കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ 23 വൃദ്ധരെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ 23 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അമ്പത് വയസിലേറെ പ്രായമുള്ളവരാണ് ആശുപത്രിയില്‍ ഉള്ളത്. മലയാളികള്‍ക്ക് പുറമേ കന്നട, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരും കൂട്ടത്തിലുണ്ട്. ചികിത്സക്കായി ബന്ധുക്കള്‍ എത്തിച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു പലരെയും. ചുരുക്കം ചിലരെ മെഡിക്കല്‍ കോളെജില്‍ നിന്നും ചിലരെ തെരുവില്‍ നിന്നുമാണ് എത്തിച്ചിട്ടുള്ളത്. ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തെരുവിന്റെ മക്കള്‍ എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് ഇവരെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. രണ്ട് മാസമായി ഇവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നത് ഈ സംഘടനയാണ്. സംഭവമറിഞ്ഞ് ലീഗല്‍ അഥോറിറ്റി സെക്രട്ടറി എം.പി. ജയരാജ് ആശുപത്രിയിലെത്തി രോഗികളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. ബന്ധുക്കള്‍ ഉണ്ടായിട്ടും സംരക്ഷിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും വയോജന സുരക്ഷ നിയമപ്രകാരം സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top