കണ്ടക്ടര്‍ പദവി വഹിക്കാന്‍ യോഗ്യത നേടി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി; തൊഴിലാളി ദിനത്തില്‍ കണ്ടക്ടറായി ജോലിയില്‍

കെഎസ്ആര്‍ടിസി ജീവനക്കാരെ തന്റെ മക്കളെന്ന് വിശേഷിപ്പിച്ച എംഡി ടോമിന്‍ തച്ചങ്കരിയ്ക്ക് അവസാനം കണ്ടക്ടര്‍ ലൈസന്‍സുമായി. തിങ്കളാഴ്ചയാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി തിരുവനന്തപുരം ആര്‍.ടി. ഓഫീസില്‍നിന്ന് കണ്ടക്ടര്‍ ലൈസന്‍സ് എടുത്തത്. മേധാവിയായതു മുതല്‍ തൊഴിലാളികളെ പ്രചോദിപ്പിച്ചും പ്രകോപിപ്പിച്ചും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ടോമിന്‍ തച്ചങ്കരി കണ്ടക്ടര്‍പണി എടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

ലോക തൊഴിലാളിദിനമായ മേയ് ഒന്നിന് തച്ചങ്കരി കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടക്ടറുടെ ജോലി ചെയ്യും. ചൊവ്വാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂര്‍ക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറില്‍ ഡി.ജി.പി. പദവിയിലുള്ള തച്ചങ്കരിയായിരിക്കും കണ്ടക്ടര്‍. കൊട്ടാരക്കര സ്റ്റാന്‍ഡില്‍ ഭക്ഷണത്തിനു നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍ക്കൊപ്പം പോയി ഭക്ഷണം കഴിക്കും. തിരുവല്ലയില്‍ ഡ്യൂട്ടി അവസാനിപ്പിച്ച് ഗാരേജില്‍ തൊഴിലാളികളുമായി സംവദിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡ്രൈവിംഗ് ലൈസന്‍സിനെന്നപോലെ ലേണേഴ്സ് ടെസ്റ്റിലും ശാരീരികക്ഷമതാ പരിശോധനയിലും തച്ചങ്കരി പങ്കെടുത്തു. ലേണേഴ്സ് ടെസ്റ്റിലെ 20 ചോദ്യങ്ങളില്‍ 19 എണ്ണത്തിന് തച്ചങ്കരി ശരിയുത്തരമെഴുതി. ഒരെണ്ണത്തിന് തെറ്റുത്തരമാണ് എഴുതിയത്. ബസില്‍ എത്ര യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാം എന്ന ചോദ്യത്തിന് 25 എന്നാണ് കെ.എസ്.ആര്‍.ടി.സി. മേധാവിയായ തച്ചങ്കരി ഉത്തരം നല്‍കിയത്.

യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാന്‍ പാടില്ല എന്നതാണ് ശരിയുത്തരം. മൂന്നുവര്‍ഷത്തേക്കുള്ള ലൈസന്‍സാണ് തച്ചങ്കരിക്കു ലഭിച്ചത്. പുതിയ കണ്ടക്ടര്‍ യൂണിഫോം തിങ്കളാഴ്ച തയ്പിച്ചു. കറന്‍സി നോട്ടുകള്‍ കൈവിരലുകള്‍ക്കിടയില്‍ തിരുകുന്ന കണ്ടക്ടര്‍വിദ്യ മാത്രം വശത്താക്കാനായില്ല. ബാക്കി എല്ലാം ഓക്കെയാണ്. തച്ചങ്കരി പറഞ്ഞു.

Top