ഓടുന്ന കെഎസ്ആർടിസി ബസിലെ പ്രണയ ലീലകൾ പരിധിവിട്ടു: യാത്രക്കാർ ഇടപെട്ടു; കമിതാക്കൾ പെരുവഴിയിലായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓടുന്ന കെഎസ്ആർടിസി ബസിലെ പ്രണയ ലീലകൾ അതിരുവിട്ടതോടെ യാത്രക്കാർ ഇടപെട്ടു. കമിതാക്കളെ അർധരാത്രി പെരുവഴിയിൽ ഇറക്കി വിട്ടു. പെൺകുട്ടിയെ അർധരാത്രി ഇറക്കി വിടുന്നതിൽ മനസലിവു തോന്നിയ യാത്രക്കാർ തിരികെ ബസിൽ വിളിച്ചു കയറ്റിയെങ്കിലും, രണ്ടു പേരെയും രണ്ടു സീറ്റിലിരുത്തി പ്രശ്‌നം പരിഹരിച്ചു.
കഴിഞ്ഞ ദിവസം അർധരാത്രി തിരുവനന്തപുരം – കോഴിക്കോട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലായിരുന്നു സംഭവങ്ങൾ. കോഴിക്കോട് സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥികളായ കമിതാക്കൾ തിരുവനന്തപുരത്തു നിന്നാണ് ബസിൽ കയറിയത്. രാത്രി എട്ടു മണിയോടെയാണ് ബസ് യാത്ര ആരംഭിച്ചത്. കൊല്ലം കഴിഞ്ഞപ്പോൾ മുതൽ ഇരുവരും പ്രണയ ലീലകൾ ആരംഭിച്ചിരുന്നു. പ്രണയ ലീലകൾ എല്ലാ പരിധികളും ലംഘിച്ചു പോകുകയും ചെയ്തു. ഇവർ ഇരുന്ന സീറ്റിന്റെ എതിർദിശയിൽ പെൺകുട്ടികൾ അടങ്ങുന്ന കുടുംബമാണ് ഇരുന്നിരുന്നത്.
എല്ലാ പരിധികളും ലംഘിച്ച് കമിതാക്കളുടെ പ്രണയ ലീലകൾ മുന്നേറിയതോടെ കുടുംബത്തിനും അസ്വസ്ഥത അനുഭവപ്പെട്ടു. കുടുംബത്തിലെ പെൺകുട്ടികൾ ഇവരുടെ ലീലകൾ കാണാതിരിക്കാൻ അമ്മയും അച്ഛനും പാടുപെടുകയും ചെയ്തു. ആലപ്പുഴ എത്തിയതോടെയാണ് കുടുംബവും മറ്റു യാത്രക്കാരും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. ഇത്തരത്തിൽ മുന്നോട്ടു പോകാനാവില്ലെന്നും ഇരുവരെയും റോഡിൽ ഇറക്കി വിടണമെന്നും യാത്രക്കാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നു രണ്ടു കിലോമീറ്ററോളം ദൂരം ഈ സമയം ബസ് മുന്നോട്ടു പോയിരുന്നു. യാത്രക്കാരുടെ എതിർപ്പ് ശക്തമായതോടെ ബസ് നിർത്തി ഇരുവരെയും റോഡിൽ ഇറക്കി വിട്ടു. എന്നാൽ, പെൺകുട്ടിയെ റോഡിൽ ഇറക്കി വിടുന്നതിന്റെ അനൗചിത്യം മനസിലാക്കിയ യാത്രക്കാർ ഇരുവരെയും തിരികെ ബസിൽ വിളിച്ചു കയറ്റി. തുടർന്നു രണ്ടു പേരെയും രണ്ടു സീറ്റിൽ ഇരുത്തിയാണ് യാത്ര തുടർന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top