കെഎസ്ആര്‍ടിസിയില്‍  കൂട്ടപ്പിരിച്ചുവിടല്‍; ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരെന്ന് എംഡിയുടെ വിശദീകരണം  

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കം 773 ജീവനക്കാരെ പിരിച്ചുവിട്ടതായിട്ടാണ് കെഎസ്ആര്‍ടിസി എംഡിയുടെ ഉത്തരവ്. സെപ്റ്റംബര്‍ ആദ്യം നൂറിലധികം എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. സര്‍വീസില്‍ പ്രവേശിച്ചിട്ട് ദീര്‍ഘകാലമായി ജോലിയ്ക്ക് വരാത്തവരും ദീര്‍ഘകാല അവധി കഴിഞ്ഞ് നിയമവിരുദ്ധമായി ജോലിയില്‍ പ്രവേശിക്കാത്തവരുമായ 773 ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പിരിച്ചുവിടുന്നതായിട്ടാണ് കെഎസ്ആര്‍ടിസി മാനെജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവ് വ്യക്തമാക്കുന്നത്. ഈ ജീവനക്കാര്‍ 2018 മേയ് 31നകം ജോലിയില്‍ തിരികെ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് 304 ഡ്രൈവര്‍മാരും 469 കണ്ടക്ടര്‍മാരുമടക്കം 773 പേരെ കോര്‍പ്പറേഷന്റെ സേവനങ്ങളില്‍ നിന്നും പിരിച്ചുവിടുന്നതായി അറിയിച്ചിരിക്കുന്നത്. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ എന്നീ വിഭാഗങ്ങളിലും ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്തവരുടെ കണക്കെടുപ്പ് നടത്തുകയാണെന്നും പിരിച്ചുവിടല്‍ ഉണ്ടാകുമെന്നുമാണ് വിവരങ്ങള്‍.

വരുമാനമില്ലാത്ത 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് 143 എം പാനല്‍ ജീവനക്കാരെ നേരത്തെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിരിച്ചുവിട്ട 143 ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യം പരിശോധിക്കാമെന്നും സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിലെ അപാകത പഠിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ അരങ്ങേറുന്നത്. ബസുകളുടെ ബോഡി നിര്‍മാണം പുറത്തുള്ള ഏജന്‍സിയെ ഏല്‍പിച്ചതോടെ ജോലിയില്ലാതായതുകൊണ്ടാണ് എംപാനല്‍ ജീവനക്കാരെ ഒഴിവാക്കുന്നതെന്നാണ് കെഎസ്ആര്‍ടിസി നേരത്തെ നല്‍കിയ വിശദീകരണം. പാപ്പനംകോട്, ആലുവ, എടപ്പാള്‍ ഉള്‍പ്പടെ ബോഡി ബില്‍ഡിങ് വര്‍ക്ക് ഷോപ്പുകളില്‍ ഉണ്ടായിരുന്ന 134 വെല്‍ഡിങ് ജോലിക്കാരെയും ഒന്‍പത് അപ്പോള്‍സ്റ്ററി ജോലിക്കാരെയുമാണ് സെപ്റ്റംബറില്‍ പിരിച്ചുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തുവര്‍ഷമായി ജോലി ചെയ്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരില്‍ യോഗ്യരായവരെ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും പുനര്‍ നിയമിക്കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. പക്ഷെ ഡ്രൈവറാകാന്‍ 99 ശതമാനം പേര്‍ക്കും ഹെവി ലൈസന്‍സില്ല. പിഎസ്സി അഡൈ്വസ് മെമ്മോ കിട്ടിയവരെപ്പോലും കണ്ടക്ടറായി നിയമിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവരെ കണ്ടക്ടറാക്കുകയും എളുപ്പമല്ല. സര്‍ക്കാരില്‍നിന്ന് ഇനി കാര്യമായ സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചെലവു കുറയ്ക്കാന്‍ കെഎസ്ആര്‍ടിസിയുടെ അറ്റകൈ പ്രയോഗം. നേരത്തെ ഡീസല്‍ ഉപയോഗം ഇരുപത് ശതമാനം കുറയ്ക്കുകയും പലയിടത്തും നാല്‍പതുശതമാനം വരെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.

Top