തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധം തുടരണം: ആസൂത്രണ സമിതി; ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരമായി

കോട്ടയം: ചങ്ങനാശേരി നഗരസഭയുടെയും മണർകാട്, മാഞ്ഞൂർ ഗ്രാമ പഞ്ചായത്തുകളുടെയും വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഇതോടെ ജില്ലയിലെ 89 തദ്ദേശ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികൾക്ക് സമിതിയുടെ അംഗീകാരമായി.

നടപ്പു സാമ്പത്തിക വർഷത്തെ 15 -ാം ധനകാര്യ കമ്മീഷൻ വിഹിതം വിനിയോഗിക്കുന്നതിന് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പദ്ധതികളും ചെയർ പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മിയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി യോഗം അംഗീകരിച്ചു. ഇതിൽ 60 ശതമാനം പദ്ധതികളും കുടിവെള്ള വിതരണത്തിനും ശുചിത്വ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനുമുള്ളവയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

71 ഗ്രാമപഞ്ചായത്തുകൾ – 53.27 കോടി രൂപയുടെ 1170 പദ്ധതികൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ – 10.94 കോടി രൂപയുടെ 175 പദ്ധതികൾ, ആറു നഗരസഭകൾ 23.75 കോടി രൂപയുടെ 242 പദ്ധതികൾ, ജില്ലാ പഞ്ചായത്ത്- 10.98 കോടി രൂപയുടെ 94 പദ്ധതികൾ എന്നിങ്ങനെയാണ് ഈ വിഭാഗത്തിൽ സമർപ്പിച്ചിരുന്നത്.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലേബർ ബജറ്റ് അംഗീകാരത്തിനായി പാലാ, കോട്ടയം, വൈക്കം, ഏറ്റുമാനൂർ നഗരസഭകൾ സമർപ്പിച്ച പദ്ധതികൾക്കും അംഗീകാരം നൽകി.

മഴക്കാല പൂർവ്വ ശുചീകരണം, ദുരന്ത നിവാരണം എന്നിവയ്ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് യോഗം നിർദേശിച്ചു. വെള്ളക്കെട്ട് പരിഹരിക്കരിക്കുന്നതിനും മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമുള്ള പ്രോജക്ടുകൾക്ക് ഇതിനോടകം സമിതി അംഗീകാരം നൽകിയിട്ടുണ്ടെന്ന് അധ്യക്ഷ അറിയിച്ചു.

കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ജാഗ്രതാ സംവിധാനം സജീവമായി തുടരണം. ആൻറിജൻ കിറ്റുകൾ വങ്ങുന്നതിനും കോവിഡ് പരിശോധന പരമാവധി ചെയ്യുന്നതിനും മുൻഗണന നൽകണം. സി.എഫ്.എൽ.ടി.സികളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിന് ആവശ്യമായ സഹകരണം ഉറപ്പാക്കണം. വീടുകളിൽ ഐസൊലേഷൻ സൗകര്യമില്ലാത്ത രോഗികളെ നിർബന്ധമായും പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റണം.

പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു.

കോട്ടയം ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വര്ഷം 37 ഗ്രാമപഞ്ചായത്തുകളും 7 ബ്ലോക്ക് പഞ്ചായത്തുകളും 2 മുനിസിപ്പാലിറ്റികളും 100 % എക്‌സ്‌പെൻഡിച്ചറും, ജില്ലാ പഞ്ചായത്ത് 84% എക്‌സ്‌പെൻഡിച്ചറും ആക്കിയതോടെ ജില്ലക്ക് മൊത്തമായി 97.23 % എക്‌സ്‌പെൻഡിച്ചർ ആക്കാൻ സാധിച്ചു . സംസ്ഥാനത്തെ മികച്ച ജില്ലയായി കോട്ടയം ജില്ലയെ മാറ്റുവാൻ സാധിച്ചതിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ എം അഞ്ജന ഐ.എ.എസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ് എന്നിവർ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പ്രേത്യേകം അഭിനന്ദിച്ചു.

ജില്ലാ കളക്ടർ എം. അഞ്ജന, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ്, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.

Top