതികളാണ് തെരഞ്ഞെടുത്തതെന്ന് പ്രതികൾ മൊഴി നൽകി.

14 വർഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായിൽ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നടന്നു. പ്രതി കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണെന്ന് ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എൻ.ഐ.ടി. പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു. 2019 ഒക്ടോബർ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.

ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് 2019 ജൂലൈയിലാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുന്നത്. എന്നാൽ സ്വത്തുതർക്കമെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ കെ.ജി. സൈമൺ റൂറൽ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവൻ ജോർജിന്റെ അന്വേഷണ റിപ്പോർട്ട്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാൻ തീരുമാനിച്ചത്.

ഒക്ടോബർ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകൾ നീക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജോളിക്ക് പിന്നാലെ ഇവർക്കു സയനൈഡ് എത്തിച്ചു നൽകിയ ബന്ധു മഞ്ചാടിയിൽ എം.എസ്. മാത്യു, സ്വർണപ്പണിക്കാരനായ പ്രജികുമാർ എന്നിവരെയും അറസ്റ്റ് ചെയ്തു. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച സി.പി.എം. കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി ഇ. മനോജ്കുമാർ, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഡ്വ. സി. വിജയകുമാർ എന്നിവരെ പിന്നീട് റോയ് തോമസ് വധക്കേസിൽ പ്രതി ചേർത്തു.

കൊല്ലപ്പെട്ട സിലിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. മറ്റ് അഞ്ച് കൊലപാതകങ്ങളിലും ജോളി തന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്മോർട്ടം നടത്താതെ സംസ്‌കരിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.

Top