കെഎസ്ആര്‍ടിസി ബസിനെ  സ്‌നേഹിച്ച പെണ്‍കുട്ടി സിനിമയിലേക്കെന്ന് സൂചന; ഓഫറുകളുമായി സംവിധായകര്‍…

കെഎസ്ആര്‍ടിസി ബസിനോടുള്ള സ്‌നേഹം കൊണ്ട് തങ്ങളുടെ റൂട്ടിലോടുന്ന ബസ് തിരികെയെത്തിക്കാന്‍ ഉദ്യോഗസ്ഥരെ വിളിച്ച താരമായ കോട്ടയം സ്വദേശിനി റോസ്മിയ്ക്ക് സിനിമയില്‍ നിന്ന് ഓഫര്‍ ലഭിച്ചതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞദിവസം റോസ്മി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ അവസരം ലഭിച്ചെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍… എന്തിനാണ് ആ ബസ് ആലുവയിലേക്ക് കൊണ്ടുപോയത്. ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ എന്നു റോസ്മി ഫോണില്‍ നടത്തിയ അഭ്യര്‍ഥനയിലാണ് ബസ് ഈരാറ്റുപേട്ട ഗാരേജില്‍ നിലനിറുത്താനും ചങ്ക് എന്ന് ബസില്‍ എഴുതാനും കാരണമായത്. റോസ്മി കോട്ടയത്ത് സ്പീഡ് വിംഗ്‌സില്‍ അയാട്ട വിത്ത് ഏവിയേഷന്‍ കോഴ്‌സ് പഠിക്കുകയാണ്. കോളജിലേക്കുള്ള യാത്രയിലാണ് റോസ്മി ഈരാറ്റുപേട്ട ഡിപ്പോയുടെ ആര്‍എസ് സി 140 കോട്ടയം-കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസില്‍ യാത്ര ചെയ്തിരുന്നത്. രാവിലെ 8.50നു കൊട്ടാരമറ്റത്തുനിന്നോ പാലാ റിവര്‍വ്യു സ്റ്റോപ്പില്‍ നിന്നോ റോസ്മി ഇതേ ബസില്‍ മുടങ്ങാതെ കയറും.

കണ്ടക്ടറായിരുന്ന ഈരാറ്റുപേട്ട സ്വദേശി സമീറിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ ബസ് ആലുവയിലേക്ക് മാറ്റുകയാണെന്നു റോസ്മി അറിഞ്ഞത്. ബസ് കാണാതായതോടെ റോസ്മി ആലുവ ഡിപ്പോയിലേക്കു നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് വൈറലാകുകയായിരുന്നു. ഇതു കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ വാട്‌സ് ആപ്പില്‍ എത്തിയതോടെ ബസ് തിരികെ ഈരാറ്റുപേട്ട ഡിപ്പോയ്ക്കു തിരികെ നല്കി. പെണ്‍കുട്ടിയുടെ ഫോണ്‍വിളിക്കു മാന്യമായി മറുപടി നല്‍കിയ ആലുവ ഡിപ്പോയിലെ ജീവനക്കാരന്‍ ജോണിക്ക് അഭിനന്ദനക്കത്തും എംഡി അയച്ചു. കഴിഞ്ഞ ദിവസം ഈ ബസില്‍ ഹൃദയചിഹ്നം വരച്ച് ചങ്ക് എന്നെഴുതിയതും എംഡിയുടെ നിര്‍ദേശത്തിലാണ്. ഏതാണ് ഫോണ്‍ കോളിനു പിന്നിലെ പെണ്‍കുട്ടിയെന്ന് യാത്രക്കാര്‍ അന്വേഷിക്കുന്‌പോഴും ഒന്നും മിണ്ടാതെ അവരുടെ കമന്റുകള്‍ കേട്ടു രസിച്ച് റോസ്മി ഇതേ ബസില്‍ യാത്ര തുടരുകയും ചെയ്തു. അതേസമയം റോസ്മി കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യങ്ങളില്‍ മോഡലാണണെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top