കൊച്ചി: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിന് ഇരയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ എട്ട് പേരെ പ്രതിചേര്‍ത്തു. വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയെ കൂടാതെ അഞ്ച് കന്യാസ്ത്രീകളെയും പ്രതിചേര്‍ത്തിട്ടുണ്ട്. അതേസമയം പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ എന്നിവര്‍ പ്രതിചേര്‍ത്തവരില്‍ ഉള്‍പ്പെടുന്നു. പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത് .പ്രതികളില്‍ റോബിന്‍ വടക്കുഞ്ചേരിയെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ തൃശൂരില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ഫാദര്‍ റോബിന്‍ വടക്കുംചേരി കണ്ണൂര്‍ സബ്ജയിലില്‍ റിമാന്‍ഡിലാണ്.
സംഭവത്തില്‍ കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റല്‍ അധികൃതര്‍, വൈത്തിരി അഗതി മന്ദിരം അധികൃതര്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പ്രസവത്തിന് സഹായം ചെയ്തുകൊടുത്ത കൊട്ടിയൂര്‍ സ്വദേശിനിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. വയനാട് ശിശുക്ഷേമ സമിതിയും വീഴ്ചവരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.സംഭവത്തില്‍ വയനാട് ജില്ലാ ശിശുക്ഷേമ സമിതി ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പ്രായം തെറ്റായി രേഖപ്പെടുത്തി സമിതി ഒത്തുകളിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.മാനന്തവാടി രൂപതാ പിആര്‍ഒ കൂടിയായ ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത് .അതേസമയം കൊട്ടിയൂരില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ വൈദികന് സംഭവിച്ചത് ഗുരുതരമായ തെറ്റാണെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി . കുറ്റം ചെയ്യുന്നവരെ സഭ സംരക്ഷിക്കില്ല . ഇത്തരം കുറ്റകൃതൃങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഭ ജാഗ്രത പുലര്‍ത്തുമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആലഞ്ചേരി .
പീഡനത്തിനിരയായ പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് മാനന്തവാടി രൂപതയും രംഗത്തുവന്നിരുന്നു. ഇരയാക്കപ്പെട്ടവരുടെ കണ്ണീരില്‍ പങ്കുചേരുന്നുവെന്നും വൈദികനില്‍ നിന്നുണ്ടായ പെരുമാറ്റം ഉള്‍ക്കൊള്ളാനാകുന്നില്ലന്നുമായിരുന്നു മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പ്രതികരിച്ചത് . സംഭവത്തെ നിസാരവത്കരിച്ചുകൊണ്ടുള്ള കെ.സി.ബി.സി യുടെ പ്രതികരണവും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള കാത്തോലിക്കസഭയുടെ സണ്‍ഡേ ശാലോം എന്ന ലേഖനത്തില്‍ വന്ന പ്രസിദ്ധീകരണവുമെല്ലാം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു ഇതിനെ തുടര്‍ന്നാണ് മാനന്തവാടി അതിരൂപതയും സീറോ മലബാര്‍ സഭയും വൈദികനെതിരെ രംഗത്തുവന്നത്.
അതിനിടെ വൈദികന്റെ ബലാത്സംഗക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. ചെയര്‍മാന്‍ ഫാ.തോമസ് തേരകത്തെ പുറത്താക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. തെളിവ് നശിപ്പിക്കലില്‍ പങ്കാളിയായെന്ന് ആരോപണമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായ കന്യാസ്‌ത്രീയെയും പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ മന്ത്രി അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.