കെ.എസ്.ആര്‍.ടി.സിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവ്. പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരും പ്രതിവര്‍ഷം 120 ദിവസത്തില്‍ കുറച്ചു മാത്രം ജോലി ചെയ്യുന്നവരുമായ എംപാനല്‍ കണ്ടക്ടര്‍മാരെ ഒരാഴ്ചക്കുള്ളില്‍ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. അഡൈ്വസ് മെമ്മോ അയച്ചിട്ടുപോലും കണ്ടക്ടര്‍മാരുടെ പി.എസ്.സി ലിസ്റ്റില്‍ നിന്നും നിയമനം നടക്കാതെ വന്നപ്പോഴാണ് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.
നിലവില്‍ 7800 ല്‍പരം എംപാനല്‍ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉള്ളത്. ഇതില്‍ 3600 ലേറെ ജീവനക്കാര്‍ക്ക് ഇതോടെ ജോലി നഷ്ടമാകും.
എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് പറയാനുള്ളത് വ്യക്തമായി കോടതിയെ ബോധിപ്പിക്കാനായില്ലെന്ന് ആരോപണമുണ്ട്. എംപാനല്‍ ജീവനക്കാര്‍ തൊഴിലാളി ക്ഷാമമുണ്ടാകുമ്പോള്‍ ദൈനം ദിന ജോലികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടി സജ്ജമാക്കിയവരാണ്. ഇവരെ സാധാരണ കരാര്‍ തൊഴിലാളികളുടെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവില്‍ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന് സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ കോടതി ഉത്തരവില്‍ നിന്ന് പിന്നാക്കം പോകാനുള്ള സാധ്യത കുറവാണ്. ജസ്റ്റിസ് ചിദംബരേഷും, ജസ്റ്റിസ് പിഷാരടിയും ചേര്‍ന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.