കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വഴിവിട്ട ജീവിതത്തിനും, സ്വത്ത് തട്ടിയെടുക്കാനും ഭര്‍ത്താവ് റോയിയെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടും മൂന്നും പ്രതികളുടെ സഹായം ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ ആറ് കൊലപാതകങ്ങള്‍ നടന്ന കൂടത്തായി കേസില്‍ ആദ്യ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ അന്വേഷണ സംഘം തുടങ്ങി. 2011 ല്‍ കോടഞ്ചേരി പോലീസ് രജിസ്ട്രര്‍ ചെയ്ത റോയ് തോമസ് കൊലപാതക കേസിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കുക.വഴിവിട്ട ജീവിതത്തിനും, സ്വത്ത് കൈക്കലാക്കുന്നതിനും വേണ്ടിയാണ് ഒന്നാം പ്രതി ജോളി ഭര്‍ത്തായിരുന്ന റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് ഡി.വൈ.എസ്.പി ആര്‍.ഹരിദാസ് തയ്യാറാക്കുന്ന കുറ്റപത്രത്തിലുണ്ടാവുക.
വഴിവിട്ട ജീവിതം സംബന്ധിച്ച നിരവധി മൊഴികളും, യാത്ര ചെയ്തതിന്റെ രേഖകളും, ഫോണ്‍ സംഭാഷണമടക്കമുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വ്യാജ വില്‍പത്രം തയ്യാറാക്കി സ്വത്ത് തട്ടിയെടുത്തത് ചൂണ്ടികാട്ടി സ്വത്തുസമ്പാദന ലക്ഷ്യം തെളിയിക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. റോയ് തോമസ് സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന്റെ കയ്യിലുണ്ട്. ജോളി വീട്ടില്‍ നിന്ന് സയനൈഡ് എടുത്ത് നല്‍കിയതിനാല്‍ വിഷം നല്‍കിയത് ജോളി തന്നെയാണെന്ന് എളുപ്പത്തില്‍ തെളിയിക്കാന്‍ കഴിയുമെന്നും പ്രോസിക്യൂഷന്‍ കരുതുന്നു. കൊലപാതകം നടന്ന് എട്ട് വര്‍ഷം കഴിഞ്ഞ് പ്രതികളിലേക്ക് എത്തിയ കേസായതിനാല്‍ വളരെ സൂക്ഷ്മമായാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ കൈകാര്യം ചെയ്യുന്നത്.