പ്രണയ വഞ്ചനയില്‍ യുവതി ആത്മഹത്യ ചെയ്തു; മൃതദേഹവുമായി നാട്ടുകാര്‍ കാമുകന്റെ വീടിനുമുന്നലെത്തി; വീട്ടുകാരുമായി കാമുകന്‍ മുങ്ങി

കോവളം: കാമുകനെതിരെ ആത്മഹത്യകുറിപ്പെഴുതി യുവതി തൂങ്ങിമരിച്ചു. മൃതദേഹവുമായി നാട്ടുകാര്‍ കാമുകന്റെ വീട് ഉപരോധിച്ചു. കോവളത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആത്മഹത്യാക്കുറിപ്പിലൂടെ കാമുകന്റെ കള്ളക്കളിയറിഞ്ഞ നാട്ടുകാര്‍ മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി. ഇതറിഞ്ഞതോടെ ഇയാളും കുടുംബവും സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് വിഴിഞ്ഞം റോഡില്‍ ഉച്ചക്കട ജംഗ്ഷനില്‍ നാട്ടുകാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കാമുകനെതിരെ പൊലീസ് നടപടി ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

കോട്ടുകാല്‍ പുലിയൂര്‍കോണം ആശാ ഭവനില്‍ ചന്ദ്രന്റെയും സുജാതയുടെയും മകള്‍ ആശാ ചന്ദ്രനാണ് (24)മരിച്ചത്. എം.എസ്.സി മാത്‌സ് പഠനശേഷം പി.എസ്.സി കോച്ചിംഗിന് പോകുകയായിരുന്ന ആശയെ ഇന്നലെ രാത്രി ഏഴോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ബെഡ് റൂമിനോട് ചേര്‍ന്ന കുളിമുറിയില്‍ ഷാളില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. വീട്ടുകാര്‍ ഒരു വിവാഹസല്‍ക്കാരചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. മടങ്ങി എത്തിയ വീട്ടുകാര്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഴിഞ്ഞം സിസിലിപുരം സ്വദേശിയായ അനൂപ് എന്ന യുവാവുമായി യുവതി പ്രണയത്തിലായിരുന്നുവെന്നു. ഇയാള്‍ വഞ്ചിച്ചതാണ് മരണത്തിന് കാരണമെന്നും വര്‍ഷങ്ങളായി ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് യുവതിയെ പീഡിപ്പിച്ചിട്ടുള്ളതായി കത്തിലുണ്ടെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ മൃതദേഹം അനൂപിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഇതറിഞ്ഞ ഇയാളും വീട്ടുകാരും വീട് പൂട്ടി ഒളിവില്‍പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ബാലരാമപുരം വിഴിഞ്ഞം റോഡില്‍ ഉച്ചക്കട ജംഗ്ഷനില്‍ മൃതദേഹവുമായി കുത്തിയിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു.

തുടര്‍ന്ന് വിഴിഞ്ഞം സിഐ നൂഉമാന്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top