ഷാജുവും സഖറിയയും കുടുങ്ങുന്നു!! സിലിയെ കൊല്ലാന്‍ സഹായിച്ചത് ഷാജുവെന്ന് ജോളിയുടെ മൊഴി; ശ്രമിച്ചത് മൂന്നു തവണ; അന്നമ്മയെ കൊലപ്പെടുത്തിയത് രണ്ടാമത്തെ ശ്രമത്തില്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജുവും കുടുങ്ങുന്നു .പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളി. തന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ മൂന്നു തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ജോളി മൊഴി നല്‍കി. ഒരു തവണ ഇതിന് ഷാജു സഹായിച്ചു. മൂന്നു വധശ്രമങ്ങളെ കുറിച്ചും ഷാജുവിന് അറിവുണ്ടായിരുന്നു. ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ ശ്രമിച്ചത് ഷാജുവാണ്. രണ്ടു തവണ കൊലപാതക ശ്രമം പരാജയപ്പെട്ടുവെന്നും ജോളി പറയുന്നു. മുഖ്യപ്രതി ജോളിയെയും കൂട്ടുപ്രതികളായ മാത്യുവിനെയും പ്രജികുമാറിനെയും കൊണ്ട് അന്വേഷണ സംഘം പൊന്നാമറ്റം കുടുംബ വീട്ടിലെത്തിച്ചു. ‌മൂന്ന് പ്രതികളേയും ഒരുമിച്ചെത്തിച്ചാണ് തെളിവെടുക്കുക.ഇന്നലെയാണ് മൂന്ന് പ്രതികളേയും താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

പരമ്പര കൊലയുമായി ബന്ധപ്പെട്ട് ഷാജുവിനെ ക്രൈംബ്രാഞ്ച് പല തവണ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തിട്ട് വിട്ടയച്ചിരുന്നു. ഷാജുവിനെ മാപ്പുസാക്ഷിയാക്കും എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും പോലീസ് ഒന്നും സ്ഥിരീകരിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ജോളിയെ രാവിലെ പൊന്നാമറ്റത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. രണ്ടര മണിക്കൂറോളം തെളിവെടുപ്പ് നടത്തിയ ശേഷമാണ് മഞ്ചാടിയിലെ വീട്ടില്‍ എത്തിച്ചത്. റോയിയുടെ അമ്മാവന്‍ മാത്യൂവിന്റെ മരണവുമായി ബന്ധപ്പെട്ടാണിത്. തുടര്‍ന്ന് ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഇവിടെ തെളിവെടുപ്പ് നടന്നത്. ഷാജുവിനെയും പിതാവ് സഖറിയയേയും ചോദ്യം ചെയ്യുകയാണ്. ഷാജുവിന്റെ ഭാര്യ സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും മരണവുമായി ബന്ധപ്പെട്ടാണ് തിരുവമ്പാടി സി.ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്. കുട്ടിയുടെ മരണവുമായി മഹസര്‍ തയ്യാറാക്കുന്നതിനാണിത്. 2014ല്‍ ഷാജുവിന്റെ മൂത്തകുട്ടിയുടെ ആദ്യകുര്‍ബാന സ്വീകരണത്തിന്റെ സത്കാരം നടക്കുന്നതിനിടെയാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇളയ കുട്ടി ആല്‍ഫൈന്‍ അവശനിലയിലായത്.

തെളിവെടുപ്പ് നാലാമത്തെ ഇടമായ ദന്താശുപത്രിയില്‍ നടക്കുകയാണ്. സിലി കുഴഞ്ഞുവീണ് മരിച്ച ആശുപത്രിയാണിത്. 2016ല്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഷാജുവിന്റെ പല്ല് കാണിക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ഷാജു ഡോക്ടറെ കാണാന്‍ കയറിയപ്പോള്‍ പുറത്തിരിക്കുകയായിരുന്ന സിലി ജോളി കൊടുത്ത വെള്ളം കുടിച്ചതോടെ കുഴഞ്ഞുവീണുവെന്നാണ് റിപ്പോര്‍ട്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ ജോളി വിളിച്ചത് അനുസരിച്ച് ആശുപത്രിയില്‍ എത്തിയ സിലിയുടെ സഹോദരന്‍ കാണുന്നത് കാറില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണ് കിടക്കുന്ന സിലിയെ ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സിലിയുടെ സഹോദരന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ്. ഷാജുവിനെ ചികിത്സിച്ചിരുന്ന ഡോക്ടറില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

അതിനിടെ, കൂടത്തായി മരണങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. അന്നമ്മ, ടോം തോമസ്, മഞ്ചാടി മാത്യൂ, റോയ് തോമസ് എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലും സിലിയുടെ മരണത്തില്‍ താമരശേരി സ്‌റ്റേഷനിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി കൊടുത്താണെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. ആദ്യ വധശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാം തവണയാണ് കൊലപാതകം നടന്നതെന്നും ജോളി മൊഴി നല്‍കി.ദന്താശുപത്രിയില്‍ അരമണിക്കൂറോളം നീണ്ട തെളിവെടുപ്പിനു ശേഷം ജോളിയുമായി പോലീസ് സംഘം എന്‍.ഐ.ടി ക്യാമ്പസ് പരിസരത്തേക്ക് പോയി. എന്‍.ഐ.ടിയില്‍ അധ്യാപികയാണെന്ന് അവകാശപ്പെട്ട് വര്‍ഷങ്ങളോളം ജോളി കുടുംബങ്ങളെയും നാട്ടുകാരേയും കബളിപ്പിച്ചിരുന്നു.

ജോളി ഉപയോഗിച്ചിരുന്ന ഫോണുകളില്‍ ഒന്ന് മകന്‍ റെമോ പോലീസിന് കൈമാറിയിട്ടുണ്ട്. ജോളിയുടെ കോയമ്പത്തുര്‍ യാത്രകള്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനാണെന്നും ഇവര്‍ തമ്മില്‍ നിരന്തരം ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പൊന്നാമറ്റത്തെ തെളിവെടുപ്പില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആദ്യഘട്ടം ചോദ്യംചെയ്യൽ പൂർത്തിയാക്കിയ അന്വേഷണസംഘം തെളിവെടുപ്പ് നടപടികളും കൂടുതൽ ചോദ്യംചെയ്യലുമാണ് ഇന്ന് നടത്തുക. ജോളിയുടെ എൻ.ഐ.ടി യാത്രകൾ, വ്യാജരേഖ ചമയ്ക്കൽ, ആറുപേരുടെ ദുരൂഹ മരണം, കോയമ്പത്തൂർ യാത്ര തുടങ്ങിയവ സംബന്ധിച്ചണ് പ്രധാനമായും തെളിവെടുപ്പ് നടത്തുക. ജോളിയുടെ എൻ.ഐ.ടി. യിലെ വിപുലമായ ബന്ധങ്ങളെക്കുറിച്ച് പ്രത്യേകം അന്വേഷിക്കാനും തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഒപ്പം സയനൈഡ് ഉൾപ്പെടെ കൊലപാതകത്തിന് ഉപയോഗിച്ച വിഷാംശങ്ങൾ ലഭ്യമാക്കിയ സ്ഥലങ്ങളും തെളിവെടുപ്പിൽ ഉൾപ്പെടുത്തും.

ഇതിനിടെ മൂന്നാംപ്രതി പ്രജികുമാർ കൂടുതൽപേർക്ക് സയനൈഡ് കൈമാറിയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണം സംബന്ധിച്ച് ബ്യൂട്ടിപാർലർ ഉടമ സുലൈഖയിൽ നിന്നും ഭർത്താവ് മജീദിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഏഴു ദിവസത്തെ കസ്റ്റഡി ദിനത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കാനും ചോദ്യം ചെയ്യൽ വഴി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ആറു കേസുകളും വെവ്വേറെ അന്വേഷിക്കുന്നത് വഴി കൂടുതൽ സമയം ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

Top