കൊച്ചി: കോവളം പനത്തുറയില്‍ വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് തേഞ്ഞുമാഞ്ഞു പോകാന്‍ സാധ്യത. പൊലീസ് ആരോപിക്കുന്ന കുറ്റം ചെയ്യാന്‍ സാധ്യതയില്ലാത്തവരാണ് പ്രതികളായി ജയിലടക്കപ്പെട്ടിരിക്കുന്നവര്‍. ഇവരാണോ യഥാര്‍ത്ഥ പ്രതികള്‍ എന്നുള്ള സംശയം വര്‍ദ്ധിക്കുകയാണ്. യഥാര്‍ഥ പ്രതികളല്ലാത്തവരെ ഉപയോഗിച്ച് കേസ് എത്രയും വേഗം ഒതുക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കൊലല്‌പ്പെട്ട വിദേശ വനിതയുടെ സഹോദരിയുടെ ഫെയ്‌സ്ബുക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.
ശാസ്ത്രീയ പരിശോധനകളില്‍ മാനഭംഗത്തിന് തെളിവില്ലാതായതും, മാനഭംഗമല്ലാതെ കൊലപാതകത്തിന് മറ്റൊരു പ്രേരണ കണ്ടെത്താനാവാത്തതും കേസ് ദുര്‍ബലമാക്കിയിരിക്കുകയാണ്. ശാസ്ത്രീയ തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കാന്‍ പൊലീസിന് കഴിയുന്നില്ല. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാത്തതിനാല്‍ കേസിലെ ഒന്നാംപ്രതി ഉമേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശാസ്ത്രീയ തെളിവുകള്‍ പരസ്പരം കോര്‍ത്തിണക്കിയാണ് കുറ്റം തെളിയിച്ചതെന്നായിരുന്നു പൊലീസിന്റെ അവകാശവാദം.
ലഹരിയില്‍ ഉന്മത്താവസ്ഥയിലായിപ്പോയ യുവതിയെ പ്രതികളായ ഉദയനും ഉമേഷും ചേര്‍ന്ന് രാവിലെ പത്തര മുതല്‍ വൈകിട്ട് അഞ്ചരവരെ മാനഭംഗപ്പെടുത്തിയെന്നും വൈകിട്ട് കഞ്ചാവിന്റെ ലഹരി വിട്ടുണര്‍ന്ന യുവതി എതിര്‍ത്തതോടെ ഇരുവരും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. എന്നാല്‍ മാനഭംഗം ശാസ്ത്രീയമായി തെളിയിക്കാന്‍ തെളിവുകളില്ലെന്നാണ് ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട്. മൃതദേഹം 36 ദിവസത്തോളം അഴുകിയതിനാല്‍ സാധാരണ മാനഭംഗക്കേസുകളിലേതുപോലെ പുരുഷബീജം, ശരീരസ്രവം, ഡി.എന്‍.എ സാമ്പിളുകള്‍ എന്നിവയൊന്നും കണ്ടെത്താനായില്ല. ഒറ്റപ്പെട്ട കണ്ടല്‍ക്കാട്ടിലെ കൊലയ്ക്ക് ദൃക്‌സാക്ഷികളുമില്ല. മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുശേഷം കണ്ടെടുത്ത ഡി.എന്‍.എ സാമ്പിളുകള്‍ തെളിവാക്കിയാണ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. ഇന്‍ക്വസ്റ്റ് സമയത്ത് സംഭവസ്ഥലത്തുനിന്ന് കണ്ടെത്താത്ത തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നതും പൊലീസിനെ കുഴയ്ക്കുന്നു.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ കൂട്ടിയിണക്കി കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമിച്ചത്. യൂറോപ്യന്‍ യൂണിയനും എംബസിയും വിദേശമാദ്ധ്യമങ്ങളും നിരീക്ഷിക്കുന്ന കേസ് പൊലീസിന് നാണക്കേടുണ്ടാക്കുന്ന സ്ഥിതിയാണിപ്പോള്‍. പത്തു ദിവസത്തിനകം കുറ്റപത്രം നല്‍കുമെന്ന് അന്വേഷണസംഘത്തലവന്‍ എ.സി.പി ജെ.കെ. ദിനില്‍ പറഞ്ഞു.