കോഴിക്കോട് കനത്ത മഴ; കക്കയം വാലിയിൽ ഉരുൾപൊട്ടൽ; വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ. വിനോദസഞ്ചാര കേന്ദ്രമായ കക്കയത്താണ് ഉരുൾപൊട്ടലുണ്ടായത്. കക്കയം ഡാമിലേക്കുള്ള വഴിയായ കക്കയം വാലിയിലാണ് വെള്ളിയാഴ്ച വൈകീട്ട് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയതിനെ തുടർന്ന് കക്കയം ഡാം സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളും, ഡാം ഉദ്യോഗസ്ഥരും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് ഗതാഗതം പുനസ്ഥാപിച്ചാൽ മാത്രമേ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കും ഡാം ഉദ്യോഗസ്ഥർക്കും പുറത്തെത്താനാകു. എന്നാൽ കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വിവരമറിഞ്ഞ് സമീപത്തെ അഗ്നിശമന സേനാംഗങ്ങളും പോലീസും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച വൈകീട്ട് മുതൽ കോഴിക്കോട് ജില്ലയിൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വടകര, വളയം, കുറ്റ്യാടി, കക്കയം തുടങ്ങിയ മേഖലകളിലാണ് കനത്ത മഴ പെയ്തത്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നും, എന്നാലിത് തുലാവർഷത്തിന്റെ ആരംഭമല്ലെന്നുമായിരുന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ മുന്നറിയിപ്പ്.

Top