കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിന്റെ തുടർനടപടികൾ ജില്ലാ സെഷൻസ് കോടതിയിലേക്ക് കൈമാറ്റി . താമരശ്ശേരി മജിസ്ട്രേട്ട് കോടതി ആയിരുന്നു കേസ് ഇതുവരെ പരിഗണിച്ചിരുന്നത്. കുറ്റപത്രവും അനുബന്ധരേഖകളും സാക്ഷിമൊഴികളുമെല്ലാം അടുത്ത ദിവസം ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിക്കും. കേസിന്റെ വിചാരണ ഏതു കോടതിയിലാണു നടക്കേണ്ടതെന്ന് ജില്ലാ സെഷൻസ് കോടതിയാണു തീരുമാനിക്കുക. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് കേസ് സെഷൻസ് കോടതിയിൽ കോടതിയിലേക്കു കൈമാറിയത്. കൂടത്തായി കൊലപാതക പരമ്പരയിൽ റജിസ്റ്റർ ചെയ്ത മറ്റു 5 കേസുകളുടെയും തുടർനടപടികളും ജില്ലാ സെഷൻസ് കോടതിയിലേക്കു കൈമാറും.
അതേസമയം കേസിൽ സർക്കാർ നോട്ടറി അധികാര ദുർവിനിയോഗം നടത്തിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൂടത്തായി വ്യാജ ഒസ്യത്ത് കേസില്‍ സര്‍ക്കാര്‍ നോട്ടറിയായ വിജയകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിച്ചു. വിജയകുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സർക്കാരിനെ സമീപിച്ചിരിക്കുന്നത്. കൂടത്തായിയിലെ ടോം തോമസിന്റെ പേരിലുള്ള ഭൂമി ജോളിയുടെ പേരിലേക്ക് മാറ്റുവാനായി വ്യാജ ഒസ്യത്തുണ്ടാക്കിയെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വ്യാജ ഒസ്യത്തിന്‍മേല്‍ സര്‍ക്കാര്‍ നോട്ടറിയായ വിജയകുമാര്‍ അധികാരം ദുര് വിനിയോഗം ചെയ്ത് അറ്റസ്റ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നേരത്തെ ഇയാളില്‍ നിന്നും രഹസ്യമൊഴി എടുത്തിരുന്നു. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മറ്റൊരു പ്രതിയായ മനോജിന്റെ സഹായത്തോടെയാണ് ജോളി വിജയകുമാറിന്റെ അടുത്തെത്തിയത്. ടോം തോമസിന്റെ പേരിലുള്ള ഒസ്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ വിജയകുമാര്‍ അറ്റസ്റ്റേഷന്‍ നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇത് ഗുരുതരമായ കുറ്റകൃത്യമാണ് അന്വേഷണ സംഘത്തിന്റെ വാദം. ഒറിജനല്‍ വില്‍പ്പത്രം കാണാതെ സാമ്പത്തിക നേട്ടത്തിനായി അധികാര ദുര്‍വിനിയോഗം ചെയ്ത് വിജയകുമാര്‍ ജോളിക്ക് അറ്റസ്റ്റ് ചെയ്തു നല്‍കുകയായിരുന്നുവെന്നും റോയ് വധക്കേസിലെ കുററപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പോലീസിന്റെ അപേക്ഷയില്‍ ഇനി നിയമവകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്.
ഫെബ്രുവരി പത്തിനായിരുന്നു കൂടത്തായി കൊലപാതക പരമ്പര കേസിലെ അവാസ കുറ്റപത്രവും സമർപ്പിച്ചത്. ജോളി ആദ്യം കൊലപ്പെടുത്തിയ അന്നമ്മ തോമസിന്റെ കേസിലാണ് അവസാന കുറ്റപത്രം സമർപപ്പിച്ചത്. നായയെ കൊല്ലാൻ ഉപയോഗിക്കുന്ന ഡോഗ് കിൽ വിഷം ആട്ടിൻസൂപ്പിൽ കലർത്തി കൊലപാതകം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ജോളി മാത്രമാണ് കേസിൽ പ്രതി.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 2002 ഓടെയാണ് കൂടത്തായി കൊലപാതക പരമ്പരയ്ക്ക് തുടക്കമായത്.