തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ കനത്ത സുരക്ഷ ഒരുക്കിയിരിക്കയാണ് .സുരക്ഷയുടെ ഭാഗമായി ഭക്തരുടെ ഇരുമുടിക്കെട്ട് പരിശോധിക്കാമെന്ന ധാരണ സര്‍ക്കാരിനും പൊലീസിനും വേണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി രമേശും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി.ശശികലയും .
“അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ട് പരിശോധിക്കണമെങ്കില്‍ ബെഹ്‌റാജി പൊലീസിന്റെ സ്വന്തം ചെലവില്‍ (ദേവസ്വം ബോര്‍ഡിന്റെ ചെലവിലല്ല) സ്‌കാനര്‍ വാങ്ങണം. ഗുരുസ്വാമിമാര്‍ മുറുക്കിയ കെട്ട് അഴിക്കാന്‍ വല്ല പൂതിയുമുണ്ടെങ്കില്‍ അത് വേണ്ട’ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശശികല അറിയിച്ചു.
‘പൊലീസിനെ ഉപയോഗിച്ച് അയ്യപ്പനെ ബന്ധിയാക്കി ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന് വലിയ വില നല്‍കേണ്ടിവരും. ഇരുമുടിക്കെട്ട് പരിശോധിക്കാന്‍ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല. സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്’ എം.ടി രമേശ് കോഴിക്കോട് പറഞ്ഞു.
എന്നാല്‍ ഭക്തരുടെ ഇരുമുടിക്കെട്ട് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള അറിയിപ്പുകളും ഇതുവരെയും സര്‍ക്കാര്‍ പ്രതിനിധികളോ പൊലീസോ അറിയിച്ചിട്ടില്ല. സന്നിധാനത്ത് കനത്ത സുരക്ഷ ഒരുക്കുമെന്നും വേണ്ടിവന്നാല്‍ മുതിര്‍ന്ന വനിതാ പൊലീസുകാരെ സ്ഥലത്ത് നിയോഗിക്കുമെന്നും നേരത്തേ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചിരുന്നു.
അതേസമയം ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ ശബരിമലയും പരിസരവും ശക്തമായ പൊലീസ് വലയത്തിൽ ആണ് . സന്നിധാനം അടക്കം 4 ഇടങ്ങളിൽ നിരോധനാജ്ഞ നിലവിൽ വന്നു. സായുധ കമാൻഡോകളടക്കം 2300 പൊലീസ് സേനാംഗങ്ങളെയാണ് സുരക്ഷ ചുമതലക്കായി വിന്യസിക്കുക.
എ.ഡി.ജി.പി അനിൽ കാന്ത് ഐ.ജിമാരായ പി. വിജയൻ. രാഹുൽ ആർ. നായർ, എം.ആർ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം. 2300 അംഗ പൊലീസ് സേനയിൽ 100 പേർ വനിതകളും 20 സായുധ കമാൻഡോകളും ഉണ്ടാകും. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള പ്രദേശത്തിന്റെ ചുമതല ഐ.ജി എം.ആർ അജിത്തിനാണ്.
ഇലവുങ്കൽ, നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഇന്നലെ അർധരാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വന്നു. വിവിധ പ്രദേശങ്ങളിൽ പൊലീസ് വിന്യാസവും പൂർത്തിയായി വരുന്നു. നാളെ വൈകിട്ട് 5 നാണ് നട തുറക്കൽ ചൊവ്വാഴ്ച രാത്രി 10 ന് നട അടക്കും. അന്നേ ദിവസം അർധരാത്രി വരെ നിരോധനാജ്ഞ നിലവിലുണ്ടാകും. തിങ്കളാഴ്ച രാവിലെ 8 മണിയോടെ മാത്രമെ മാധ്യമ പ്രവർത്തകരെ നിലക്കലിൽ നിന്ന് കടത്തി വിടുകയുള്ളൂ. ദർശനത്തിനെത്തുന്നവരെ വൈകിട്ട് 4 മണിയോടെയും കടത്തി വിടും.