തിരുവനന്തപുരം: നാളെ മുതല്‍ കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒക്ടോബര്‍ രണ്ടു മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു. സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ രാവിലെ മാനേജ്‌മെന്റുമായി ചര്‍ച്ചയുണ്ടെങ്കിലും, പ്രതീക്ഷയില്ലെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
തൊഴില്‍, ഗതാഗത വകുപ്പുകള്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നാണ് സമരസമിതിയുടെ ആക്ഷേപം. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഇന്നയിച്ച് നാളെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്.