കൊച്ചി: രാജ്യസഭാ സീറ്റ് മാണിക്ക് രഹസ്യമായി വിറ്റ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ തുടരുന്ന കലാപം കൂടുതല്‍ രൂക്ഷമാകുന്നതായി സൂചന. ഇതിന്റെ പ്രതിഫലനമായി കോണഗ്രസുകാരുടെ തറവാടായ കെപിസിസി ആസ്ഥാനം ഒഎല്‍എക്്‌സില്‍ വരെയെത്തുന്ന സ്ഥിതിയായി. 10000 രൂപയ്ക്ക് കെപിസിസി ആസ്ഥാന മന്ദിരം വില്‍ക്കാനുശണ്ടെന്ന പരസ്യം ഒഎല്‍എക്‌സിലാണ് പ്രത്യക്ഷപ്പെട്ടത്.
അനീഷ് എന്ന ഐഡി വഴിയാണ് പരസ്യം. 10000 രൂപ വിലയിട്ടിരിക്കുന്ന കെട്ടിടത്തിനായി ആവശ്യകാര്‍ മുസ്ലിം ലീഗിനെയോ കേരള കോണ്‍ഗ്രസിനെയോ ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം.
എന്നാല്‍ ഈ പരസ്യം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഒഎല്‍എക്സില്‍ പ്രോപ്പര്‍ട്ടീസ് വിഭാഗത്തില്‍ തിരുവനന്തപുരത്താണ് ഈ പരസ്യം ഉളളത്. ഇന്നലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഇതിനോടകം 200ലേറെ പേര്‍ പരസ്യം കണ്ടിട്ടുണ്ട്. എന്നാല്‍ ഐഡിയുടെ യഥാര്‍ത്ഥ ഉടമയുടെ ഫോണ്‍ നമ്പര്‍ പരസ്യത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തുകളും കരിങ്കൊടിയും വെച്ചുള്ള പ്രതിഷേധമാണ് ഇന്നലെ വാര്‍ത്തകളില്‍ നിറഞ്ഞത്. എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. നേരത്തെ മലപ്പുറത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ഓഫീസിന് മുന്നിലെ പതാക താഴ്ത്തിക്കെട്ടി അതിന് മുകളില്‍ മുസ്ലിം ലീഗിന്റെ പതാക കെട്ടിയും പ്രതിഷേധമുണ്ടായിരുന്നു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഘടകക്ഷികളുടെ മുന്നില്‍ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പ്പെടുന്നുവെന്നാണ് ആരോപണം ഉയരുന്നത്. ഇതില്‍ പ്രധാനമായും മുസ്ലിം ലീഗിനെയാണ് കുറ്റപ്പെടുത്തുന്നത്. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് ലഭിച്ചതിന് പിന്നില്‍ മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദമായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
മുന്‍പ് കെ കരുണാകരനാണ് കൊച്ചിയിലായിരുന്ന കെപിസിസി ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് പോരില്‍ എ ഗ്രൂപ്പിന്റെ സ്വാധീനം കുറയ്ക്കാനായിരുന്നു ഇതിലൂടെ കെ കരുണാകരന്‍ ലക്ഷ്യമിട്ടത്.
ഇതിനായാണ് തിരുവനന്തപുരത്ത് വെളളയമ്പലം ശാസ്തമംഗലം റോഡിലാണ് ഇന്ദിര ഭവന്‍ സ്ഥാപിച്ചത്. എന്നാല്‍ കെ കരുണാകരന് പിന്നീട് പാര്‍ട്ടി വിട്ട് പുറത്തുപോകേണ്ടി വന്നു. എ ഗ്രൂപ്പ് പാര്‍ട്ടിക്കകത്ത് സ്വാധീനം ഉറപ്പിക്കുകയും ചെയ്തു.