തിരുവനന്തപുരം: ആരോഗ്യമന്ത്രി മന്ത്രി കെ.കെ. ശൈലജയെ അധിക്ഷേപിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് നടത്തിയ പരാമര്‍ശം യുഡിഎഫിന് അവമതിപ്പുണ്ടാക്കിയെന്ന് യു.ഡി.എഫില്‍ പൊതുവികാരം. കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അമര്‍ഷമാണ് ഇക്കാര്യത്തില്‍ പുകയുന്നത്. നേരത്തെതന്നെ മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനരീതിയോട് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും യോജിപ്പില്ല. ഇരുഗ്രൂപ്പുകളും മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരുമല്ല. പാര്‍ട്ടി പ്രവര്‍ത്തകരേയോ നേതാക്കളേയൊ പരിഗണിക്കാതെ സ്വന്തം താല്‍പര്യമാണ് അദ്ദേഹം നടപ്പാക്കുന്നതെന്നാണ് പൊതുവിലെ ആരോപണം.
ഇതിനിടയില്‍ കഴിഞ്ഞദിവസത്തെ സമരത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ഇത്തരമൊരു പ്രസ്താവന നടത്തിയ ബോധപൂര്‍വ്വമല്ലെന്ന് കരുതാനാവില്ലെന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. ഇത് പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് ദോഷം ചെയ്യും. പ്രസ്താവനയുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ നിലപാടില്‍ അയവുവരുത്തി പ്രശ്‌നത്തെ ഒതുക്കുന്നതിന് പകരം കടുംപിടുത്തം പിടിച്ച് വിഷയം വഷളാക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ ശ്രദ്ധയിലും ഇക്കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.
അനവസരത്തില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത് ബോധപൂര്‍വ്വമാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗവും കരുതുന്നു. ഇതോടെ മുല്ലപ്പള്ളി രാമചന്ദ്രനെതിരായി പാര്‍ട്ടിയില്‍ പടയൊരുക്കത്തിന് ആക്കം കൂടി.വ്യക്തിപരമായ അധിക്ഷേപങ്ങളില്ലാതെ വസ്തുതകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധിക്കണമെന്ന യു.ഡി.എഫിന്റെ നിലപാടിനാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന തടയിട്ടതെന്നാണ് മുന്നണിയിലെ വികാരം. പൗരത്വനിയമഭേദഗതിയിലും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളിലുമൊക്കെപ്പെട്ട് യു.ഡി.എഫില്‍ നിന്നും അകന്നുപോയ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലീംവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിന് നടത്തിയ നീക്കത്തിനാണ് ഈ പ്രസ്താവന തുരങ്കം വച്ചതെന്നും അവര്‍ വിലയിരുത്തുന്നു.
കോവിഡിന്റെ തുടക്കസമയത്ത് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി ശൈലജയെ അപമാനിച്ചുവെന്ന തരത്തില്‍ ശക്തമായ പ്രതിഷേധം പ്രതിപക്ഷത്തിന് നേരെ ഉയര്‍ന്നിരുന്നു. പൊതുസമൂഹത്തില്‍ നിന്നും അത്തരമൊരു പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്താതെ വിഷയങ്ങളിലൂന്നികൊണ്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയെന്ന തന്ത്രം യു.ഡി.എഫ് ആവിഷ്‌ക്കരിച്ചത്. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ ആ നിലപാടുമായാണ് മുന്നോട്ടുപോയിക്കൊണ്ടിരുന്നതും. അതിനിടയിലാണ് അതിനൊക്കെ തുരങ്കം വയ്ക്കുന്ന രീതിയില്‍ ഇത്തരമൊരു പ്രസ്താവന വന്നത്.
മാത്രമല്ല, മലബാറില്‍ മുസ്ലീം മേഖലകളില്‍ സി.പി.എം ശക്തമായ കടന്നുകയറ്റത്തിനാണ് ശ്രമിക്കുന്നത്. പൗരത്വനിയമഭേദഗതിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അതിനായാണ് അവര്‍ ഉപയോഗിച്ചതും. അതോടൊപ്പം തന്നെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉയര്‍ത്തികൊണ്ടുവന്ന പ്രതിച്ഛായയും ഇതിനൊക്കെ സഹായകരമാകുന്ന അവസ്ഥയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് പ്രവാസിവിഷയം ഉയര്‍ത്തികൊണ്ട് അതിനെ പ്രതിരോധിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതും. ഗള്‍ഫ്‌നാടുകളിലെ പ്രവാസികളോട് മാത്രമാണ് സര്‍ക്കാര്‍ വിവേചനം കാട്ടുന്നതെന്ന ആരോപണമാണ് കഴിഞ്ഞദിവസത്തെ സമരത്തിന് മുന്നോടിയായി പ്രതിപക്ഷനേതാവ് ഉയര്‍ത്തിയതും.
ഇതോടൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടിയേയും ഉപയോഗിച്ചുകൊണ്ട് മലബാര്‍ മേഖലയില്‍ സി.പി.എമ്മിന്റെ കടന്നുകയറ്റം ചെറുക്കാനുള്ള തന്ത്രമാണ് ആവിഷ്‌ക്കരിച്ചത്. എന്നാല്‍ മുല്ലപ്പള്ളിയുടെ ഒറ്റ പ്രസ്താവനയോടെ അതൊക്കെ അപ്രസക്തമായി. സമരത്തിന്റെ ഉദ്ദേശത്തിന് പകരം കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ പ്രധാനപ്പെട്ട ചര്‍ച്ചയായിരിക്കുന്നത്. ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും മുന്നണിയില്‍ വിലയിരുത്തലുണ്ട്.
അതേസമയം ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരായ വിമര്‍ശനത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്ലിം ലീഗ്. കെപിസിസി പ്രസിഡന്‍റ് അത്തരത്തിലൊരു പരമാര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മലപ്പുറത്ത് പറഞ്ഞു. കെപിസിസിയുടെ സമുന്നതനായ നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യമന്ത്രിക്ക് എതിരായ പരമാര്‍ശം ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗ് നിലപാട്. പ്രസ്താവനയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്തം മുല്ലപ്പള്ളിക്കാണ്. അത് യുഡിഎഫിന്‍റെ അഭിപ്രായം അല്ലെന്നും മുസ്ലിം ലീഗ് നിലപാടെടുത്തു. എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെയാണ്. പ്രസ്താവന പിന്‍വലിക്കണോ വേണ്ടയോ എന്ന നിലപാട് എടുക്കേണ്ടത് അദ്ദേഹമാണ്. എന്നാല്‍ നടത്തിയ പരാമര്‍ശം ശരിയായില്ലെന്നും വ്യക്തിപരമായ പരാമര്‍ശം ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ലീഗിന്‍റെ അഭിപ്രായമെന്നും കെപിഎ മജീദ് വ്യക്തമാക്കി.
മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ പേരില്‍ പ്രതിപക്ഷത്തെ ഒന്നടങ്കം വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും മജീദ് ചൂണ്ടിക്കാണിച്ചു. നിപ വന്ന സമയത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരുമായി സഹകരിച്ച് പോന്നിട്ടുണ്ടെന്നും മജീദ് പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസിനകത്തും അതൃപ്തിയുണ്ട്. പ്രവാസികളുടെ വിഷയത്തില്‍ സര്‍ക്കാറിനെതിരെ നീങ്ങിയ പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു മുള്ളപ്പള്ളിയുടെ പ്രസ്താവനയെന്നാണ് യുഡിഎഫിന്‍റെ പൊതുവായുള്ള വിലയിരുത്തല്‍.