വഴി ചോദിച്ച അപരിചിതന്‍ തലയ്ക്കടിച്ച് ഹോട്ടലില്‍ കൊണ്ടുപായി; കോഴിക്കോട് യുവാവിന് നേരേ പീഡനശ്രമം  

 

കോഴിക്കോട്: ഗവേഷക വിദ്യാര്‍ത്ഥിയായ യുവാവിനു പീഡനശ്രമം. ആല്‍ബിന്‍ കിഷോരിയെന്ന യുവാവാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ പീഡനം നേരിട്ടത്. വെള്ളിയാഴ്ച രാത്രി ആല്‍ബിന്‍ അപരിചിതനോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു. താനും ആ വഴിയാണെന്ന പറഞ്ഞയാള്‍ യുവാവിനെ ബൈക്കില്‍ കയറ്റികൊണ്ടു പോവുകയായിരുന്നു. സ്റ്റേഷന്‍ കഴിഞ്ഞിട്ടും വാഹനം നിര്‍ത്താതെയായതോടെ ആല്‍ബിന്‍ ബഹളം വെച്ചതോടെ തലയ്ക്ക് അടിച്ച് കൊണ്ടു പോവുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഹോട്ടലിലേക്ക് കൊണ്ടുപോയ പ്രതി പീഡിപ്പിക്കാനും ശ്രമിച്ചെന്ന് ആല്‍ബിന്‍ പറയുന്നു. ഹോട്ടലില്‍ നിന്നും പുലര്‍ച്ചെയോടെയാണ് ആല്‍ബിന്‍ രക്ഷപ്പെട്ടത്. അക്രമത്തില്‍ പരിക്കേറ്റ ആല്‍ബിന്‍ ഭിന്നലിംഗക്കാരനായ സുഹൃത്തിനൊപ്പം രാവിലെ അഞ്ചുമണിയ്ക്ക് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇങ്ങനെയുള്ളവരുടെ കൂടെ നടക്കുന്നതിനാലാണ് നിനക്ക് ഇത് നേരിടേണ്ടി വന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. തുടര്‍ന്ന് 12 മണിയോളം ഇവരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജില്‍ പോയി വൈദ്യ പരിശോധനയ്ക്ക് വിധേയനാകാനും പൊലീസ് ആവശ്യപ്പെട്ടു. പിന്നീട് സംഭവം ടൗണ്‍സ്റ്റേഷനിലല്ലെന്നും കസബ സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ കസബ സ്റ്റേഷനിലെത്തിയപ്പോഴും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നതെന്ന് ഇവര്‍ പറയുന്നു. പിന്നീട് സി.ഐയ്ക്ക് പീഡനശ്രമത്തിനും ഒപ്പം പൊലീസിന്റെ നിരുത്തരവാദത്തിനെതിരെ കമ്മീഷണര്‍ക്കും പരാതി നല്‍കി.

Top