വൈദ്യുതിപ്പോസ്റ്റുകൾ കൊലമരങ്ങളാകരുത്!

ഇക്കഴിഞ്ഞ ദിവസവും രണ്ടു വൈദ്യുതിത്തൊഴിലാളികൾ ജോലിക്കിടെ കൊല്ലപ്പെട്ടു. കെ എസ് ഇ ബിയിലെ മുപ്പതോളം തൊഴിലാളികളാണ് ഓരോ വർഷവും വൈദ്യുതാഘാതമേറ്റ് മരണമടയുന്നത്. ശരാശരി, ഒരു മാസം 3 പേർ! ഒരു പരിഷ്കൃതസമൂഹത്തിലെ സാങ്കേതികസ്ഥാപനമെന്ന നിലയിൽ എത്ര നാണം കെട്ട കണക്കാണിതെന്നോർക്കണം. ഗുരുതരമായും അല്ലാതെയും പരിക്കേൽക്കുന്നവരുടെയും അംഗവിഹീനരാവുന്നവരുടെയും കണക്ക് ഇതിലും എത്രയോ ഏറെയാണ്.

 

സുരക്ഷാ ഉപകരണങ്ങളെല്ലാം ഇന്ന് എല്ലായിടവും യഥേഷ്ടം ലഭ്യമാണ്. ബോധവൽക്കരണത്തിനും ഒരു കുറവുമില്ല. എങ്കിലും ‘നമ്മളിതെത്ര കണ്ടതാ..’ എന്ന നിസാരഭാവം കേരളത്തിലെ വൈദ്യുതിത്തൊഴിലാളിക്കുണ്ട്. അത് അപകടത്തിന്റെ തോത് വല്ലാതെ കൂട്ടുന്നു. ഈ വിഷയത്തെ സംബന്ധിച്ച്, ഐക്യരാഷ്ട്രസഭയുടെ ദുരന്തലഘൂകരണവിഭാഗം തലവനായ ശ്രീ. മുരളി തുമ്മാരുകുടിയോട് സംസാരിച്ചതിന്റെ കൂടി വെളിച്ചത്തിലാണ് ഈ കുറിപ്പ്

 

ഇന്ന് കെ എസ് ഇ ബിയിലുള്ള safety wing എക്സിക്യുട്ടിവ് എഞ്ചിനിയറുടെ കീഴിൽ ഒരു അസിസ്റ്റന്റ് എഞ്ചിനിയർ മാത്രമുള്ള തീരെച്ചെറിയ ഒരു വിഭാഗമാണ്. അപകടമരണം കുറയ്ക്കാൻ അടിയന്തിരമായി വേണ്ടത് കെ എസ് ഇ ബിയിൽ ഒരു Dedicated സുരക്ഷാ വിഭാഗത്തിനു രൂപം നൽകുക എന്നതാണ്. APTS (Anti Power Theft Squad) ന്റെയൊക്കെ ശൈലിയിൽ പ്രവർത്തിക്കുന്ന തികച്ചും സ്വതന്ത്രമായ ഒരു വിഭാഗമാകണം അത്. സംസ്ഥാനവ്യാപകമായി ഈ വിഭാഗം പ്രവർത്തിക്കണം. സുരക്ഷാ ഉപകരണങ്ങൾ യഥേഷ്ടം ലഭ്യമാക്കുക, ശാസ്ത്രീയമായ സുരക്ഷാ- അടിയന്തിര ജീവൻരക്ഷാ പരിശീലനങ്ങൾ നൽകുക, സുരക്ഷാ നിയമങ്ങൾ പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുക, സുരക്ഷാ നടപടികളിലെ ലംഘനത്തിന് കർശനമായ ശിക്ഷണ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ചുമതലകളും മെച്ചപ്പെട്ട അധികാരങ്ങളും ഈ സുരക്ഷാവിഭാഗത്തിനുണ്ടാകണം. സാമ്പത്തികമായും തൊഴില്പരവുമായ കൈയ്യയച്ച സഹായം മാനേജ്‌മെന്റ് ഈ വിഭാഗത്തിനു നൽകണ. സുരക്ഷാ മേഖലയിൽ പരിശീലനം സിദ്ധിച്ചവരാകണം ഈ വിഭാഗത്തെ നയിക്കാൻ.

ഒരു അപകടം നടന്നാലുടൻ പോലിസ് ശൈലിയിൽ ‘അന്വേഷണം’ നടത്തി, ഏതെങ്കിലും ഒരു സബ് എഞ്ചിനിയറെയോ ഓവർസിയറെയോ കണ്ടെത്തി സസ്പെന്റ് ചെയ്ത് കൈകഴുകുന്ന തികച്ചും അശാസ്ത്രീയമായ കീഴ്‌വഴക്കം ഇനിയെങ്കിലും നിർത്തണം. അപകടത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്തുകയും അത് ആവർത്തിക്കാതിരിക്കുന്നതിനു വേണ്ട ഭാവനാപൂർണ്ണവും കാര്യക്ഷമവുമായ നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത്.

ആദ്യഘട്ടമെന്ന നിലയിൽ ഇക്കഴിഞ്ഞ കുറെ കൊല്ലങ്ങളിലെ അപകടങ്ങളുടെ മൂലകാരണങ്ങളും പശ്ചാത്തലവുമൊക്കെ പഠിച്ച് നാലോ അഞ്ചോ സുരക്ഷാമുദ്രാവാക്യങ്ങൾ ഒരുക്കുകയും അവ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശനശിക്ഷ നൽകാനും വകുപ്പുണ്ടാകണം.

ഒരപകടം നടന്നാൽ എങ്ങനെ അടിയന്തിരസാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റിയും, ദുരന്തലഘൂകരണപ്രവർത്തനങ്ങളെപ്പറ്റിയും ജീവനക്കാർക്ക് വ്യക്തമായ ധാരണയുണ്ടാക്കിക്കൊടുക്കണം. സേഫ്റ്റി/ഫയർ ഡ്രില്ലുകൾ കൃത്യമായ ഇടവേളകളിൽ നടത്തണം. കെ എസ് ഇ ബിയുടെ സ്ഥാപനങ്ങളിലെ അഗ്നി ശമനോപാധികളുൾപ്പെടെയുള്ള സുരക്ഷാമുൻകരുതലുകളും സുരക്ഷാ ഉപകരണങ്ങളും കുറ്റമറ്റതായി സൂക്ഷിക്കണം

ജീവന്റെ സുരക്ഷയാണ് പരമപ്രധാനം. സാമ്പത്തിക സുരക്ഷ അതിനൊക്കെ ശേഷമേ വരുന്നുള്ളൂ… അതുകൊണ്ടുതന്നെ പുതിയ ശമ്പളക്കരാറിന്റെ ചർച്ച നടക്കുന്ന പശ്ഛാത്തലത്തിൽ ഇക്കാര്യം മാനേജ്‌മെന്റും ഭരണകൂടവും ഗൗരവമായിത്തന്നെ പരിഗണിക്കണം.

 

 

Top