സുഖമില്ലാതെ കഴിയുന്ന അമ്മയെ കാണണം; കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി തേടി പികെ കൃഷ്ണദാസ്

അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കുന്നതിനായി കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള കൃഷ്ണദാസിന് മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് കേരളത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചത്.

പാലക്കാട്‌ ലക്കിടി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലെ ജാമ്യ വ്യവസ്ഥയിലാണ് കേരളത്തിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെത്തിയ പ്രതി തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യത മുന്നില്‍ നിര്‍ത്തിയാണ് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പികെ കൃഷ്ണദാസിന്റെ ജാമ്യം നിഷേധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി നാട്ടില്‍ പോവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണദാസും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

മതിയായ രേഖകളില്ലാതെ സമര്‍പ്പിച്ച അപേക്ഷയില്‍ കൃഷ്ണദാസിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനുമെതിരെ ഷഹീര്‍ ഷൗക്കത്തലിയാണ് കൃഷ്ണദാസിനെതിരെ പരാതി നല്‍കിയത്. ജിഷ്ണു പ്രണോയ് മരിക്കുന്നതിന് മൂന്നു ദിവസം മുന്‍പായിരുന്നു സംഭവം നടന്നത്.

കോളേജിലെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിക്കുന്നതിലേക്ക് നയിച്ചത്.

Top