വെറുപ്പ് തോന്നിയാൽ കാത്തിരുന്ന് കൊല്ലും!മൂന്നാം വിവാഹത്തിന് ആഗ്രഹമെന്ന് ജോളി!.ഭർത്താവ് ഷാജുവിനെയും കൊല്ലാൻ പദ്ധതി

വടകര:കൂടത്തായി കൊലപാതകത്തിലെ മുഖ്യ പ്രതി ജോളിക്ക് ആരോടെങ്കിലും വെറുപ്പ് തോന്നിയാല്‍ അവരെ കൊല്ലാനുളള ദേഷ്യമുണ്ടാകുന്ന പ്രകൃതം. എത്ര കാത്തിരുന്നായാലും താനത് സാധിച്ചിരിക്കുമെന്നാണ് ജോളി പോലീസിനോട് വെളിപ്പെടുത്തി. ഒരിക്കലും പിടിക്കപ്പെടില്ല എന്നാണ് ഓരോ കൊലപാതകം കഴിഞ്ഞപ്പോഴും ജോളി ആശ്വസിച്ചിരുന്നത്. ഒരു ബാധ പോലെ കൊലപാതക പ്രവണത തന്നെ പിന്തുടര്‍ന്നുവെന്നും ജോളി പോലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.ഷാജുവിനെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് സിലിയെ കൊലപ്പെടുത്തിയത് എന്നാണ് ജോളിയുടെ മൊഴി. ഷാജുവിന് കൊലപാതകത്തെ കുറിച്ച് അറിയാമെന്നും സഹായം ചെയ്തുവെന്നും ജോളി മൊഴി നല്‍കിയിരുന്നു. എന്നാലിത് ഷാജു നിഷേധിച്ചു. അതേസമയം സിലിയുടെ മരണത്തില്‍ ഷാജുവിനെതിരെ ആരോപണങ്ങളുമായി സഹോദരന്‍ അടക്കമുളളവര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

” എന്നെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ സര്‍.. അങ്ങനെയെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നല്ലോ.. ” പോലീസ് ചോദ്യം ചെയ്യലിനിടെ തല കുനിച്ചിരുന്ന ജോളി പരിതപിച്ചത് ഇങ്ങനെയാണ്. ജോളിയെ 17 വര്‍ഷത്തിന് ശേഷമെങ്കിലും പോലീസ് പിടികൂടിയില്ലായിരുന്നുവെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ കൂടത്തായിയില്‍ നടക്കുമായിരുന്നു എന്നുളള നടുക്കുന്ന വെളിപ്പെടുത്തലും ജോളി നടത്തിയിരിക്കുകയാണ്. താന്‍ അടുത്തതായി കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടത് രണ്ടാം ഭര്‍ത്താവ് ഷാജുവിനെയാണ് എന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാജുവിനെ കൊലപ്പെടുത്തിയ ശേഷം മൂന്നാം വിവാഹം കഴിക്കുക എന്നതായിരുന്നുവത്രേ ജോളിയുടെ ലക്ഷ്യം. നടുക്കുന്ന വിശദാംശങ്ങള്‍

ജോളിയുമായി അടുപ്പമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് ഷാജുവിനെ കൊലപ്പെടുത്താന്‍ ജോളി ആഗ്രഹിച്ചത്. മാത്രമല്ല ജോണ്‍സണെ സ്വന്തമാക്കുന്നതിന് വേണ്ടി ജോണ്‍സണിന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ താന്‍ ശ്രമം നടത്തിയിരുന്നു എന്നാണ് ജോളി ചോദ്യം ചെയ്യലില്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.


കൊല്ലപ്പെട്ട ആറ് പേരെ കൂടാതെ രണ്ട് പേര്‍ കൂടി തന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്നതായി നേരത്തെ തന്നെ ജോളി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ആ രണ്ട് പേര്‍ രണ്ടാം ഭര്‍ത്താവ് ഷാജുവുും ജോണ്‍സണിന്റെ ഭാര്യയും ആയിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഷാജുവുമായുളള വിവാഹ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു.

ജോളിക്കൊപ്പം ജീവിച്ചത് ബുദ്ധിമുട്ടിയാണ് എന്ന് ഷാജുവും വെളിപ്പെടുത്തിയിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണിന്റെ കുടുംബവുമായി ജോളിയുടെ കുടുംബത്തിന് വളരെ അടുപ്പമുണ്ടായിരുന്നു. ഇരുകുടുംബങ്ങളും ഒരുമിച്ച് വിനോദയാത്ര പോകുന്നതടക്കം പതിവുണ്ടായിരുന്നു. അത്തരമൊരു യാത്രയ്ക്കിടെ ജോണ്‍സണിന്റെ ഭാര്യയെ കൊല്ലാന്‍ ജോളി ഒരു ശ്രമം നടത്തിയിരുന്നു.

കൊലപാതകങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും എന്നാല്‍ ജോളി തന്നെയും കൊലപ്പെടുത്തുമോ എന്ന ഭയം കൊണ്ടാണ് പുറത്ത് പറയാതിരുന്നത് എന്നുമാണ് ഷാജു നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നത്. ഈ മൊഴി ശരിവെക്കുന്ന തരത്തിലാണ് ജോളിയുടെ പുതിയ വെളിപ്പെടുത്തലുകള്‍. ഷാജുവിനേയും കൊലപ്പെടുത്താന്‍ തനിക്ക് പദ്ധതി ഉണ്ടായിരുന്നു എന്നാണ് ജോളിയുടെ പുതിയ മൊഴി. മൂന്നാം വിവാഹമായിരുന്നു ഇതിലൂടെ ജോളി ലക്ഷ്യമിട്ടത്.

ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെങ്കിലും അത് കഴിക്കാത്തത് കൊണ്ട് മാത്രം ജോണ്‍സണിന്റെ ഭാര്യ രക്ഷപ്പെടുകയായിരുന്നു. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത് ജോണ്‍സണെ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇരുവരുടേയും രഹസ്യ യാത്രകളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജോളിയുടെ കോയമ്പത്തൂര്‍ യാത്രകള്‍ ജോണ്‍സണെ കാണാന്‍ വേണ്ടിയായിരുന്നു.

പിഎച്ച്ഡി ചെയ്യാനാണ് എന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ജോളി നിരന്തരം കോയമ്പത്തൂരില്‍ പോയിക്കൊണ്ടിരുന്നത്. ആദ്യഭർത്താവ് റോയി മരിച്ച് രണ്ടാം ദിവസം ജോളി കോയമ്പത്തൂരിൽ പോയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണം അവധിക്കാലത്ത് അടക്കം ജോളി വീട്ടിലുണ്ടായിരുന്നില്ല. കട്ടപ്പനയിലെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് പോയ ജോളി രണ്ട് ദിവസം മാത്രമാണ് അവിടെ തങ്ങിയത്. തുടര്‍ന്ന് ജോണ്‍സണെ കാണാനായി കോയമ്പത്തൂരിലേക്ക് പോയി എന്നാണ് പോലീസിന് ലഭിച്ച വിവരം.

കോയമ്പത്തൂരില്‍ മാത്രമല്ല, തിരുപ്പൂരിലും ബെംഗളൂരുവിലും ജോണ്‍സണെ കാണുന്നതിന് വേണ്ടി ജോളി പോയിട്ടുണ്ട് എന്നാണ് പോലീസ് കണ്ടെത്തല്‍. ജോളിയുടെ ഫോണ്‍ രേഖകളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലും അടക്കമാണ് ഈ സൂചന പോലീസിന് ലഭിച്ചത്. രണ്ട് ദിവസം കോയമ്പത്തൂരില്‍ ഇരുവരും തങ്ങിയിട്ടുണ്ട്. തുടര്‍ന്ന് ഇവര്‍ ബെംഗളൂരുവിലേക്ക് പോയി. ആറ് മാസത്തെ ഫോണ്‍ രേഖകളാണ് കഴിഞ്ഞ ദിവസം പോലീസ് പരിശോധിച്ചത്.

ജോളിയുമായി സൗഹൃദമുണ്ടെന്നും ഒരുമിച്ച് സിനിമയ്ക്ക് പോയിട്ടുണ്ടെന്നും വിനോദയാത്രയ്ക്ക് പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ജോണ്‍സണ്‍ പറയുന്നു. ഒരാളുടെ സഹായം കൂടാതെ ഇത്രയും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ജോളിക്ക് സാധിക്കില്ല എന്നാണ് പോലീസ് വിലയിരുത്തല്‍. ജോണ്‍സണിന് കൊലപാതകങ്ങളില്‍ പങ്കുണ്ടോ എന്നറിയാനുളള അന്വേഷണവും പോലീസ് നടത്തും.

ഷാജുവിനും അച്ഛന്‍ സക്കറിയയ്ക്കും കൊലപാതകങ്ങളില്‍ പങ്കുണ്ടോ എന്നറിയാനുളള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പൊന്നാമറ്റം വീട്ടിലടക്കം ജോളിയേയും മറ്റ് പ്രതികളേയും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സയനൈഡ് എന്ന് സംശയിക്കുന്ന പൊടി പൊന്നാമറ്റം വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

തെളിവെടുപ്പിനിടെ അഞ്ച് കൊലപാതകങ്ങളിലാണ് ജോളി കുറ്റസമ്മതം നടത്തിയത്. ആദ്യ ഭര്‍ത്താവ് റോയി അടക്കമുളളവരെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന് ജോളി പോലീസിന് മുന്നില്‍ വിശദീകരിച്ചു. ഷാജു-സിലി ദമ്പതികളുടെ മകള്‍ ആല്‍ഫൈന്റെ കൊലപാതകം ജോളി നിഷേധിച്ചു. താന്‍ ആല്‍ഫൈന് വിഷം കൊടുത്തിട്ടില്ലെന്നും കുഞ്ഞിന് ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയാണെന്നും ജോളി പറഞ്ഞു.

Top